സ്‌കോർപിയോ N, ഗ്രാൻഡ് വിറ്റാര പ്ലീസ് സ്റ്റെപ്പ് ബാക്ക്... 2023 ഇന്ത്യൻ കാർ ഓഫ് ദ ഇയറായി കിയ കാരെൻസ്
2023 ഇന്ത്യൻ കാർ ഓഫ് ദ ഇയറിന്റെ (ICOTY) പുരസ്ക്കാരം കരസ്ഥമാക്കി കിയ കാരെൻസ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ നിന്നുമുള്ള മൾട്ടി പർപ്പസ് വാഹനമായ കാരെൻസ് 2022 ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് മികച്ച പ്രതികരണം നേടി മുന്നേറുന്ന എംപിവി ഇന്ന് രാജ്യത്തെ ജനപ്രിയ മോഡലുകളിൽ ഒന്നാണ്.
8.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് കാരെൻസ് വിൽപ്പനയ്ക്ക് എത്തിയത് എന്നതും ഹൈലൈറ്റാണ്. 18 ഓട്ടോമൊബൈൽ ജേണലിസ്റ്റുകൾ അടങ്ങുന്ന ഒരു പാനലാണ് ഇന്ത്യൻ കാർ ഓഫ് ദ ഇയറിന്റെ വിജയിയെ തെരഞ്ഞെടുത്തിരിക്കുന്നത്. സ്‌കോഡ സ്ലാവിയ, മഹീന്ദ്ര സ്‌കോർപിയോ N, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ എതിരാളികളെ മലർത്തിയടിച്ചാണ് കിയ കരെൻസിനെ 2023 ഇന്ത്യൻ കാർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തിരിക്കുന്നത്. പോയ വർഷം ഈ പുരസ്ക്കാരത്തിന് അർഹമായിരുന്നത് മഹീന്ദ്ര XUV700 എസ്‌യുവിയായിരുന്നു.

ജനപ്രിയ മിഡ്-സൈസ് എസ്‌യുവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കിയ കാരെൻസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കിടിലൻ സ്റ്റൈലിംഗും അതിനൊത്ത ഫീച്ചറുകളും നിറഞ്ഞ പ്രായോഗിക വാഹനമായാണ് കാരെൻസിനെ വിശേഷിപ്പിക്കുന്നത്. സൗകര്യപ്രദവും വിശാലവും പ്രീമിയം ഫീച്ചറുകളും നൽകുന്ന എംപിവിക്കായി തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയ കാരെൻസ് പുറത്തിറക്കുന്നത് കന്നെ. ആകർഷകമായ വില കൂടി സമ്മാനിച്ചതോടെ മോഡൽ വൻ ഹിറ്റാവുകയായിരുന്നു. അന്ന് വിപണിയിൽ ലഭ്യമായിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ തനിക്കായി ഒരു ഇടം സൃഷ്ടിച്ചിരുന്നുവെങ്കിലും വിലയുടെ കാര്യത്തിൽ കൊടിമുടിയെത്തിയിരുന്നതിനാൽ സാധാരണക്കാർക്ക് അത്ര വേഗം താങ്ങാനാവുമായിരുന്നില്ല.
മറുവശത്ത് എർട്ടിഗ, XL6 പോലുള്ള എംപിവികളുമായിരുന്നു വിപണിയിൽ ലഭ്യമായിരുന്നത്. എന്നാൽ അവ മറ്റ് നിർമാതാക്കളെപ്പോലെ അത്ര ഫീച്ചർ റിച്ച് ഒന്നുമല്ലായിരുന്നു. ഈ ഗ്യാപ്പ് നികത്തിക്കൊണ്ടാണ് കാരെൻസ് കടന്നുവന്നത്. അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനങ്ങൾക്കിടയിൽ സ്റ്റാറാവാൻ കിയയുടെ വജ്രായുധത്തിനായി. ഇപ്പോൾ 10.20 ലക്ഷം രൂപ മുതൽ 18.45 ലക്ഷം രൂപ വരെയുള്ള എക്‌സ്ഷോറൂം വിലയിലാണ് കാർ വിപണിയിൽ അണിനിരക്കുന്നത്. നിലവിൽ ഈ വിലയിൽ വാങ്ങാനാവുന്ന ഏറ്റവും മികച്ച മൾട്ടി പർപ്പസ് വാഹനങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.

ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ക്യാപ്റ്റൻ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റൂഫ് മൗണ്ടഡ് എസി വെന്റുകൾ, ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, മൾട്ടി-ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത് എന്ന കാര്യവും വിജയത്തിന് മോമ്പൊടിയേകിയിട്ടുണ്ട്.
115 bhp പവറിൽ പരമാവധി 144 Nm torque സൃഷ്ടിക്കുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കാരെൻസിലെ ആദ്യ ഓപ്ഷൻ. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാണ്. അതേസമയം രണ്ടാമത്തെ 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിൽ തെരഞ്ഞെടുക്കാനാവും.
സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയെ പോലെ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാണ് കിയ കാരെൻസും വരുന്നത്. ഈ എഞ്ചിൻ 140 bhp പവറിൽ പരമാവധി 242 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ 7 സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഓപ്ഷനിലാണ് ഈ എഞ്ചിൻ കിയ വാഗ്ദാനം ചെയ്യുന്നത്. കാരെൻസ് എംപിവി മൊത്തത്തിൽ 19 വേരിയന്റുകളിൽ ലഭ്യമാണ്. സെൽറ്റോസിനെ പോലെ ഇത് പൂർണമായും ഇന്ത്യയിൽ നിർമിക്കപ്പെട്ട ഉൽപ്പന്നമാണ്.
കിയ ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ കമ്പനി സജീവ സാന്നിധ്യമായിരുന്നു. കൊറിയൻ ബ്രാൻഡിന് ഈ വർഷം പ്രധാനമായും രണ്ട് അവതരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചില കാരണങ്ങളാൽ KA4 എന്ന് വിളിക്കുന്ന നാലാം തലമുറ കിയ കാർണിവൽ പ്രീമിയം എംപിവിയും കിയ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. 2023 ഇന്ത്യൻ കാർ ഓഫ് ദ ഇയർ പുരസ്ക്കാര നേട്ടങ്ങളിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങളിലേക്ക് നോക്കിയാൽ ICOTY 2023 പ്രീമിയം കാർ അവാർഡ് മെർസിഡീസ് EQS 580 കരസ്ഥമാക്കി. അതേസമയം ഗ്രീൻ കാർ അവാർഡ് Kia EV6 ഇവിയും സ്വന്തമാക്കി.


Click it and Unblock the Notifications








