Jeep Meridian ഫോർച്യൂണറിനെ വീഴ്ത്താൻ പുത്തൻ അടവ്, മെറിഡിയന് സ്പെഷ്യൽ എഡിഷനുമായി ജീപ്പ്
ഇന്ത്യയിൽ നിന്നും ഫോർഡ് എൻഡവർ പടിയിറങ്ങിയതോടെ ആ രണ്ടാം സ്ഥാനത്തിനായി അടികൂടുന്നവരാണ് എംജി ഗ്ലോസ്റ്ററും ജീപ്പ് മെറിഡിയനും. തലപ്പത്ത് അതികായകനായി ഫോർച്യൂണറുണ്ടെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ എതിരാളികൾക്ക് ഒന്ന് തൊടാൻപോലുമാവുന്നില്ല എന്നതാണ് യാഥാർഥ്യം. വില കുറച്ചും ഓഫറുകളിറക്കിയും ജീപ്പ് പിന്നാലെയുണ്ടെന്ന് ടൊയോട്ടയെ ഇടയ്ക്ക് ഓർമിപ്പിക്കാറുമുണ്ട്.
കോമ്പസിനെ അടിസ്ഥാനമാക്കി ജീപ്പ് പണിതെടുത്ത പ്രീമിയം മൂന്നുവരി എസ്‌യുവിയാണ് മെറിഡിയൻ. അമേരിക്കൻ പാരമ്പര്യവും ഇന്ത്യയിലെ സ്വീകാര്യതയും കാരണം മെറിഡിയനെ അത്യാവിശ്യം നാലാളിലെത്തിക്കാൻ ജീപ്പിനായിട്ടുണ്ട്. മോഡലിന്റെ ഏതു കുന്നും മലയും കയറാനുള്ള കഴിവും പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ എന്തുകൊണ്ടോ ആളുകൾ മെറിഡിയനെ പൂർണമായും ഏറ്റെടുക്കാൻ തയാറായിട്ടില്ല. ചിലപ്പോൾ ജീപ്പിന്റെ പ്രീമിയം ബ്രാൻഡിംഗ് ഇമേജ് തന്നെയായിരിക്കാം ഇതിനു പിന്നിലുള്ള പ്രധാന കാരണം.

ഓഫ് റോഡിംഗിനൊപ്പം ഒരു സ്റ്റാറ്റസ് സിമ്പലായി പ്രതിഷ്ഠിച്ചിരിക്കുന്ന ഫോർച്യൂണറിന്റെ ഇമേജ് ഒന്നു വേറെ തന്നെയാണ്. അതെത്തിപ്പിടിക്കാൻ അൽപം വിഷമമാണെങ്കിലും ജീപ്പ് പരിശ്രമങ്ങളൊന്നും കൈവിടുന്നില്ല. മെറിഡിയനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി എസ്‌യുവിക്ക് പുത്തൻ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കൻ ബ്രാൻഡ്. 2023 മോഡൽ ഇയർ പരിഷ്ക്കരണങ്ങളുടെ ഭാഗമായി മെറിഡിയൻ X (Meridian X), അപ്ലാൻഡ് സ്പെഷ്യൽ എഡിഷൻ (Upland Special Editions) എന്നിവയാണ് വിപണിയിലേക്ക് വരുന്നത്.
ഇതോടൊപ്പം ചില കിടിലൻ ഓഫറുകളും പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയിൽ സ്വന്തമാക്കാനാവും. മെറിഡിയൻ X വേരിയന്റിന് 33.41 ലക്ഷം രൂപയും മെറിഡിയൻ അപ്ലാൻഡ് സ്‌പെഷ്യൽ എഡിഷന് 38.47 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരിക. എന്നാൽ അന്തിമ വിലനിർണയം വാങ്ങുന്നയാൾ തെരയഞ്ഞെടുക്കുന്ന ആക്സസറികളെ ആശ്രയിച്ചിരിക്കുമെന്നും ജീപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ പ്രത്യേക പതിപ്പുകൾ പരിമിതമായ സംഖ്യകളിൽ നിർമിക്കുകയുള്ളൂ.

