അഡാറ് സേഫ്റ്റി, ഉഗ്രൻ ഫീച്ചറുകൾ, ഗംഭീര മൈലേജ്; 6.99 ലക്ഷത്തിന് പുതിയ ഹ്യുണ്ടായി i20, ബലേനോ സൈഡായിക്കോ
പ്രീമിയം ഹാച്ച്ബാക്കുകൾ എന്താണെന്ന് ഇന്ത്യക്കാർക്ക് കാട്ടിത്തന്നവരാണ് ഹ്യുണ്ടായി. കുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളും അത്യുഗ്രൻ പെർഫോമൻസുമായി കളംനിറഞ്ഞ i20 എന്ന തട്ടുപൊളിപ്പൻ കാറിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ആദ്യ തലമുറയുണ്ടാക്കിയെടുത്ത ഓളം വെറെ ലെവലായത് രണ്ടാംതലമുറ എത്തിയപ്പോഴാണ്. അന്നുമുതൽ ഹ്യുണ്ടായി ഷോറൂമുകൾ നിറഞ്ഞത് ഇവനെ സ്വന്തമാക്കാനായിരുന്നു.
ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിൽ പുറത്തിറക്കുന്ന ഹ്യുണ്ടായി i20 ഹാച്ചിന് പുത്തനൊരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ സമ്മാനിച്ചിരിക്കുകയാണ് കമ്പനി. പുതുക്കിയ മോഡലിന്റെ അവതരണത്തിലൂടെ വരാനിരിക്കുന്ന 2023 ഉത്സവ സീസണ്‍ കളറാക്കാനാണ് ഈ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ലക്ഷ്യം. സെഗ്മെന്റിലെ ശക്തൻമാരായ മാരുതി ബലേനോയോടും ടാറ്റ ആൾട്രോസിനോടും മല്ലിടാൻ പുതിയ മുഖംമിനുക്കൽ കമ്പനിയെ സഹായിക്കുമെന്ന് ഉറപ്പാണ്.

പുതിയ ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന് ഇന്ത്യയിൽ 6.99 ലക്ഷം രൂപ മുതൽ 11.01 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വിലയുടെ കാര്യം വരുമ്പോൾ ബലേനോയ്ക്കും ആൾട്രോസിനും പുറമെ മൈക്രോ, കോംപാക്‌ട് എസ്‌യുവികളിൽ നിന്നുമുള്ള വെല്ലുവിളിയും ഈ പ്രീമിയം ഹാച്ച്ബാക്ക് ഏറ്റെടുക്കേണ്ടതുണ്ട്. അതിനായുള്ള എല്ലാത്തരം ചേരുവകളും ചേർത്താണ് ഹ്യുണ്ടായി പുത്തൻ പതിപ്പിനെ പണിതിറക്കിയിരിക്കുന്നത്. അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങളാണ് i20 ഫെയ്‌സ്‌ലിഫ്റ്റിന് സമ്മാനിച്ചിരിക്കുന്നത്.
കോസ്മെറ്റിക് മാറ്റങ്ങൾക്കൊപ്പം ഫീച്ചർ അപ്ഡേറ്റും ഒപ്പം സേഫ്റ്റിയിലും കൂടുതൽ മിടുക്കനാവാൻ പുതിയ 2023 ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റ് ശ്രമിച്ചിട്ടുണ്ട്. കൂടാതെ ടർബോ-പെട്രോൾ എഞ്ചിനും പ്രീമിയം ഹാച്ചിൽ നിന്നും നിർത്തലാക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് പെർഫോമൻസ് ഡ്രൈവിംഗ് പ്രേമികളെ നിരാശരാക്കുന്ന കാര്യമാണ്. എങ്കിലും ഡിമാന്റ് കുറഞ്ഞതാണ് നിർത്തലാക്കാൻ കാരണമായതെന്നാണ് നിഗമനം. ഇതിന് പകരം 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വരെയുള്ള എക്സ്റ്റൻഡഡ് വാറണ്ടി ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിസൈനിലെ മാറ്റങ്ങളിലേക്ക് ആദ്യം വരാം. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും കൂടുതൽ പ്രമുഖമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, പുതുക്കിയ പിൻഭാഗം, പരിഷ്‌ക്കരിച്ച പാരാമെട്രിക് ഗ്രിൽ സെക്ഷൻ എന്നിവയുമായാണ് പുത്തൻ ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് കടന്നുവരുന്നത്. ഒറുതരത്തിൽ പുത്തൻ വെർണ സെഡാനുമായി അതിന്റെ മുൻവശത്തിന് സാമ്യമുണ്ടെന്ന് തോന്നിയാലും തെറ്റുപറയാനാവില്ല.
ഇതെല്ലാമാണ് വാഹനത്തിന്റെ എക്സ്റ്റീരിയറിൽ വന്നിരിക്കുന്ന മാറ്റങ്ങൾ. ഇനി അകത്തേക്ക് കയറിയാൽ 23-ലധികം പുതിയ ഫീച്ചറുകളുമായാണ് 2023 i20 ഫെയ്‌സ്‌ലിഫ്റ്റ് വരുന്നതെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്റീരിയറിൽ പുതിയ ടു-ടോൺ ഗ്രേ, ബ്ലാക്ക് തീമിലാണ് ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം സെമി-ലെതറെറ്റ് സീറ്റ് ഡിസൈനും ഡോർ ആംറെസ്റ്റിലേക്കുള്ള ലെതറെറ്റ് ആപ്ലിക്കേഷനും ഹാച്ച്ബാക്കിന്റെ പ്രീമിയം ആകർഷണം ഉയർത്തുന്നുമുണ്ട്.

