ഈ ഫീച്ചറുള്ള കാറാണോ നോക്കുന്നേ? എന്നാൽ ഈ ബജറ്റിൽ ഇന്ത്യയിലുള്ളത് 7 എണ്ണം മാത്രം
ഇന്ത്യൻ വിപണിയിൽ ഏത് സെഗ്മെന്റിലും വിലയിലും ഇന്ന് അനവധി കാറുകളാണ് അണിനിരക്കുന്നത്. സേഫ്റ്റി, മൈലേജ് എന്നിവ കഴിഞ്ഞാൽ ഫീച്ചറുകളാൽ സമ്പന്നമായ വണ്ടികൾ വാങ്ങാനാണ് ആളുകൾക്ക് ഇന്നിഷ്‌ടം. കാലത്തിനൊത്ത മോഡേൺ സവിശേഷതകളുടെ കടന്നുവരവ് വാഹന വിപണിയുടെ മുഖംതന്നെ മാറ്റി മറിച്ചിട്ടുണ്ട്. സൺറൂഫ്, ടച്ച്സ്ക്രീൻ എന്നിവയെല്ലാം കഴിഞ്ഞ് ഇപ്പോൾ ഏറ്റവും ട്രെൻഡിംഗായി നിൽക്കുന്ന ഫീച്ചറാണ് ഡാഷ്ക്യാമുകളുടേത്.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഡാഷ്‌ക്യാം വളരെ ആവശ്യമുള്ള ഫീച്ചറുകളിൽ ഒന്നാണ്. അപകടങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നുമെല്ലാം രക്ഷപെട്ട് നമ്മുടെ നിരപരാധിത്തം തെളിയിക്കാൻ ഇതിൽ നിന്നുള്ള വിഷ്വലുകൾ പലപ്പോഴും ആളുകളെ സഹായിച്ചിട്ടുണ്ട്. സംഭവിച്ചതിന്റെ കൃത്യമായ റെക്കോർഡിംഗിനൊപ്പം വ്യക്തമായ തെളിവുകൾ നൽകുന്നതിലൂടെ പല സംഭവങ്ങളും കൈയോടെ പിടികൂടിയ അനവധി സാഹചര്യങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.

ഡാഷ്‌ക്യാമുകൾ ഘടിപ്പിച്ചിരിക്കുന്നത് കൊണ്ട് മോഷ്ടാക്കളേയും വാഹനം നശിപ്പിക്കുന്ന ചില സാമൂഹിക വിരുദ്ധരേയും കണ്ടുപിടിക്കാൻ കഴിയുമെന്നതിനാൽ ഇന്ന് ഈ ഫീച്ചർ ട്രെൻഡിംഗായി മാറുകയാണ്. ഇപ്പോൾ, ഹ്യുണ്ടായി, റെനോ, സ്‌കോഡ എന്നിവയുൾപ്പെടെ നിരവധി വാഹന നിർമാതാക്കൾ ചില മോഡലുകൾക്കൊപ്പം ഫാക്ടറി ഫിറ്റഡ് ഡാഷ്‌ക്യാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഫീച്ചറുള്ള കാറാണോ നോക്കുന്നതെങ്കിൽ അധിക മോഡലുകളൊന്നും ഇന്ത്യയിൽ ലഭ്യമല്ല. എന്നാൽ കുറഞ്ഞ ബജറ്റിൽ ഡാഷ്ക്യാം ഫീച്ചറുള്ള വാഹനങ്ങൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?
ഹ്യുണ്ടായി എക്സ്റ്റർ: ഡാഷ്ക്യാമിനെ ബജറ്റ് സെഗ്മെന്റിലേക്ക് കൊണ്ടുവന്ന മോഡലാണ് ഹ്യുണ്ടായിയുടെ ഈ മൈക്രോ എസ്‌യുവി. ജൂലൈയിൽ എക്‌സ്‌റ്റർ പുറത്തിറക്കിയതോടെയാണ് ട്രെൻഡ് ആരംഭിച്ചതെന്നും പറയാം. മുന്നിലുള്ള കാഴ്ച്ചയും ക്യാബിനും ക്യാപ്‌ചർ ചെയ്യുന്നതിനുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിലെ ഡാഷ്ക്യാം വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ 9.32 ലക്ഷം രൂപ മുതൽ 10.10 ലക്ഷം രൂപ വരെ വിലയുള്ള എക്സ്റ്ററിന്റെ ടോപ്പ്-എൻഡ് SX(O) കണക്ട് വേരിയന്റിൽ മാത്രമാണ് ഫീച്ചർ ലഭ്യമാവുക.

റെനോ ട്രൈബർ: ഈയടുത്ത് ഉത്സവ സീസണോട് അനുബന്ധിച്ച് റെനോ ട്രൈബറിൽ അവതരിപ്പിച്ച 'അർബൻ നൈറ്റ്' എഡിഷനാണ് ഡാഷ്ക്യാം ഫീച്ചർ നൽകുന്ന മറ്റൊരു വാഹനം. 9.66 ഇഞ്ച് സ്മാർട്ട് വ്യൂ മോണിറ്ററിലൂടെയാണ് ഈ സവിശേഷത കമ്പനി ഒരുക്കിയിരിക്കുന്നത്. ക്രമീകരിക്കാവുന്ന ആംഗിളുകളുള്ള ഒരു ഇന്റീരിയർ റിയർ-വ്യൂ മിററായി (IRVM) പ്രവർത്തിക്കുന്നതിനു പുറമെയാണ് ഫ്രണ്ട്, റിയർ ക്യാമറകളുള്ള ഒരു ഡാഷ്‌ക്യാമായി ഇത് ഉപയോഗിക്കാനാവുന്നത്.
കൂടാതെ, റെനോ ട്രൈബർ അർബൻ നൈറ്റ് എഡിഷൻ വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി കൊണ്ട് സജ്ജീകരിച്ചിരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് റെക്കോർഡുചെയ്‌ത വീഡിയോ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ട്രൈബറിന്റെ ഈ സ്പെഷ്യൽ എഡിഷൻ അതിന്റെ ടോപ്പ് എൻഡ് RXZ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ എംപിവിയുടെ ഈ അധിക വേരിയന്റിന് 14,999 രൂപ അധികം നൽകേണ്ടി വരും. റെനോ ട്രൈബർ അർബൻ ബ്ലാക്ക് എഡിഷന്റെ 300 യൂണിറ്റുകൾ മാത്രമേ ഇന്ത്യയിൽ വിൽക്കൂ.

