Isuzu സെറ്റ്; RDE ചട്ടങ്ങൾ പാലിച്ച് ഇസൂസുവിന്റെ ചുണക്കുട്ടൻമാർ വിപണിയിൽ
ഇന്ത്യയിലെ ജാപ്പനീസ് വാഹന നിർമാതാക്കൾക്കിടയിലെ വ്യത്യസ്‌തരാണ് ഇസൂസു. ടൊയോട്ട, മാരുതി, ഹോണ്ട എന്നിവയെ പോലെ വൻ ഇമേജ് ഒന്നുമില്ലെങ്കിലും സ്പോർട് യൂട്ടിലിറ്റി വാഹന നിരയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ അതിവേഗം ഇസൂസുവിനായിട്ടുണ്ട്. ഇന്ത്യയിൽ ഒരിക്കലും ക്ലച്ചുപിടിക്കാതിരുന്ന ലൈഫ്-സ്റ്റൈൽ പിക്കപ്പ് മോഡലുകളെ വരെ ജനപ്രിയരാക്കിയതും ഇവരുതന്നെയാണ്.
ചെറിയ മോഡലുകളൊന്നും തന്നെ പുറത്തിറക്കാതെ പ്രീമിയം വില നിലവാരത്തിലാണ് മോഡലുകൾ ഉന്നംവെച്ചിരിക്കുന്നതെങ്കിലും മോശമാക്കാതെ ആളെപിടിക്കാൻ ബ്രാൻഡിനാവുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിൽ നടപ്പിലാക്കിയിരിക്കുന്ന ബിഎസ്-VI രണ്ടാം ഘട്ട മലിനീകരണ മാനദണ്ഡങ്ങൾക്കും റിയൽ ഡ്രൈവ് എമിഷൻ ചട്ടങ്ങൾക്കും അനുസൃതമായി തങ്ങളുടെ മോഡൽ നിര പരിഷ്ക്കരിച്ച് പുറത്തിറക്കിയിരിക്കുകയാണ് ഇസൂസു. പിക്കപ്പ് വാഹനങ്ങളും എസ്‌യുവികളും മാത്രമുള്ള ബ്രാൻഡിന്റെ മുന്നോട്ടുള്ള യാത്രയിൽ അനിവാര്യമായ എല്ലാ മാറ്റങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

