പുത്തൻ നെക്സോണിനെ പൂട്ടും; ബജറ്റ് വിലയിൽ ADAS മാജിക്കുമായി ഹ്യുണ്ടായി വെന്യു എത്തി
കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് പിടിക്കാനായി വമ്പൻ മാറ്റങ്ങളുമായി ടാറ്റ നെക്സോൺ എത്തിയിരിക്കുകയാണ്. വില പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോൾ മാരുതി ബ്രെസയും ഹ്യുണ്ടായി വെന്യുവും പോലുള്ള എതിരാളികളുടെ കാര്യമാണ് വെട്ടിലായിരിക്കുന്നത്. പക്ഷേ ഇതുകണ്ട് ചുമ്മാ നോക്കിയിരിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരുക്കമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.
എങ്ങനെയെന്നല്ലേ, ടാറ്റ നെക്സോണിന്റെ പ്രധാന എതിരാളിയായ വെന്യുവിലേക്ക് ADAS ടെക് കൊണ്ടുവന്നാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ വക പണിയിറക്കിയിരിക്കുന്നത്. പിന്നെ വരും എന്നല്ല, ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി ഹ്യുണ്ടായി വെന്യുവിനെ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. വെന്യു, വെന്യു N ലൈൻ മോഡലുകൾക്കൊപ്പമാണ് കമ്പനി സ്മാർട്ട്സെൻസ് ADAS സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്.

10.32 ലക്ഷം രൂപ മുതൽ 12.44 ലക്ഷം രൂപ വരെയാണ് ADAS ഉള്ള വെന്യുവിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കോംപാക്‌ട് എസ്‌യുവിയുടെ S(O), SX (O) വേരിയന്റുകൾക്കൊപ്പവും N ലൈനിലെ N6, N8 എന്നീ വേരിയന്റുകൾക്കൊപ്പവുമാണ് ADAS ലഭ്യമാവുക. ഈ സാങ്കേതികവിദ്യ സ്വീകരിക്കുന്ന സെഗ്‌മെന്റിൽ ആദ്യത്തെ മോഡലാണ് ഹ്യുണ്ടായി വെന്യു എന്നതും ശ്രദ്ധേയമാണ്. പുതിയ നെക്സോണിനെ പൂട്ടാൻ ഹ്യുണ്ടായി ഇത്തരമൊരു നീക്കം കൊണ്ടുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നു വേണംപറയാൻ.
ഫോർവേഡ് കൊളിഷൻ വാർണിംഗ്, കാർ ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ് , ഫോർവേഡ് കൊളിഷൻ അഡ്വാൻസ് അസിസ്റ്റ്, പെഡസ്ട്രിയൻ, ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് ആൻഡ് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ സേഫ്റ്റി ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യു മോഡലുകളിലെ ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്.

ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവയാണ് പുതിയ വെന്യുവിന്റെ മറ്റ് സുരക്ഷ സവിശേഷതകൾ. ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം മാത്രമാണ് ഈ ADAS ഫീച്ചർ ലഭ്യമാവുന്നത്. ഇത് 6,000 rpm-ൽ 120 bhp പവറും 1,500-4,000 rpm വരെ 172 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
വെന്യുവിൽ 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി യൂണിറ്റ് എന്നിവയാണ് വെന്യുവിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. വേദിയിൽ ADAS അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായി വെന്യു മാറുന്നുവെന്ന് ഹ്യുണ്ടായി ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുൺ ഗാർഗ് പറഞ്ഞു.

അയോണിക് 5, ട്യൂസോൺ, വെർണ, വെന്യു, വെന്യു എൻ ലൈൻ എന്നിവയുൾപ്പെടെ ADAS ഘടിപ്പിച്ച അഞ്ച് വാഹനങ്ങളാണ് ഹ്യുണ്ടായി ഇപ്പോൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലുടനീളം പുതിയ സാങ്കേതികവിദ്യകൾ, ഡിസൈൻ, ഫീച്ചറുകൾ, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താവിന്റെ ഉടമസ്ഥാവകാശ അനുഭവങ്ങൾ ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ പുതിയ i20 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുക കൂടിയാണ് ഹ്യുണ്ടായി. നിലവിലെ മോഡലിനേക്കാൾ സ്‌പോർട്ടിയറും ഷാർപ്പുമായ ഡിസൈൻ മാറ്റങ്ങളോടെയാവും പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുക. പുതിയ വെർണയ്ക്ക് സമാനമായ ഡിസൈൻ ശൈലിയാണ് മുന്നോട്ടുകൊണ്ടുപോലുന്നത്. ഈ മോഡൽ ഒരു ADAS സ്യൂട്ട്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








