അവൻ പോയെടോ... ഇന്ത്യയോട് ബൈ പറഞ്ഞ് ജീപ്പ് കോമ്പസ് പെട്രോൾ
ഇന്ത്യയിൽ ജീപ്പ് എന്ന അമേരിക്കൻ വാഹന നിർമാതാക്കൾക്ക് മികച്ച തുടക്കം നേടിക്കൊടുത്ത ഭീമനാണ് കോമ്പസ്. രാജ്യത്തെ പ്രീമിയം എസ്‌യുവി വിഭാഗത്തെ തുടക്കകാലത്ത് കൈയിലെടുത്ത ഈ തട്ടുപൊളിപ്പൻ വാഹനം ഇന്നും ജനപ്രിയനായി മുന്നേറുകയാണ്. അടിക്കടിയുള്ള വില വർധനവ് കാരണം അധികമാരും അടുക്കുന്നില്ലെങ്കിലും ഇന്നും ജീപ്പിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം കോമ്പസ് തന്നെയാണ്.
കാര്യമായ പരിഷ്ക്കാരങ്ങളൊന്നുമില്ലാതെ വർഷങ്ങളായി പുറത്തിറങ്ങുന്നതാണ് പലരേയും കോമ്പസിൽ നിന്നും അകറ്റിനിർത്തുന്നത്. എന്നാൽ അമേരിക്കൻ നിർമാണ നിലവാരവും കിടിലൻ എഞ്ചിൻ ഓപ്ഷനുകളും റോഡ് പ്രെസൻസും എല്ലാം കോമ്പസിന്റെ ഹൈലൈറ്റായി കമ്പനി എടുത്തുകാണിക്കുന്നു. പ്രധാന എതിരാളികളായ ഹ്യുണ്ടായി ട്യൂസോണിനും ഫോക്‌സ്‌വാഗൺ ടിഗുവാനും സിട്രൺ C5 എയർക്രോസിനുമില്ലാത്ത എന്തോ ഒരിത് കോമ്പസിനുണ്ടെന്ന കാര്യത്തിലും ആരാധകർക്ക് സംശയമില്ല.

എന്നാൽ ഇതിനിടയിൽ സുപ്രധാന നീക്കവുമായി ജീപ്പ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കോമ്പസിന്റെ പെട്രോൾ വേരിയന്റിനെ ഇന്ത്യയിൽനിന്നും പിൻവലിക്കുന്നുവെന്നതാണീ വാർത്ത. 2023 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന ഏറ്റവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം പാലിക്കാത്തതിനാലാണ് ഇന്ത്യയിൽ കോമ്പസ് പെട്രോളിനെ ഒഴിവാക്കുന്നത് എന്നാണ് അമേരിക്കൻ സ്പോർട്ട് യൂട്ടിലിറ്റി വാഹന നിർമാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം.
1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ പ്രീമിയം എസ്‌യുവിയിൽ ഇനി വാങ്ങാനാവില്ല എന്നകാര്യം പലരേയും നിരാശപ്പെടുത്തുമെങ്കിലും ഡീസൽ വേരിയന്റുകൾ വാങ്ങാനാണ് കൂടുതൽ ആളുകൾ എത്തുന്നത് എന്നത് ജീപ്പിനെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്. 2022 ഡിസംബറിൽ കോമ്പസിന്റെ മാനുവൽ വേരിയന്റുകൾ നിർത്തലാക്കിയതോടെ കമ്പനി പെട്രോൾ എഞ്ചിൻ ഘട്ടം ഘട്ടമായി നിർത്താൻ തീരുമാനിച്ചിരുന്നു. ഇതിനുശേഷം പെട്രോൾ എഞ്ചിൻ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

പക്ഷേ ഇനി മുതൽ പെട്രോൾ എഞ്ചിനുകളെ കോമ്പസ് നിരയിലുണ്ടാവുകയില്ല. ഇത് താത്ക്കാലികമാണെന്നും പുതുക്കിയ പെട്രോൾ എഞ്ചിനുമായി വാഹനം തിരികെയത്തുമെന്ന കിംവദന്തികളും പുറത്തുവരുന്നുണ്ട്. എന്തായാലും അതുവരെ കോമ്പസ് ഡീസൽ എസ്‌യുവിയായി വിപണിയിൽ തുടരും. വിദേശത്ത് മലിനീകരണ മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ ആഗോളതലത്തിൽ 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിന്റെ ഉത്പാദനം ജീപ്പ് നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിലും പ്രാവർത്തികമാക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
സ്‌പോർട്, ലിമിറ്റഡ് (O), മോഡൽ എസ് (O) എന്നീ മൂന്ന് വകഭേദങ്ങളിലാണ് ജീപ്പ് കോമ്പസ് പെട്രോൾ വാഗ്ദാനം ചെയ്തത്. നിർത്തലാക്കിയ 1.4 ലിറ്റർ മൾട്ടിഎയർ ടർബോ എഞ്ചിന് 160 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതിയരുന്നു. എസ്‌യുവിയുടെ പെട്രോൾ പതിപ്പുകൾക്ക് 22.07 ലക്ഷം രൂപ മുതൽ 28.29 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

ഇനി ഡീസൽ എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ 21.44 ലക്ഷം മുതൽ 31.64 ലക്ഷം രൂപ വരെയാണ് ഇതിനായി മുടക്കേണ്ടിവരിക. പെട്രോൾ വേരിയന്റുകൾക്ക് പുറമേ 2.0 ലിറ്റർ ഡീസൽ എഞ്ചിനും 4x4 ഡ്രൈവ്‌ട്രെയിനുമായി വന്ന കോമ്പസിന്റെ ട്രെയിൽഹോക്ക് എഡിഷനും ഇന്ത്യയിൽ നിന്നും പടിയിറങ്ങി. ചില ഡീലർമാർക്ക് വിറ്റഴിക്കാത്ത സ്റ്റോക്ക് തുടരുന്നുണ്ടെങ്കിലും ജീപ്പ് ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് മോഡൽ ഡീലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ബ്രാൻഡിന്റെ പ്രധാന മോഡലുകളായ കോമ്പസും മെറിഡിയനും ഒരേ ഡീസൽ എഞ്ചിനാണ് പങ്കിടുന്നത്. അതേസമയം മുൻനിര ഗ്രാൻഡ് ചെറോക്കിയും റാംഗ്ലറും പെട്രോൾ എഞ്ചിനാണ് നൽകുന്നത്. ഈ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിന് 172 bhp പവറിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്. എന്തായാലും പെട്രോളിന്റെ പടിയിറക്കം കോമ്പസിന്റെ വിൽപ്പനയെ ബാധിക്കുമോ എന്ന കാര്യം കാത്തിരുന്നു തന്നെ കാണാം. സ്പോർട്ട് യൂട്ടിലിറ്റി വാഹന വിപണിയിൽ ഡീസൽ മോഡലുകൾക്കാണുള്ളത്. ഇത് ജീപ്പിന്റെ നിരയിലും പ്രതിഫലിക്കുന്നുമുണ്ട്.


Click it and Unblock the Notifications








