ലുക്കിന് ലുക്ക്, റേഞ്ചിന് റേഞ്ചും! കിയ EV9 പ്രീമിയം ഇലക്‌ട്രിക് എസ്‌യുവി അരങ്ങിൽ
ലോകത്തിൽ തന്നെ ഇലക്‌ട്രിക് വാഹന വിപണി കൊടിമുടി കയറുമ്പോൾ മുൻനിര ബ്രാൻഡുകളെല്ലാം ഇവികളുടെ പിന്നാലെ പായുകയാണ്. പുതുപുത്തൻ മോഡലുകൾ വ്യത്യസ്‌തമായ റേഞ്ച് കണക്കുകളുമായി വിപണി കൈയടക്കുമ്പോൾ പുതുമയാർന്ന ഡിസൈനും സാങ്കേതികവിദ്യയുമായി കളംനിറയുന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ്.
കാഴ്ച്ചയിൽ തീർത്തും പുതുമയാർന്ന ഡിസൈൻ ഒരുക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് കിയയെന്ന് പണ്ടേ തെളിയിക്കപ്പെട്ടിട്ടുണ്ട്. സെൽറ്റോസും കാർണിവലും EV6 ഇവിയുമെല്ലാം ഇതിന് ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. നാം കണ്ടതിൽ കൂടുതൽ വജ്രായുധങ്ങൾ അണിയറയിൽ ഉള്ളവരാണ് ഈ കൊറിയൻ കമ്പനി. അടുത്തിടെ ഇവി മേഖലയ്ക്ക് പ്രത്യേക ഊന്നൽ കൊടുക്കുന്ന കമ്പനി ഇപ്പോഴിതാ പുതിയ 7 സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) അടിസ്ഥാനമാക്കിയുള്ള EV9 ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് മോഡലിനെയാണ് കമ്പനി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നിരകളുള്ള എസ്‌യുവിക്ക് WLTP സൈക്കിളിൽ 541 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ഉണ്ടാവുമെന്നാണ് കിയ അവകാശപ്പെടുന്നതും.കൂടാതെ അൾട്രാ-ഫാസ്റ്റ് 800V ചാർജിംഗ് ശേഷിയും വാഹനത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. വെറും 15 മിനിറ്റ് ചാർജ് ചെയ്‌താൽ 239 കിലോമീറ്റർ വരെ ഓടാൻ ഇത് സഹായകരമാവും.
ഡിസൈനിലേക്ക് നോക്കിയാൽ സ്മാർട്ട് ലുക്കിംഗ് ആനിമേറ്റഡ് എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ഹെഡ്‌ലൈറ്റ് ക്രമീകരണം EV9 ഇലക്ട്രിക്കിന് തികച്ചും പുതുമയുള്ള ഫീലാണ് നൽകുന്നത്. കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലിന് "ഡിജിറ്റൽ ടൈഗർ ഫേസ്" എന്ന് പുനർനാമകരണം ചെയ്‌തിട്ടുമുണ്ട്. ഇതും വാഹനത്തിന് സവിശേഷമായ രൂപമാണ് സമ്മാനിച്ചിരിക്കുന്നത്. ഡിസൈൻ പോലെ തന്നെ വലിപ്പത്തിന്റെ കാര്യത്തിലായാലും പുത്തൻ EV9 ഇലക്ട്രിക് ശരിക്കും സമ്പന്നനാണ്.

