Genesis: ഞാനായിട്ട് മാറിനിൽക്കുന്നില്ല! ഹ്യുണ്ടായിയുടെ ലക്ഷ്വറി ബ്രാൻഡും ഇന്ത്യയിലേക്ക്
ലക്ഷ്വറി കാറുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന പരിഗണന കണ്ട് കണ്ണുതള്ളിയവരാണ് പല വിദേശ കമ്പനികളും. കൊവിഡിന് ശേഷം ആഡംബര വാഹന വിപണി കുതിക്കുകയാണ്. ആഡംബര കാറുകള്‍ക്കും പെര്‍ഫോമന്‍സ് കാറുകള്‍ക്കും ഒരുപോലെ മികച്ച വിപണിയായി രാജ്യവും നമ്മുടെ കൊച്ചു കേരളും മാറികഴിഞ്ഞതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ആഡംബര വാഹനങ്ങളെന്ന് കേൾക്കുമ്പോൾ തന്നെ ബെൻസിന്റെ പേരാണ് ആദ്യം മനസിലേക്ക് ഓടിയെത്തുന്നതെങ്കിലും ഔഡി, ബിഎംഡബ്ലു, ലെക്‌സസ്, ജാഗ്വർ പോലുള്ള അനേകം ബ്രാൻഡുകൾക്ക് പുറമെ സൂപ്പർ പ്രീമിയം ബ്രാൻഡുകളായ ലംബോർഗിനി, ഫെറാറി, ബെന്റ്ലി, റോൾസ് റോയ്സ് എന്നിവയും നമ്മുടെ നിരത്തുകളിൽ സ്ഥാനം ഉറപ്പിച്ചവരാണ്. ലക്ഷ്വറി വാഹനങ്ങൾ വാങ്ങുന്നവരിൽ കൂടുതലും സിനിമാ താരങ്ങളാണെങ്കിലും വലിയ ബിസിനസുകാരും കോർപറേറ്റ് എക്സിക്യൂട്ടിവുകളും പ്രഫഷനലുകളുമെല്ലാം ഇത്തരം മോഡലുകൾ വാങ്ങിക്കൂട്ടുന്നവരാണ്.

ലക്ഷ്വറി കാർ ബ്രാൻഡുകളുടെ കാര്യം വരുമ്പോൾ ജർമൻ, ഇറ്റാലിയൻ ബ്രാൻഡുകളാണ് ആദ്യം ഓർമ വരുന്നതെങ്കിലും നമ്മുടെ സ്വന്തം ഹ്യുണ്ടായിക്കും ഒരു ആഡംബര വാഹന വിഭാഗമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. 2015-ലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ജെനസിസ് എന്ന ലക്ഷ്വറി വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ അരങ്ങേറിയിട്ടില്ലെങ്കിലും വിദേശത്ത് സംഭവം വൻഹിറ്റാണ്. ഈ കമ്പനി അധികം വൈകാതെ തന്നെ നമ്മുടെ നിരത്തുകളിലും കുതിച്ചുപായാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
ഹ്യുണ്ടായിയുടെ ആഡംബര വിഭാഗമായ ജെനസിസിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വർഷങ്ങളായി എയറിലുണ്ട്. എന്നാൽ ഇതൊന്നും ഇതുവരെ യാഥാർഥ്യമായില്ലെന്നു വേണം പറയാൻ. എന്നാൽ ഇത്തവണ ബ്രാൻഡിന്റെ അരങ്ങേറ്റം നടക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. അതിന്റെ ഭാഗമായി ഹ്യുണ്ടായി ഇന്ത്യ ജെനസിസ് ബ്രാൻഡഡ് മോഡലുകളെ തങ്ങളുടെ നിർമാണ കേന്ദ്രങ്ങളിൽ പ്രാദേശികമായി അസംബ്ലി ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഒരു ദേശീയ മാധ്യമമാണ് ഇതിനെ സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ഈ നീക്കം മോഡലുകൾക്ക് മത്സരാധിഷ്ഠിത വില നൽകാൻ ഹ്യുണ്ടായിയെ സഹായിക്കും. രാജ്യത്ത് മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലെക്‌സസ്, ജാഗ്വാർ ലാൻഡ് റോവർ, വോൾവോ എന്നീ കാറുകളെയാണ് ജെനസിസ് നിര നേരിടുക. മൂന്ന് ജർമൻ ബ്രാൻഡുകളും അവരുടെ പ്രാദേശിക അസംബ്ലി പ്രവർത്തനങ്ങൾ കാരണം ആഭ്യന്തര വിപണിയിൽ വിജയം കൈവരിച്ചത്. ഇതേ തന്ത്രം പയറ്റാനാണ് ദക്ഷിണ കൊറിക്കാരുടേയും പദ്ധതി.
ഇത്തരത്തിൽ പ്രാദേശികമായി അസംബിൾ ചെയ്താൽ ഉൽപ്പന്നങ്ങൾ പൂർണമായി ഇറക്കുമതി ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഉയർന്ന നികുതിയിൽ നിന്നും ഒഴിവാകാം. താരതമ്യേന പുതിയ ആഡംബര ബ്രാൻഡാണെങ്കിലും ഹ്യുണ്ടായിയുടെ പാരമ്പര്യവും സ്വീകാര്യതയും വിപണിയിൽ ചുവടുറപ്പിക്കാൻ ജെനസിസിനെ സഹായിക്കും. കൊവിഡിന് ശേഷമുള്ള വിപണിയിലെ അനിശ്ചിതത്വങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവ കാരണം ജെനസിസ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഹ്യുണ്ടായിയുടെ പദ്ധതികൾ വൈകിയത്.

