ഇനി ഗിയർ മാറാതെ രക്ഷയില്ല, ഇടതുകാലിന് പണിതരാൻ ഹ്യുണ്ടായി എസ്‌യുവിയുടെ ഈ നീക്കം
ഇന്ത്യൻ വിപണിയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ അതികായകൻമാരായ ടാറ്റ നെക്സോണിനും മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്കുമുള്ള ഹ്യുണ്ടായിയുടെ ഉത്തരമാണ് വെന്യു. സെഗ്മെന്റിലെ ടെക്കിയായി അറിയപ്പെടുന്ന മോഡൽ നിന്നും ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. മോഡേൺ ഫീച്ചറുകൾക്ക് പുറമെ വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനാണ് വെന്യുവിന്റെ പ്രധാന ഹൈലൈറ്റ്.
പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി എന്നിങ്ങനെ പല വിധത്തിലുള്ള ട്രാൻസ്‌മിഷനുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വെന്യുവിൽ വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഇനി മുതൽ എസ്‌യുവിയിൽ ഐഎംടി ഓപ്ഷൻ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ഈ മാസം ആദ്യം രാജ്യത്ത് 2023 മോഡൽ വെന്യുവിനെ അവതരിപ്പിച്ചപ്പോൾ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് കമ്പനി മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ തിരികെ കൊണ്ടുവന്നിരുന്നു.

ഇതിനുപിന്നാലെയാണ് അത്ര ഡിമാന്റ് ഇല്ലാതിരുന്ന ഐഎംടി എന്ന ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനെ വിപണിയിൽ നിന്നും പിൻവലിച്ചത്. S(O) 1.0 ടർബോ, SX(O) 1.0 ടർബോ, SX(O) 1.0 ടർബോ ഡ്യുവൽ-ടോൺ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഹ്യുണ്ടായി വെന്യു ഐഎംടി മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. ഈ വേരിയന്റുകൾ ഇനി മുതൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ വാങ്ങാനാവും.
മുമ്പ് ഡിസിടി യൂണിറ്റിനൊപ്പം മാത്രം വിറ്റിരുന്ന വെന്യു N-ലൈനിന് N6, N8, N8 ഡ്യുവൽ-ടോൺ വേരിയന്റുകളിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ലഭിക്കുന്നു. സെഗ്മെന്റിൽ പുതിയ ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റും മാരുതി സുസുക്കി ബ്രെസയും ആറാടുമ്പോൾ പിന്നാക്കം പോവാതിരിക്കാനായി കഴിഞ്ഞ ദിവസം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് (ADAS) സിസ്റ്റവുമായി വെന്യുവിനെ ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. ഈ നൂതന സാങ്കേതികവിദ്യ ലഭിക്കുന്ന വിഭാഗത്തിലെ ഒരേയൊരു വാഹനമാണ് ഇപ്പോൾ വെന്യു.

മാത്രമല്ല, ഈ സേഫ്റ്റി ഫീച്ചർ സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ എസ്‌യുവികളിലൊന്നാണ് ഇത് എന്നതും ശ്രദ്ധേയമാണ്. ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവയുൾപ്പെടെ വിപുലമായ ഫീച്ചറുകളുടെ ഒരു നിരയാണ് ഹ്യുണ്ടായിയുടെ സ്മാർട്ട്സെൻസ് സാങ്കേതികവിദ്യ അതായത് ADAS അവതരിപ്പിക്കുന്നത്.
ഹ്യുണ്ടായി വെന്യുവിന്റെ 1.0 ലിറ്റർ T-GDi പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള S(O), SX(O) വേരിയന്റുകളിലും വെന്യു N-ലൈനിലെ N6, N8 വേരിയന്റുകളിലും മാത്രമാണ് ADAS വാഗ്‌ദാനം ചെയ്യുന്നത്. ഈ മോഡലുകൾക്ക് യഥാക്രമം 10.32 ലക്ഷം മുതൽ 13.38 ലക്ഷം രൂപയും 11.99 ലക്ഷം മുതൽ 13.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്. വെന്യുവിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്.

ഐഎംടി നിർത്തലാക്കിയതിനാൽ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി യൂണിറ്റ് എന്നിവയാണ് വെന്യുവിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. ഇനി പവർ കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിയിലെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിന് 82 bhp കരുത്തിൽ 114 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
അതേസമയം 1.5 ലിറ്റർ ഡീസൽ ഓപ്ഷന് 113 bhp പവറിൽ 250 Nm torque വരെ നൽകാനാവും. ക്രെറ്റയിൽ വരുന്ന അതേ ഓയിൽ ബർണർ എഞ്ചിന് 23.4 കിലോമീറ്റർ വരെ മൈലേജാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഇനി 1.0 ലിറ്റർ ടർബോ പെട്രോളിലേക്ക് വന്നാൽ 120 bhp കരുത്തിൽ 172 Nm torque വികസിപ്പിക്കാനാവും. പുതിയ മലിനീകരണ ചട്ടങ്ങളുടെ ഭാഗമായി ഡീസൽ എഞ്ചിൻ നിർത്തലാക്കുമെന്ന കിംവദന്തി ഉണ്ടായിരുന്നെങ്കിലും ഹ്യുണ്ടായി ഇത് നിഷേധിച്ചിരുന്നു.

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്സോൺ, മാരുതി ബ്രെസ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരുമായാണ് വെന്യുവിന്റെ മത്സരം. നിലവിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പനയുമായാണ് ഹ്യുണ്ടായി വെന്യു മുന്നേറുന്നത്. എങ്കിലും എക്സ്റ്ററിന്റെ വരവ് മോഡലിന് ചെറിയൊരു ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നാണ് അനുമാനം. പക്ഷേ ADAS പോലുള്ള ഫീച്ചറുകളുടെ വരവ് വെന്യുവിന് മൈലേജാവും.


Click it and Unblock the Notifications