പേരിനൊപ്പം ഇനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും; ലെവലറിയിച്ച് അയോണിക് 5
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. ഇടയ്ക്ക് ടാറ്റ മോട്ടോർസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗിയർ ഷിഫ്റ്റ് ചെയ്‌ത് ദക്ഷിണ കൊറിയൻ ബ്രാൻഡ് മുന്നിൽ വീണ്ടും ഓടിക്കയറാറുണ്ട്. അടുത്തിടെ വെർണയുടെ പുതുതലമുറ ആവർത്തനം പുറത്തിറക്കിയാണ് ബ്രാൻഡ് വാർത്തകളിൽ നിറഞ്ഞു നിന്നത്.
രാജ്യത്ത് ഇലക്‌ട്രിക് വാഹന വിപ്ലവം ഈ നിലയിൽ എത്തിച്ചത് മറ്റ് കമ്പനികളാണെങ്കിലും വൈദ്യുത വാഹനങ്ങൾക്ക് ഹരിശ്രീ കുറിച്ചത് കോന ഇവിയിലൂടെ ഹ്യുണ്ടായി ആയിരുന്നു. പിന്നീട് പുതിയ മോഡലുകളൊന്നും അതിവേഗം പുറത്തിറക്കാനും കമ്പനി തിരക്കുകൂട്ടിയില്ല. നിരത്തിലെ ട്രെൻഡ് മനസിലാക്കി കളിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിട്ടത്. അങ്ങനെയാണ് അയോണിക് 5 എന്ന പ്രീമിയം വാഹനത്തെ ഇന്ത്യക്കായി സമ്മാനിക്കുന്നത്.

ഹ്യുണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് അയോണിക് 5. കമ്പനി പ്രതീക്ഷിച്ചതിലും ഇരട്ടി ബുക്കിംഗുമായി സംഭവം ഹിറ്റാവുകയും ചെയ്‌തു. എന്നാൽ വാഹനത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങൾ കണ്ടുമടങ്ങാനും ഒരു യാത്രക്ക് ഹ്യുണ്ടായി തുടക്കമിട്ടിരുന്നു. ഇന്ത്യയിലെ 7 അത്ഭുതങ്ങൾ സന്ദർശിക്കുന്നതിനൊപ്പം ഇവി ഈ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങുന്ന ഏറ്റവും വേഗയേറിയ ഇവി ഡ്രൈവ് എന്ന റെക്കോർഡും ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.
7 അത്ഭുതങ്ങൾ കണ്ട് മടങ്ങുന്ന ഏറ്റവും വേഗതയേറിയ ഇവി എന്ന നിലയിലാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. രാജ്യത്തെ എല്ലാ അത്ഭുതങ്ങളും ഉൾക്കൊള്ളുന്ന 'ഫാസ്റ്റസ്റ്റ് ഇവി ഡ്രൈവ്' എന്ന തലക്കെട്ടോടെയാണ് ഇലക്ട്രിക് എസ്‌യുവിക്ക് അവാർഡ് ലഭിച്ചത്. പഞ്ചാബിലെ അമൃത്‌സറിലെ സുവർണ ക്ഷേത്രം ആദ്യം പിന്നിട്ട മോഡൽ തുടർന്ന് ഉത്തർപ്രദേശിലെ താജ്മഹൽ, ഖജുരാഹോയിലെ ക്ഷേത്രങ്ങൾ, നളന്ദയുടെ പുരാതന അവശിഷ്ടങ്ങൾ, കൊണാർക്ക് സൂര്യക്ഷേത്രം, ഹംപി, ഗോമതേശ്വര പ്രതിമ എന്നിവയും സന്ദർശിച്ചാണ് മടങ്ങിയത്.

നവംബറിലാണ് അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ റെക്കോർഡ് റൺ ഹ്യുണ്ടായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. നവംബർ 18-ന് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കാർ നിർമാതാക്കളുടെ കോർപ്പറേറ്റ് ആസ്ഥാനത്ത് നിന്നാണ് ആരംഭിച്ചത്. അമൃത്‌സറിലെ ഗോൾഡൻ ടെമ്പിൾ, താജ്മഹൽ, ഖജുരാഹോയിലെ ക്ഷേത്രങ്ങൾ, നളന്ദയുടെ പുരാതന അവശിഷ്ടങ്ങൾ, കൊണാർക്ക് സൂര്യക്ഷേത്രം, ഹംപി, ഗോമതേശ്വര തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ അത്ഭുതങ്ങൾ അയോണിക് 5 പര്യവേക്ഷണം ചെയ്തു.
ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിലൂടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. 44.95 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 631 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കോനയില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമായ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് എസ്‌യുവി ഒരുക്കിയിട്ടുള്ളത്.

ആധുനികവും റെട്രോ ഘടകങ്ങളും ഇടകലർത്തിയാണ് അയോണിക് 5 ഇവിയുടെ ഡിസൈൻ പണികഴിപ്പിച്ചിരിക്കുന്നത്. മുൻവശത്ത് പാരാമെട്രിക് പിക്‌സൽ എൽഇഡി ഹെഡ്‌ലാമ്പുകളും ക്ലാംഷെൽ ബോണറ്റും, ഓട്ടോ-ഫ്ലഷ് ഡോർ ഹാൻഡിലുകളും വശങ്ങളിൽ സജീവമായ എയ്‌റോ അലോയ് വീലുകളും പിന്നിൽ പാരാമെട്രിക് പിക്‌സൽ എൽഇഡി ടെയിൽലൈറ്റുകളും പ്രത്യേക ഫീലാണ് കാഴ്ച്ചയിൽ നൽകുന്നത്. അകത്തളവും പരമ്പരാഗത കാറുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്. ലോഗോ നല്‍കിയിട്ടില്ലാത്ത സ്റ്റിയറിങ്ങ് വീലും കാര്യങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്.
സെന്റര്‍ കണ്‍സോള്‍ സംവിധാനം പൂർണമായും ഒഴിവാക്കി. 12.3 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇന്റീരിയർ വരുന്നത്. മറ്റ് ഇലക്ട്രിക് കാറുകൾക്കോ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും ചാർജറായി ഇരട്ടിയാക്കാൻ സഹായിക്കുന്ന V2L അല്ലെങ്കിൽ വെഹിക്കിൾ ടു ലോഡ് സാങ്കേതികവിദ്യയും അയോണിക് 5 വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയം തന്നെ.

4,635 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,625 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസുമുള്ളതിനാൽ ആവശ്യത്തിന് സ്ഥലം അകത്തളത്തിലുണ്ട്. 72.6 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഹൃദയം. ARAI സർട്ടിഫിക്കേഷൻ അനുസരിച്ച് ഒറ്റ ചാർജിൽ 630 കിലോമീറ്ററിലധികം ഓടാൻ ഈ ബാറ്ററി ഇലക്ട്രിക് കാറിനെ സഹായിക്കുന്നു. സിംഗിൾ പിഎംഎസ് ഇലക്ട്രിക് മോട്ടോറിന് 214 bhp പരമാവധി കരുത്തിൽ 350 Nm torque വരെ നിർമിക്കാനും കഴിയും.
350 kW DC ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ അയോണിക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നത് വാഹനത്തിന് മികച്ചൊരു പരസ്യമായിരിക്കും നൽകുക. ഇത് കൂടുതൽ ആളുകളിലേക്ക് വാഹനത്തെ അടുപ്പിക്കാനും സഹായിക്കും. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ഇവി ഭാവിയിൽ ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള ഒരുക്കങ്ങളും ഹ്യുണ്ടായി ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