എന്നാൽ ഇപ്പോൾ ആഡംബര ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിച്ചുകൊണ്ടിരിക്കുകയാണെന്ന ഘടകം ബ്രാൻഡിന് തള്ളിക്കളയാനാവില്ല. ഇന്ത്യയിലെ ആഡംബര കാറുകളുടെ വിപണി 2023-ൽ റെക്കോർഡ് നിലവാരത്തിലെത്തുകയാണ്. ആയതിനാൽ ഇതുതന്നെയാണ് കൃത്യസമയമെന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾക്ക് മനസിലായിട്ടുണ്ട്. കൂടാതെ ബ്രാൻഡിന്റെ പ്രീമിയം കാറുകൾക്ക് രാജ്യത്ത് ആവശ്യക്കാരുമുണ്ട്. ട്യൂസോണിന്റെയെല്ലാം വിജയം അതിന് ഒരു ഉദാഹരണം മാത്രമാണ്.
2015-ന്റെ അവസാനത്തിലാണ് ഒരു സ്വതന്ത്ര ആഡംബര വാഹന നിർമാതാക്കളായി ജെനസിസ് ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും 2017-ൽ അതിന്റെ ആദ്യത്തെ മോഡലായ G90 പുറത്തിറക്കുകയും ചെയ്യുന്നത്. പിന്നീട് GV70, GV80, GV70 ഇലക്ട്രിക് പതിപ്പ് എന്നിവ പുറത്തിറക്കി കമ്പനി ഹിറ്റടിക്കുകയും ചെയ്‌തു. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ ഏത് വാഹനം ആദ്യം പുറത്തിറക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ അടുത്തിടെ GV80 ലക്ഷ്വറി എസ്‌യുവി രാജ്യത്ത് പരീക്ഷണയോട്ടം നടത്തിയിരുന്നു.

304 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.5 ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോളും 278 bhp പവറുള്ള 3.0 ലിറ്റർ V6 ടർബോ ഡീസലുമാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ ഹൃദയം. സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ മോഡലിന്റെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. മെർസിഡീസ് ബെൻസ് GLE, ഔഡി Q7, ബിഎംഡബ്ല്യു X5, വോൾവോ XC90 എന്നിവയുമായാവും ജെനസിസ് GV80 മാറ്റുരയ്ക്കുക.


Click it and Unblock the Notifications