5010 മില്ലീമീറ്റർ നീളവും 1980 മില്ലീമീറ്റർ വീതിയും 1755 മില്ലീമീറ്റർ ഉയരവും 3100 മില്ലീമീറ്റർ വീൽബേസുമാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. അതായത് കിയ ടെല്ലുറൈഡിന്റെ അതേ വലിപ്പമാണ് മോഡലിനുള്ളതെന്ന് സാരം. ഇന്റീരിയറും ഒരു കിടിലൻ ഫീലാണ് യാത്രക്കാർക്ക് സമ്മാനിക്കുക. ഡാഷ്ബോർഡിൽ മൂന്ന് സ്‌ക്രീനുകൾ ഉൾക്കൊള്ളുന്ന വിപുലമായ ഡിജിറ്റൽ പാനലാണ് ആകർഷണം. ഒരു പുതിയ സ്റ്റിയറിംഗ് വീലിനൊപ്പം ഒരു സെന്റർ കൺസോളും മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.
മൂന്നുവരി മോഡലാണെങ്കിലും 6 സീറ്റർ ഓപ്ഷനിലാണ് ഈ പ്രീമിയം കിയ ഇലക്ട്രിക് എസ്‌യുവി ക്രമീകരിച്ചിരിക്കുന്നത്. അതായത് 2+2+2 എന്ന രീതിയിലാണ് വാഹനത്തിലെ സീറ്റിംഗ് ക്രമീകരണമെന്ന് സാരം. വ്യത്യസ്‌മായ നിറങ്ങളിലും ഇന്റീരിയർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ടാവുമെന്നാണ് വിവരം. EV9 ഇവിയുടെ RWD എൻട്രി ലെവൽ പതിപ്പുകളിൽ 76.1kWh ബാറ്ററി പായ്ക്ക് ഇടംപിടിക്കുമ്പോൾ AWD വേരിയന്റുകളിൽ കമ്പനി 99.8kWh ബാറ്ററി പായ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്.

കിയ ev9 ഇവിയുടെ RWD ലോംഗ് റേഞ്ച് മോഡലിൽ 150 kW/350 Nm ഇലക്ട്രിക് മോട്ടോറാണ് കിയ ഒരുക്കിയിരിക്കുന്നത്. ഇത് 9.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. അതേസമയം സ്റ്റാൻഡേർഡ് RWD പതിപ്പ് കൂടുതൽ ശക്തമായ സിംഗിൾ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് (160 kW/350 Nm) നിരത്തിലേക്ക് എത്തുന്നത്. ഡ്യുവൽ മോട്ടോർ സജ്ജീകരണമുള്ള AWD വേരിയന്റിന് 283 kW പവറിൽ 600 Nm torque നൽകാനും പ്രാപ്‌തമാണ്.
വെറും 6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പുതിയ ഇലക്ട്രിക് എസ്‌യുവിക്കാവും. കിയ EV9 ഇവിയിൽ V2L പ്രവർത്തനക്ഷമതയുണ്ട്. അതേസമയം റിമോട്ട് സ്മാർട്ട് പാർക്കിംഗ് അസിസ്റ്റ് 2 (RSPA 2) ഒരു ഡിജിറ്റൽ ഫീച്ചറായി വാഗ്ദാനം ചെയ്യുന്നു. ഹൈവേ ഡ്രൈവിംഗ് പൈലറ്റ് (HDP) സിസ്റ്റം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളാൽ നിറഞ്ഞ വാഹനം കൂടിയാണിത് എന്ന കാര്യം എടുത്തു പറഞ്ഞേക്കാം.

ഇതിനകം തന്നെ EV6 ഇലക്ട്രിക് ക്രോസ്ഓവർ ഇന്ത്യയിൽ വിൽക്കുന്നുണ്ട് എന്നതിനാൽ സമീപഭാവിയിൽ ഈ മോഡലിനെ ഇന്ത്യയിൽ കൊണ്ടുവരാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മുൻകൈയെടുത്തേക്കാം. ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ EV9 കൺസെപ്റ്റ് പ്രദർശിപ്പിച്ചപ്പോൾ കിയക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. എന്നിരുന്നാലും പരിമിതമായ യൂണിറ്റുകളിൽ ഇറക്കുമതി ചെയ്യാനാണ് സാധ്യത തെളിയുന്നത്.


Click it and Unblock the Notifications