പുതിയ ഡി-കട്ട് സ്റ്റിയറിംഗ് വീൽ, 7-സ്പീക്കർ ബോസ് ഓഡിയോ, ടൈപ്പ്-സി യുഎസ്ബി ചാർജർ എന്നിവയാണ് ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തെ മറ്റ് ഹൈലൈറ്റുകൾ. ആറ് സിംഗിൾ-ടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിൽ ഈ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏഴ് സൗണ്ട്‌സ്‌കേപ്പുകൾ, ബർഗ്ലർ അലാറം, എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), റിവേഴ്‌സ് പാർക്കിംഗ് ക്യാമറ പോലുള്ള ഫീച്ചറുകളും വണ്ടിക്ക് പ്രീമിയം ടച്ച് നൽകുന്നു.
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഹൈലൈൻ, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, 60+ കണക്റ്റഡ് കാർ സവിശേഷതകൾ, 127 എംബഡഡ് VR കമാൻഡുകൾ, 52 ഹിംഗ്ലീഷ് വോയ്‌സ് കമാൻഡുകൾ, OTR (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ, 10 പ്രാദേശിക, 2 അന്തർദേശീയ ഭാഷകൾ ഉൾക്കൊള്ളുന്ന ബഹുഭാഷാ യുഐ സപ്പോർട്ട് എന്നിവയുടെ അകമ്പടിയും പുതിയ i20 പ്രീമിയം ബാച്ച്ബാക്കിൽ ഹ്യുണ്ടായി അണിനിരത്തുന്നുണ്ട്.

സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കൾ i20 ഫെയ്‌സ്‌ലിഫ്റ്റിൽ 40-ലധികം സേഫ്റ്റി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. അവയിൽ 26 എണ്ണം സ്റ്റാൻഡേർഡായാണ് നൽകുന്നത്. സുരക്ഷാ സാങ്കേതികവിദ്യയിൽ പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കി കാറിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ സ്റ്റാൻഡേർഡായി ഒരുക്കി.
എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ മാനുവൽ ട്രാൻസ്മിഷനിൽ 82 bhp പവറും ഐവിടി ഓട്ടോമാറ്റിക്കിൽ 86 bhp കരുത്തും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിനുള്ളത്. എഞ്ചിൻ ഇപ്പോൾ ഐഡിൾ സ്റ്റോപ്പ് ആൻഡ് ഗോ (ISG) ഫീച്ചറുമായാണ് വരുന്നത്. ഇത് മൈലേജ് വർധിപ്പിക്കാൻ സഹായിക്കും. ബലേനോ പോലെ ഇനി i20-യും ഒരൊറ്റ എഞ്ചിനിലായിരിക്കും സ്വന്തമാക്കാനാവുക. ഇത് ആൾട്രോസിന് മൈലേജാവുമോ എന്നത് കണ്ടറിയാം.


Click it and Unblock the Notifications