ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പന പിടിക്കാൻ കിയ? മോഹവിലയിൽ വന്ന പുതിയ എംപിവിയെ കണ്ടോ
എംപിവി സെഗ്മെന്റിലെ രാജാവ് ടൊയോട്ട ഇന്നോവയാണെങ്കിൽ ഇവിടുത്തെ പ്രിൻസ് മാരുതി സുസുക്കി എർട്ടിഗയാണെന്നതിൽ ആർക്കും തർക്കമൊന്നുമുണ്ടാവില്ല. കുറഞ്ഞ വിലയിൽ ഫാമിലിക്കായി ഒരു 7 സീറ്റർ വാഹനം തേടുന്നവരെല്ലാം എത്തിച്ചേരുന്ന സ്ഥലമാണ് മാരുതിയുടെ ഷോറൂം. കോംപാക്‌ട് മൾട്ടി പർപ്പസ് മോഡൽ നിരയിൽ അതികായകനായി വിലസുന്ന എർട്ടിഗ ശരിക്കും കിടിലൻ വണ്ടി തന്നെയാണ്.
എന്നാൽ ഈ ആധിപത്യത്തെ ചോദ്യം ചെയ്‌തുകൊണ്ട് കിയ കാരെൻസ് എന്നൊരു തട്ടുപൊളിപ്പൻ വാഹനത്തെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതിനോടകം ഏവർക്കും പരിചിതമായ ഈ എംപിവി ഇന്ന് ജനപ്രിയനായി കുതിക്കുകയാണ്. എർട്ടിഗയുടെ വിൽപ്പനയുടെ പകുതിയും സ്വന്തമാക്കുന്നതും ഇപ്പോൾ കാരെൻസാണ്. എതിരാളിക്കൊരു പോരാളി എന്നു തന്നെ ഈ ദക്ഷിണ കൊറിയൻ വാഹനത്തെ വിശേഷിപ്പിക്കാം.

കിടിലൻ സ്പേസും അത്യാധുനിക ഫീച്ചറുകളും വൈവിധ്യമാർന്ന എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുമെല്ലാമാണ് കിയ എംപിവിയെ ഇത്രയും ഹിറ്റാക്കിയത്. ആ നിരയിലേക്ക് ഇതാ കാരെൻസിന്റെ X-ലൈൻ മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കിയ ഇന്ത്യ. പെട്രോൾ 7 സ്പീഡ് ഡിസിടി, ഡീസൽ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന എംപിവിക്ക് യഥാക്രമം 18.95 ലക്ഷം, 19.45 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
അൽപം കൂടി വില കൊടുത്താൽ ഇന്നോവ ക്രിസ്റ്റ ഡീസൽ സ്വന്തമാക്കാമല്ലോ എന്നു വിചാരിക്കുന്നവരും നമുക്കിടയിൽ കാണും. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ കിയയെ തോൽപ്പിക്കാൻ ജാപ്പനീസ് ബ്രാൻഡിനാവില്ലെന്നതാണ് സത്യം. ആയതിനാൽ കാരെൻസിന്റെ പുത്തൻ വേരിയന്റുകൾക്ക് ഈ വില കൊടുത്താൽ അതൊരു മുതലാണെന്നതിൽ സംശയമൊന്നും വേണ്ട. സെൽറ്റോസിനും സോനെറ്റിനും ശേഷം കിയ പുറത്തിറക്കുന്ന മൂന്നാമത്തെ X ലൈൻ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.

കാരെൻസിന്റെ പുതിയ ടോപ്പ് എൻഡ് വേരിയന്റിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങളും ലഭിക്കും. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാം. എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് കളർ ഓപ്ഷനൊപ്പം പിയാനോ ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ലും ക്രോം റേഡിയേറ്റർ ഗ്രിൽ ഗാർണിഷുമാണ് ലുക്കിന്റെ കാര്യത്തിൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും കാരെൻസ് X-ലൈനിനെ വേറിട്ടു നിർത്തുന്നത്.
ഫ്രണ്ട് കാലിപ്പറുകൾ സിൽവർ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ് ടെയിൽഗേറ്റിൽ ഒരു X-ലൈൻ ലോഗോയും ഇടംപിടിച്ചിരിക്കുന്നത് കാണാം. ഇതിനുപുറമെ, വശങ്ങളിൽ ഗ്ലോസി ബ്ലാക്ക് ഔട്ട്ലൈനുകളുള്ള പുത്തൻ 16 ഇഞ്ച് ഡ്യുവൽ-ടോൺ ക്രിസ്റ്റൽ കട്ട് അലോയ് വീലുകളും എംപിവിക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. സ്‌പ്ലെൻഡിഡ് സേജ് ഗ്രീൻ, ബ്ലാക്ക് എന്നിവയുടെ ഡ്യുവൽ ടോൺ കളറിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്.

കൂടുതൽ പ്രീമിയം ഫീൽ നൽകുന്നതിനായി ഓറഞ്ച് സ്റ്റിച്ചിംഗും കിയ കാരെൻസ് X-ലൈൻ പതിപ്പിന് സമ്മാനിച്ചിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് പിൻസീറ്റ് എന്റർടെയ്ൻമെന്റ് യൂണിറ്റ് കിയ ചേർത്തിട്ടുണ്ടെന്നത് സ്വാഗതാർഹമായ കാര്യമാണ്. ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന റിമോട്ട് കൺട്രോൾ വഴി ഈ എന്റർടെയ്ൻമെന്റ് യൂണിറ്റ് കൺട്രോൾ ചെയ്യാനാവും.
എന്റർടെയ്ൻമെന്റ് യൂണിറ്റ് സംവിധാനം പോഡ്‌കാസ്റ്റുകളിലേക്കുള്ള ആക്‌സസ്, സ്‌ക്രീൻ മിററിംഗ്, പിങ്ക്‌ഫോംഗ്, മറ്റ് വിവിധ വിനോദ, വാർത്താ ആപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നതും. ദീർഘദൂര യാത്രകളിൽ ഇത് ഏറെ സഹായകരമാവുന്ന ഘടകമാണ്. പ്രീമിയം ഫീച്ചറുകളും വ്യതിരിക്തമായ സ്റ്റൈലിംഗും ഉപയോഗിച്ച് പ്രായോഗികവും എന്നാൽ പ്രീമിയം ഡ്രൈവിംഗ് അനുഭവവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ കിയ കാരെൻസ് X ലൈന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഉത്സവ സീസണിനോട് അനുബന്ധിച്ച് കിയ കാരെൻസിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് കമ്പനി വില വർധനവും കഴിഞ്ഞ ദിവസം നടപ്പിലാക്കിയിരുന്നു. തെരഞ്ഞെക്കുന്ന വേരിയന്റിനെ അനുസരിച്ച് 10,000 മുതൽ 50,000 രൂപ വരെയാണ് എംപിവിക്ക് വർധിപ്പിച്ചിരിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി (O), ലക്ഷ്വറി പ്ലസ് എന്നീ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസിന് നിലവിൽ 10.44 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്.


Click it and Unblock the Notifications








