ഫീച്ചറുകളുടെ കാര്യത്തിൽ ഇനി അത്ര റിച്ചല്ല, i20 ഹാച്ചിൽ വെട്ടിനിരത്തലുമായി ഹ്യുണ്ടായി
പ്രീമിയം ഹാച്ച്ബാക്കുകളെ ഇന്ത്യയിൽ ജനപ്രിയമാക്കിയ മോഡലാണ് ഹ്യുണ്ടായിയുടെ i20. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഹാച്ച്ബാക്ക് മോഡലുകൾക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്ന കാലത്ത് വിപണിയിലെത്തി തരംഗമായ i20 ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിലാണ് നിരത്തിലോടുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലായാലും ഡിസൈനിന്റെ കാര്യത്തിലായാലും വലിയൊരു വിപ്ലവമാണ് i20 സൃഷ്‌ടിച്ചെടുത്തിരിക്കുന്നത്. മുൻ തലമുറകളുടെ വിജയ വഴി പിന്തുടരുകയാണ് ഇപ്പോൾ മൂന്നാംതലമുറ മോഡലും. അടുത്തിടെ ബിഎസ്-VI മലിനീകരണ ചട്ടങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായും RDE എഞ്ചിനുമായി വാഹനം വിപണിയിൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതോടൊപ്പം ചില അധിക സവിശേഷതകളും കൂട്ടിയോജിപ്പിച്ചാണ് കാറിനെ പുറത്തിറക്കിയത്. മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ, ആസ്റ്റ (O) എന്നിങ്ങനെ നാല് വേരിയന്റ് ഓപ്ഷനുകളിലാണ് i20 ഇപ്പോൾ ലഭ്യമാകുന്നത്.

വേരിയന്റ് നിരയിൽ ചില വെട്ടിനിരത്തലുകളുമായി ഹ്യുണ്ടായി വീണ്ടുമെത്തിയിരിക്കുകയാണ്. i20-യുടെ ഫീച്ചറുകളുടെ കാര്യത്തിലാണ് കമ്പനി ഒഴിവാക്കലുമായി രംഗത്തെത്തിയിരിക്കുന്നത്. ബേസ് വേരിയന്റായ മാഗ്നയ്ക്ക് ഫീച്ചറുകളുടെ കാര്യത്തിൽ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. അതേസമയം സ്‌പോർട്‌സ് വേരിയന്റിന് മാനുവൽ ഗിയർബോക്‌സ് പതിപ്പിൽ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നീക്കം ചെയ്‌തു. ഇതിന് പകരമായി കാറിൽ ഹ്യുണ്ടായി ഇപ്പോൾ ക്രൂയിസ് കൺട്രോൾ ലഭ്യമാക്കിയിട്ടുണ്ട്.
i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ആസ്റ്റ വേരിയന്റിൽ കാര്യമായ വെട്ടിനിരത്തലുകളാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കാളായ ഹ്യുണ്ടായി നടപ്പിലാക്കിയിരിക്കുന്നത്. ബ്രാൻഡ് ESC, HAC, ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ റിയർ വ്യൂ മിറർ, റെഡ് ഇൻസേർട്ട് ഇന്റീരിയർ തീം ഉള്ള ബ്ലാക്ക്-റെഡ് സ്റ്റിച്ചിംഗ് ഉള്ള ഫാബ്രിക് അപ്ഹോൾസ്റ്ററി, മെറ്റൽ പെഡലുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഈ പതിപ്പിൽ നിന്നും ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.

പുതിയ മലിനീകരണ ചട്ടങ്ങളുടെ ഭാഗമായി ഹ്യുണ്ടായി കാറിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും 1.0 ലിറ്റർ ടർബോ-പെട്രോൾ iMT വേരിയന്റുകളും വരെ നിർത്തലാക്കുകയുണ്ടായി. ഹ്യുണ്ടായി ഇപ്പോൾ നടപ്പിലാക്കിയ ഈ പരിഷ്ക്കാരങ്ങൾ ഇടയ്ക്കിടെ പല കമ്പനികളും തങ്ങളുടെ മോഡൽ നിരയിൽ നടപ്പിലാക്കാറുള്ള കാര്യമായതിനാൽ അധികം പുതുമയൊന്നും അവകാശപ്പെടേണ്ടതില്ല. നിലവിൽ i20 പ്രീമിയം ഹാച്ചിന് 7.19 ലക്ഷം രൂപ മുതൽ 11.83 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
നിലവിൽ 1.2 ലിറ്റർ കാപ്പ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ GDi ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി i20 ഹാച്ചിൽ തെരഞ്ഞെടുക്കാനാവുന്നത്. ആദ്യത്തെ 1.2 NA യൂണിറ്റ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടെ 83 bhp കരുത്തിൽ പരമാവധി 114.7 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഇതേ എഞ്ചിൻ ഓട്ടോമാറ്റിക്കിൽ 88 bhp പവർ വരെയാണ് നൽകുന്നത്. അതേസമയം ടോർക്ക് സമാനമായ രീതിയിൽ തന്നെ തുടരുകയും ചെയ്യുന്നു.

1.0 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിൻ 120 bhp കരുത്തിൽ 172 Nm torque വരെയാണ് നൽകുന്നത്. മാനുവൽ ഓപ്ഷൻ നിർത്തലാക്കിയതോടെ ഈ വേരിയന്റ് ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സോടു കൂടി മാത്രമാണ് ഇപ്പോൾ വാങ്ങാനാവുന്നത്. മുമ്പുണ്ടായിരുന്ന ഡീസൽ എഞ്ചിൻ വാങ്ങാൻ ആളുണ്ടായിരുന്നുവെങ്കിലും പുതിയ മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുന്നതിനുള്ള ഉയർന്ന ചെലവ് കണക്കിലെടുത്താണ് ഹ്യുണ്ടായി നിർത്തലാക്കാൻ തീരുമാനമെടുത്തത്.
സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടായി പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്ക് കൂടിയാണ് മൂന്നാംതലമുറ i20. ഡയമണ്ട് പാറ്റേൺ മെഷ് ഡിസൈനുള്ള ഹെക്സഗണൽ ഗ്രിൽ, മസ്കുലർ ബോഡി ലൈനുകളെല്ലാം ഡിസൈനിന്റെ മൂർച്ച കൂട്ടുന്നുണ്ട്. എങ്കിലും രണ്ടാം തലമുറ തന്നെയാണ് ഇന്ന് കൂടുതലും ആളുകൾ ഇഷ്‌ടപ്പെടുന്നത് എന്നതും ഒരു വസ്‌തുതയാണ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ വമ്പൻമാരുമായാണ് i20-യുടെ പ്രധാന മത്സരം.

നിലവിൽ ഈ സെഗ്മെന്റിൽ ഡീസൽ എഞ്ചിൻ സാന്നിധ്യമുള്ള ഒരേയൊരു കാറായി ടാറ്റ ആൾട്രോസ് വേറിട്ടുനിൽക്കുന്നുണ്ട്. ഒപ്പം നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും വാഹനത്തിനുള്ളത് ശക്തിയാണ്. എങ്കിലും വിൽപ്പനയുടെ കാര്യം വരുമ്പോൾ ഒരേയൊരു എഞ്ചിൻ മാത്രമുള്ള ബലേനോ തന്നെയാണ് അതികായകൻ. മാരുതിയോടുള്ള വിശ്വാസീതയും മികച്ച മൈലേജും കുറഞ്ഞ മെയിന്റനെൻസുമാണ് മാരുതി കാറിനെ മുൻപന്തിയിലിരുത്തുന്നത്.


Click it and Unblock the Notifications