കൂടാതെ ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകളും ഉപകരണങ്ങളുടെ നവീകരണവും ഇതിൽ സാധ്യമാവും. സിൽവറി മൂൺ, ഗാലക്‌സി ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് മെറിഡിയൻ എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ നിരത്തിലെത്തുന്നത്. സ്റ്റൈലിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ജീപ്പ് മെറിഡിയൻ X, അപ്‌ലാൻഡ് എഡിഷനുകൾ വ്യത്യസ്ത തരം ഉപഭോക്താക്കളെ ഉന്നം വെച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും.
മെറിഡിയൻ X കൂടുതൽ ലൈഫ്-സ്റ്റൈൽ അടിസ്ഥാനമാക്കിയുള്ള സിറ്റി റൈഡ് ഉപഭോക്താക്കൾക്കുള്ളതാണ്. അതേസമയം ഈ സ്പെഷ്യൽ എഡിഷൻ വേരിയന്റിൽ ബോഡി കളർ ലോവർ, ഗ്രേ റൂഫ്, അലോയ് വീലുകൾ, ഗ്രേ പോക്കറ്റുകൾ എന്നിവ അധികമായി ലഭിക്കും. സൈഡ് മോൾഡിംഗ്, പാഡിൽ ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുൾപ്പെടെ എക്സ്റ്റീരിയറിലും ചില സവിശേഷതകൾ അധികമായി നൽകിയിട്ടുണ്ട്. ഇത്തരം നവീകരണങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് അടുക്കാനാണ് ജീപ്പിന്റെ ശ്രമം.

മറുവശത്ത് സാഹസികത ഇഷ്ടപ്പെടുന്ന ഓഫ്-റോഡിംഗ് ഉപഭോക്താക്കളെയാണ് ജീപ്പ് മെറിഡിയൻ അപ്ലാൻഡ് സ്പെഷ്യൽ എഡിഷൻ ലക്ഷ്യമിടുന്നതെന്ന് രൂപത്തിലൂടെ തന്നെ വ്യക്തം. ഇതിന്റെ മറ്റ് പരിഷ്ക്കാരങ്ങളിൽ റൂഫ് കാരിയർ, സൈഡ് സ്റ്റെപ്പുകൾ, സ്പ്ലാഷ് ഗാർഡുകൾ, ബൂട്ട് ഓർഗനൈസർ, സൺഷെയ്‌ഡുകൾ, കാർഗോ മാറ്റുകൾ, ടയർ ഇൻഫ്ലേറ്റർ, പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഹുഡ് ഡെക്കൽ എന്നിവയെല്ലാം എസ്‌യുവി വാങ്ങുന്നവർക്ക് ലഭിക്കും.
ജീപ്പ് മെറിഡിയൻ സ്‌പെഷ്യൽ എഡിഷൻ ഓഫറുകൾ വൈ-ഫൈ പ്രവർത്തനക്ഷമമാക്കിയ 11.6 ഇഞ്ച് സ്‌ക്രീനോടുകൂടിയ റിയർ എന്റർടെയ്ൻമെന്റ് പാക്കേജും ലഭ്യമാവും. ഇത്തരം മാറ്റങ്ങൾ മാത്രമാണ് എസ്‌യുവിയിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം മെക്കാനിക്കലായോ എഞ്ചിനിലായാലോ ഒരു പരിഷ്ക്കാരവും ജീപ്പ് അവതരിപ്പിക്കുന്നില്ല. 6-സ്പീഡ് മാനുവൽ, 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനിൽ തന്നെയാണ് പുതിയ വേരിയന്റുകളും എത്തുന്നത്.
2.0 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിന് 168 bhp പവറിൽ 350 Nm torque വരെയും നൽകാനാവും. 10.8 സെക്കൻഡിൽ എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 198 കിലോമീറ്റർ വേഗതയാണ് മെറിഡിയന് പരമാവധി പുറത്തെടുക്കാനാവുക. ടൊയോട്ട ഫോർച്യൂണറിനെ എങ്ങനെ മലർത്തിയടിത്താം എന്ന പദ്ധതിയിലാണ് ജീപ്പ് എങ്കിലും പുതിയ സ്പെഷ്യൽ എഡിഷൻ വേരിയന്റുകളിലൂടെ ഒരു വിഭാഗം ആളുകളെ കൈയിലെടുക്കാൻ കമ്പനിക്കായേക്കും എന്നുറപ്പാണ്.


Click it and Unblock the Notifications








