ഇനി നെക്സോൺ വിയർക്കും; ബീസ്റ്റ് ലുക്കിൽ വെന്യു നൈറ്റ് എഡിഷൻ, വില 10 ലക്ഷം മുതൽ
ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി നിരയിലെ ടെക്കിയായി അറിയപ്പെടുന്ന മോഡലാണ് ഹ്യുണ്ടായി വെന്യു (Hyundai Venue). മാരുതി വിറ്റാര ബ്രെസ (Maruti Vitara Brezza) അരങ്ങുവാണിരുന്ന കാലത്താണ് ഈ ദക്ഷിണ കൊറിയൻ വാഹനത്തിന്റെ വിപണിയിലേക്കുള്ള വരവ്. പിന്നീട് സെഗ്മെന്റിൽ ബ്രെസയ്ക്കെല്ലാം മുന്നിൽ ഒന്നാം സ്ഥാനക്കാരനായി വിലസിയിരുന്ന ഭൂതകാലവും വെന്യുവിന് ഇന്നും പറയാനുണ്ട്.
പിന്നീട് ടാറ്റ നെക്സോണിനും മാരുതി ബ്രെസക്കുമായി മൂന്നാമനായി സ്ഥാനം ഉറപ്പിച്ച വെന്യു അടിക്കടി പുതുമകൾ കൊണ്ടുവന്ന് സെഗ്മെന്റിനെ കൈയിലെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പരിഷ്ക്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായി. വെന്യൂവിന്റെ നൈറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതാണീ പുത്തൻ വിശേഷം. ക്രെറ്റയ്ക്കും അൽകസാറിനും ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ പുറത്തിറക്കുന്ന മൂന്നാമത്തെ നൈറ്റ് എഡിഷനാണിത്.

സബ്-4 മീറ്റർ എസ്‌യുവിയുടെ ഈ സ്പെഷ്യൽ എഡിഷൻ വേരിയന്റ് മൂന്ന് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഹ്യുണ്ടായി വെന്യു നൈറ്റ് എഡിഷന് 10 ലക്ഷം രൂപ മുതൽ 13.48 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. കറുപ്പിൽ ഒരുങ്ങിയിരിക്കുന്നതിന് പുറമെ എക്സ്റ്റിൽ കൊണ്ടുവന്ന ഡാഷ്ക്യാം ഉൾപ്പടെ പുതിയ 23 ഫീച്ചറുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്.
കറുപ്പ് നിറമാണ് നൈറ്റ് എഡിഷന്റെ ഏറ്റവും വലിയ ആകർഷണീയത എന്നത് എടുത്തു പറയേണ്ടതില്ലല്ലോ. ഫ്രണ്ട് ഗ്രിൽ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, പുറത്തെ റിയർവ്യൂ മിററുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ഹ്യുണ്ടായി ലോഗോ എന്നിവ ഇപ്പോൾ കറുപ്പ് നിറത്തിലാണ് അണിഞ്ഞൊരുങ്ങിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് അലോയ് വീലുകളും വീൽ കവറുകളും ബ്ലാക്കിൽ തന്നെയാവും ലഭിക്കുക.

ഹ്യുണ്ടായി വെന്യു നൈറ്റ് എഡിഷനിലെ ബ്ലാക്കിനൊപ്പം അങ്ങിങ്ങായി കാണാവുന്ന ഗോൾഡൻ പോലെ തോന്നിക്കുന്ന ബ്രാസ് കളർ ഓപ്ഷന്റെ ഉപയോഗവും എസ്‌യുവിയുടെ പ്രീമിയംനെസ് വർധിപ്പിക്കുന്നുണ്ട്. ഫ്രണ്ട്, റിയർ ബമ്പർ, ഫ്രണ്ട് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയിലാണ് ഇതിന്റെ ഇൻസെർട്ടുകൾ ഇടംപിടിച്ചിരിക്കുന്നത്. ബോഡി കളറിൻ്റെ നവീകരണത്തിനൊപ്പം ഇന്റീരിയറിലും കുറച്ച് അപ്‌ഡേറ്റുകൾ കൊണ്ടുവരാൻ ബ്രാൻഡ് പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.
ഉദാഹരണത്തിന് നൈറ്റ് എഡിഷന്റെ അകത്തളം ബ്രാസ് നിറത്തിലുള്ള ഇൻസെർട്ടുകളോട് കൂടിയ ഒരു കറുത്ത തീമിലാണ് വരുന്നത്. സീറ്റ് അപ്ഹോൾസ്റ്ററിയിലും ഇതേ തീം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഡ്യുവൽക്യാം ഡാഷ് ക്യാമറ, ഓട്ടോ-ഡിമ്മിംഗ് IRVM, 3D ഡിസൈനർ ഫ്ലോർ മാറ്റുകൾ എന്നിവ പോലുള്ള കുറച്ച് അധിക ഫീച്ചറുകളുടെ അകമ്പടിയും ഹോട്ട് സെല്ലിംഗ് സെഗ്മെന്റിൽ വെന്യുവിന്റെ പുതിയ സ്പെഷ്യൽ എഡിഷന് കരുത്താവും.

അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, ഫിയറി റെഡ് വിത്ത് അബിസ് ബ്ലാക്ക് എന്നിങ്ങനെ നാല് മോണോടോണിലും ഒരു ഡ്യുവൽ ടോൺ നിറത്തിലും ഹ്യുണ്ടായി വെന്യൂ നൈറ്റ് എഡിഷൻ സ്വന്തമാക്കാനാവും. വിവേചനാധികാരമുള്ള ഉപഭോക്താക്കളുടെ കായികവും വ്യത്യസ്തവുമായ ആവശ്യകതകൾ കണക്കിലെടുത്താണ് വെന്യു നൈറ്റ് എഡിഷൻ വികസിപ്പിച്ചിരിക്കുന്നതെന്ന് വാഹനം അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുൺ ഗാർഗ് പറഞ്ഞു.
വിവിധ മുൻഗണനകൾക്ക് അനുയോജ്യമായ എഞ്ചിൻ ഓപ്ഷനുകളുടെ ഒരു നിരയാണ് ഹ്യുണ്ടായി വെന്യു നൈറ്റ് എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനും തെരഞ്ഞെടുക്കാം. ഇത് S(O), SX വേരിയന്റുകളിൽ ലഭ്യമാണ്. പകരമായി, SX(O) വേരിയന്റിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം 1.0 ലിറ്റർ T-GDi പെട്രോൾ എഞ്ചിനും കമ്പനി ഒരുക്കിയിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പനയുമായാണ് ഹ്യുണ്ടായി വെന്യു മുന്നേറുന്നത്. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്സോൺ, മാരുതി ബ്രെസ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരുമായാണ് വെന്യുവിന്റെ മത്സരം. നെക്സോൺ ഡാർക്ക് എഡിഷന് ലഭിച്ച സ്വീകാര്യത ഹ്യുണ്ടായിയുടെ ഈ സ്പെഷ്യൽ പതിപ്പിനും ലഭിക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