പാസഞ്ചർ കാറുകൾ മാത്രമല്ല, വാണിജ്യ വിഭാഗത്തിലും കമ്പനി വണ്ടികൾ പുറത്തിറക്കുന്നുണ്ട് എന്നതാണ് നിലനിൽപ്പിന്റെ പ്രധാന കാരണം. ഇപ്പോൾ തെരഞ്ഞെടുത്ത മോഡലുകളിൽ പുതിയ ഫീച്ചറുകളും സമ്മാനിച്ചിട്ടുണ്ട് എന്നു പറഞ്ഞ ഇസൂസു ചില കോസ്മെറ്റിക് മാറ്റങ്ങളും വാഹനങ്ങളിൽ വരുത്തിയിട്ടുണ്ട്. ഡി-മാക്‌സ് സൂപ്പർ സ്ട്രോങ് സിംഗിൾ ക്യാബ് ഫ്ലാറ്റ് ഡെക്ക്, ക്യാബ്-ഷാസി മോഡലുകളുടെ എസി വകഭേദങ്ങൾ അവതരിപ്പിക്കുന്നതോടെ വാണിജ്യ വാഹന നിര ഇപ്പോൾ കൂടുതൽ സമഗ്രമാണ്.
വലെൻസിയ ഓറഞ്ച് കളർ ഓപ്ഷൻ മോഡൽ നിരയിലേക്ക് ചേർക്കാൻ തയാറായ കമ്പനി ഡി-മാക്‌സ് റെഗുലർ ക്യാബ്, എസ്-ക്യാബ് മോഡലുകളിൽ ആക്റ്റീവ് സെലക്ടീവ് കാറ്റലിസ്റ്റ് റിഡക്ഷൻ (A-SCR) ഫീച്ചർ സജ്ജീകരിച്ചിരിക്കുന്നതായും പറയുന്നു. കൂടാതെ ഒപ്റ്റിമല്‍ ട്രീറ്റ്‌മെന്റ് മാനേജ്‌മെന്റിനായുള്ള ഇലക്‌ട്രോണിക് നിയന്ത്രിത ഹോട്ട് ആന്‍ഡ് കോള്‍ഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഈ സവിശേഷതയുള്ള സെഗ്‌മെന്റിലെ ഏക വാഹനങ്ങളാണ് ഇവയെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഡി-മാക്‌സ് റെഗുലർ ക്യാബ്, എസ്-ക്യാബ് മോഡലുകളും അവയുടെ വകഭേദങ്ങളും ഇപ്പോൾ മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID) ക്ലസ്റ്ററുമായാണ് വരുന്നത്. അത് ഡീസൽ പാർട്ടിക്കുലേറ്റ് ഡിഫ്യൂസർ (DPD) ഇൻഡിക്കേറ്ററും സബ്-മെനുവും പ്രദർശിപ്പിക്കുന്ന 'ലെവൽ', ഓട്ടോമാറ്റിക് റീജനറേഷൻ, അല്ലെങ്കിൽ മാനുവൽ 'റിജനറേഷൻ ഓപ്പറേഷനായി ഡ്രൈവറിന് മുന്നിൽ പ്രദർശിപ്പിക്കും. ഏത് ഡ്രൈവിംഗ് അവസ്ഥയിലും അനുയോജ്യമായ ഗിയർ ഉപയോഗിക്കാൻ ഡ്രൈവറെ പ്രാപ്തനാക്കുന്ന ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററും (GSI) ഇതിലുണ്ട്.
ഇത് ടോർക്ക്, ഫ്യുവൽ മാനേജ്മെന്റ്, ഡ്രൈവ്ട്രെയിൻ ഡ്യൂറബിലിറ്റി എന്നിവ ഉറപ്പാക്കാനായാണ് സമ്മാനിച്ചിരിക്കുന്നത്. പുതുക്കിയ പാസഞ്ചർ പിക്കപ്പ്, എസ്‌യുവി മോഡലുകൾ ഇപ്പോൾ (ISS) ഐഡൽ സ്റ്റോപ്പ് സിസ്റ്റം, ലോ ഫ്രിക്ഷൻ ടയറുകൾ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഓട്ടോ ട്രാൻസ്മിഷൻ ഫ്ലൂയിഡ് വാമർ (AT Fluid) എന്നിവയുമായാണ് വരുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും കുറഞ്ഞ എമിഷൻ ലെവലുകളും ഇവ ഉറപ്പാക്കുന്നു.

ഇസൂസു MU-X മോഡലുകൾ ഇപ്പോൾ പുതുതായി രൂപകൽപ്പന ചെയ്ത അഗ്രസീവ് ഫ്രണ്ട് ഗ്രില്ലുമായി വരും. ഇത് എസ്‌യുവിക്ക് പുതിയ രൂപവും ഭാവവും ആവാഹിക്കാൻ സഹായിച്ചിട്ടുണ്ട്. ഇസുസു ഹൈ-ലാൻഡറിൽ ഡി-മാക്‌സ് വി-ക്രോസിൽ നിന്നുള്ള ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും റിയർ ഡിഫോഗറും ചേർക്കാനും ഇസൂസു ഈ അവസരം ഉപയോഗിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഡി-മാക്‌സ് വി-ക്രോസ് Z 4x2 ഓട്ടോമാറ്റിക് വേരിയന്റിൽ ഇപ്പോൾ പുതിയ ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകൾ, ഡാർക്ക് ഗ്രേ നിറത്തിലുള്ള റിയർ വ്യൂ മിററുകൾ, ഫോഗ് ലാമ്പ് ഗാർണിഷ്, ബ്രൗൺ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി എന്നിവയും കമ്പനി അവതരിപ്പിക്കുന്നുണ്ട്. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് ഇസൂസു മോഡൽനിരയിൽ സമ്മാനിച്ചിരിക്കുന്നത്.
1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇസൂസു വാഹന നിരയിലുള്ളത്. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചുവെങ്കിലും പവർ കണക്കുകളിലൊന്നും മാറ്റമുണ്ടായിട്ടില്ല. 161 bhp കരുത്തിൽ പരമാവധി 360 Nm torque വരെ നൽകാൻ എഞ്ചിൻ ഇപ്പോഴും പ്രാപ്‌തമാണ്. ലൈഫ് സ്റ്റൈൽ പിക്കപ്പ് നിരയിൽ ടൊയോട്ട ഹൈലക്‌സ് കൂടിയിറങ്ങിയിരിക്കുന്നതിനാൽ ഇസൂസുവിന് നേരിട്ടൊരു എതിരാളിയും ഇന്ത്യയിൽ പിറന്നു.


Click it and Unblock the Notifications