റെനോ കൈഗർ: ട്രൈബറിന് സമാനമായി റെനോ കൈഗറിലേക്കും അർബൻ നൈറ്റ് എഡിഷൻ അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് വ്യൂ മോണിറ്ററിലൂടെ ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാമായി ഉപയോഗിക്കാനാവുന്നതിനാൽ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വേറിട്ടു നിൽക്കുന്നുണ്ട്. എസ്‌യുവിയുടെ RXZ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഈ അധിക ഫീച്ചർ ലഭിക്കുന്ന വകഭേദത്തിന് 14,999 രൂപ കൂടുതലായി നൽകണം. റെനോ എംപിവി പോലെ, കൈഗറിന്റെ മോഡലും 300 യൂണിറ്റുകളിൽ മാത്രമേ വിപണനത്തിനെത്തൂ.
ഹ്യുണ്ടായി വെന്യു: വെന്യുവിന്റെ പുതിയ നൈറ്റ് എഡിഷനിലാണ് ഡാഷ്ക്യാം ഫീച്ചർ കമ്പനി നൽകുന്നത്. പൂർണമായും കറുപ്പിലൊരുങ്ങിയ ഈ മോഡലിൽ ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം സെറ്റപ്പാണ് ഒരുക്കിയിട്ടുള്ളത്. എസ്‌യുവിയുടെ സ്‌പോർട്ടിയർ പതിപ്പായ വെന്യു N ലൈനിന്റെ N6 ട്രിമ്മിലും ഈ സവിശേഷത ലഭിക്കും. നൈറ്റ് എഡിഷന് 10 മുതൽ 13.48 ലക്ഷം രൂപ വരെയും N ലൈനിന്റെ N6 വേരിയന്റിന് 12 മുതൽ 12.82 ലക്ഷം രൂപ വരെയുമാണ് വില.

സ്കോഡ സ്ലാവിയ: അടുത്തിടെ സ്ലാവിയയുടെ കൂടുതൽ താങ്ങാനാവുന്ന 'ആംബിഷൻ പ്ലസ്' മിഡ്-സ്പെക് വേരിയന്റ് സ്‌കോഡ അവതരിപ്പിച്ചു. ചെറിയ ചില കോസ്മെറ്റിക് മാറ്റങ്ങൾക്കൊപ്പം ഈ സ്ലാവിയ വേരിയന്റിന് ഒരു ബിൽറ്റ്-ഇൻ ഡാഷ്‌ക്യാമും ലഭിച്ചു. പക്ഷേ ഡ്യുവൽ-ക്യാമറ സജ്ജീകരണത്തിന് പകരം സംഗിൾ ക്യാമറ ഉപയോഗിച്ച് പുറംകാഴ്ച്ച മാത്രമാണ് ഇതിൽ റെക്കോർഡ് ചെയ്യാനാവുക. ആംബിഷൻ പ്ലസ് വേരിയന്റിന് 12.49 ലക്ഷം മുതൽ 13.79 ലക്ഷം രൂപ വരെയാണ് വില വരുന്നത്.
ഹ്യുണ്ടായി ക്രെറ്റ: രാജ്യത്തെ ടോപ്പ് സെല്ലിംഗ് എസ്‌യുവിയായ ക്രെറ്റയുടെ അഡ്വഞ്ചർ എഡിഷനിലാണ് കമ്പനി പുതുതായി ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വ്യത്യസ്‌തമായ പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഷേഡുകൾക്ക് പുറമേ ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം സവിശേഷതയും വാഹനത്തിലേക്ക് എത്തി. 15.17 ലക്ഷം മുതൽ 17.89 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ ഈ സ്പെഷ്യൽ എഡിഷൻ മോഡലിനായി മുടക്കേണ്ടി വരുന്നത്.

ഹ്യുണ്ടായി അൽകസാർ: ക്രെറ്റയ്ക്ക് സമാനമായി, അൽകാസറിനും പ്രത്യേക 'അഡ്വഞ്ചർ' എഡിഷൻ ഉത്സവ സീസണിനോട് അനുബന്ധിച്ച് ലഭിച്ചിട്ടുണ്ട്. അതിൽ ഒരു അധിക ഫീച്ചറായി ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം ഉൾപ്പെടുന്നു. ഈ പതിപ്പ് അൽകാസറിന്റെ മിഡ്-സ്പെക്ക് പ്ലാറ്റിനം, ടോപ്പ് സിഗ്നേച്ചർ (O) വേരിയന്റുകൾക്ക് ലഭ്യമാണ്. വില 19.04 ലക്ഷം മുതൽ 21.24 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരുന്നത്.


Click it and Unblock the Notifications








