ഫാമിലി കാറിൽ ഈയൊരു മാറ്റവുമായി കിയ; എങ്ങനെയുണ്ട്?
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസിന്റെ ഇന്ത്യയിലെ വളച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. സെൽറ്റോസ് എന്നൊരൊറ്റ എസ്‌യുവിയിലൂടെ ബ്രാൻഡ് വെട്ടിപ്പിടിച്ചത് ഫോർഡിന് പോലും സ്വപ്‌നം കാണാനാവാത്ത ഉയരങ്ങളായിരുന്നു. ഇന്ത്യക്കാരുടെ പൾസറിഞ്ഞ് കിയ കളത്തിലിറക്കിയ ഓരോ വാഹനങ്ങളും വാങ്ങാനായി ആളുകളുടെ വൻതിരക്കാണ് ഡീലർഷിപ്പുകളിൽ.
സെൽറ്റോസിലൂടെയാണ് തുടക്കമെങ്കിലും സോനെറ്റും പിന്നീടെത്തിയ കാരെൻസുമെല്ലാം കിയയുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു. ഒരു വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാനാവുന്ന 'ഫാമിലി എംപിവി' തേടി നടന്നവരെയാണ് കാരെൻസ് ഉന്നംവെച്ചത്. മാരുതി എർട്ടിഗ അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് നെഞ്ചുവിരിച്ചെത്തിയ മോഡലിനെ ആളുകൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന എഞ്ചിൻ ഓപ്ഷനുകൾ അതിവേഗം ഹിറ്റടിക്കാനുള്ള കാരണമായി.

കൂടാതെ മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി എന്നിങ്ങനെ വൈവിധ്യമാർന്ന ഗിയർബോക്‌സ് കോമ്പിനേഷനുമെല്ലാം ചേർന്ന കാരെൻസ് അതിവേഗമാണ് ജനപ്രീതിയാർജിച്ചത്. അടിപൊളി ഡിസൈനും ഫീച്ചറുകളാൽ സമ്പന്നമായ വേരിയന്റുകളും പെർഫോമൻസുമെല്ലാം സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയ്ക്കാണ് കിയ കാരെൻസിലൂടെ ഒരുക്കിയത്. അങ്ങനെ ജമസമ്മതനായി വെന്നിക്കൊടി പാറിക്കുന്ന മോഡലിൽ ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ് കമ്പനിയിപ്പോൾ. എന്താണന്നല്ലേ, സംഭവം പേടിക്കാനൊന്നുമില്ല.
കാരെൻസ് നിരയിലെ കളർ ഓപ്ഷനിൽ ചെറിയൊരു മാറ്റംകൊണ്ടുവന്നിരിക്കുകയാണ് ദക്ഷിണ കൊറിയക്കാർ. മൂന്ന് നിരകളുള്ള എംപിവിയിൽ വാഗ്‌ദാനം ചെയ്‌തിരുന്ന മോസ് ബ്രൗൺ എക്സ്റ്റീരിയർ കളർ ഇനി ലഭ്യമാവില്ലെന്ന് കിയ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ, ഇന്റൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, അറോറ ബ്ലാക്ക് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ ആറ് നിറങ്ങളിൽ മാത്രമേ കാരെൻസ് ലഭിക്കൂ.

മോസ് ബ്രൗൺ എന്തുകൊണ്ട് നിർത്തലാക്കുന്നുവെന്ന കാര്യം ഔദ്യോഗികമായി കിയ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഡിമാന്റില്ലാത്തതായിരിക്കാം എംപിവിയിൽ നിന്നും ഈ കളർ ഓപ്ഷൻ പിൻവലിച്ചിരിക്കുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി (O), ലക്ഷ്വറി പ്ലസ്, X-ലൈൻ എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായി വരുന്ന കാരെൻസിന് 10.45 ലക്ഷം രൂപ മുതൽ 18.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഈ ബജറ്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച എംപിവികളിൽ ഒന്നാണ് കിയ കാരെൻസ് എന്ന് നിസംശയം പറയാം. 2022 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്തത മോഡൽ രാജ്യത്ത് 1 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് ഇക്കഴിഞ്ഞ ഒക്ടോബറിൽ മറികടന്നിരുന്നു. ഏകദേശം ഒന്നര വര്‍ഷം കൊണ്ടാണ് കാരെന്‍സ് എംപിവി ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അത്യാധുനിക ഫീച്ചറുകൾക്കൊപ്പം സേഫ്റ്റിയും മികച്ച രീതിയിൽ ഒരുക്കിയാണ് വാഹനത്തെ പുറത്തിറക്കിയിരിക്കുന്നത്.

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷൻ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ എന്നിവയാണ് കാരെൻസിന്റെ സുരക്ഷ കൂട്ടാനായി കിയ വാഗ്‌ദാനം ചെയ്യുന്നത്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് നിലവിൽ കാരെൻസ് വാങ്ങാനാവുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗിയർബോക്‌സ് ചോയ്‌സുകളാണ് എംപിവിക്ക് ലഭിക്കുന്നത്.

ഉത്സവ സീസണിലെ വില്‍പ്പന ലക്ഷ്യമിട്ട് കാരെന്‍സിന്റെ പുതിയൊരു X-ലൈന്‍ വേരിയന്റും കമ്പനി ഇന്ത്യയിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. 6 സീറ്റര്‍ ലേഔട്ടില്‍ വരുന്ന ഈ മോഡല്‍ എംപിവിയുടെ ടോപ്പ് എൻഡ് മോഡലായാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് കാരെൻസിന്റെ പുതിയ വേരിയന്റിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങളും ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








