541 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്, വിറക്കാൻ ലക്ഷ്വറി കാറുകൾ
ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായി അതിവേഗം മാറിയവരാണ് കിയ മോട്ടോർസ്. ഹ്യുണ്ടായിയുമായുള്ള ബന്ധവും ദക്ഷിണ കൊറിയൻ പാരമ്പര്യവുമൊന്നുമല്ല കിയയെ ജനപ്രിയരാക്കിയ ഘടകം. അന്നുവരെ നാം കണ്ടുപരിചയിച്ചിട്ടില്ലാത്ത തരം ഡിസൈനിംഗും പ്രീമിയം കാറുകളിൽ മാത്രം കണ്ടിരുന്ന ഫീച്ചറുകളും അത്യുഗ്രൻ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുമെല്ലാം കുറഞ്ഞ വിലക്ക് അവതരിപ്പിച്ചതാണ് ബ്രാൻഡിനെ അതിവേഗം വിപണി കീഴടക്കാൻ സഹായിച്ചത്.
സെൽറ്റോസിലൂടെ തുടങ്ങിയ അങ്കം കാർണിവലിലൂടെയും സോനെറ്റിലൂടെയും കാരെൻസിലൂടെയും മുന്നോട്ടുകൊണ്ടുപോയ കിയ ഇന്ന് പ്രീമിയം ഇലക്ട്രിക് കാർ വരെ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായിരുന്ന ഫോർഡിനും ഷെവർലെയ്ക്കും പോലും നേടാനാവാത്ത കാര്യങ്ങൾ നമ്മുടെ നാട്ടിൽ നേടിയെടുക്കുന്ന കിയ ദേ ഇപ്പോൾ മറ്റൊരു ഇലക്ട്രിക് വാഹനത്തെ കൂടി ഇന്ത്യക്ക് സമ്മാനിക്കാൻ തയാറെടുക്കുകയാണ്.

ബ്രാൻഡിന്റെ മുൻനിര ഇലക്ട്രിക് എസ്‌യുവിയായ EV9 അടുത്ത വർഷം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നതാണ് ആ വാർത്ത. കിയ 2.0 എന്ന പേരിൽ ഒരു പുതിയ പരിവർത്തന തന്ത്രം വെളിപ്പെടുത്തിയതിലാണ് EV9 പോലുള്ള മോഡലുകളുടെ വരവിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. അടുത്ത കുറച്ച് വർഷങ്ങളിൽ ഉയർന്ന മത്സരമുള്ള ഇന്ത്യൻ വിപണിയിൽ 10 ശതമാനം വിപണി വിഹിതം ലക്ഷ്യമിട്ടാണ് ബ്രാൻഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ആയതിനാൽ പുതിയ തന്ത്രത്തിന്റെ ഭാഗമായി EV9 പോലെയുള്ള കൂടുതൽ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും. കൊറിയൻ ബ്രാൻഡ് ഈ വർഷം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ EV9 കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡൽ 2023 മാർച്ചിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തിരുന്നു. അവതരണത്തെ കുറിച്ചുള്ള സ്ഥിരീകരണം നടത്തിയെങ്കിലും കൃത്യമായ തീയതിയൊന്നും കിയയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

EV6 ഇവിക്ക് ശേഷം രാജ്യത്ത് പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കും ഇത്. പ്രതീക്ഷിക്കുന്നതു പോലെ തന്നെ രാജ്യത്തെ ആഡംബര വാഹനങ്ങൾക്ക് സമാനമായ വില തന്നെയാവും ഈ വരാനിരിക്കുന്ന കിയ ഇലക്ട്രിക് എസ്‌യുവിക്കുണ്ടായിരിക്കുക. ഹ്യുണ്ടായിയുടെ E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ മുൻനിര ഇവിയാണിത്. ചിത്രങ്ങളിൽ കാണുന്നതു പോലെ തീർത്തും ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനായിരിക്കും പ്രധാന ഹൈലൈറ്റ്.
ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്ലുള്ള ഷാർപ്പ്-ലുക്ക് ഫ്രണ്ട് ഫാസിയയും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ലംബമായ എൽഇഡി ഹെഡ്‌ലാമ്പും എസ്‌യുവിയുടെ ഡിസൈനിലെ പ്രധാന സവിശേഷതയാണ്.ഇതിന് സമാനമായ എൽഇഡി ടെയിൽ ലൈറ്റുകളും ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും 21 ഇഞ്ച് അലോയ് വീലുകളുമെല്ലാം കിയ EV6 ഇവിക്ക് മാറ്റേകാനായി ഇടംപിടിച്ചിട്ടുണ്ട്. പുറംമോടിയെ സാധൂകരിക്കുന്ന തരത്തിലുള്ള ഇന്റീരിയറാണ് ഇലക്ട്രിക് എസ്‌യുവിയുടെ അടുത്ത ഹൈലൈറ്റ്.

ആധുനികവും ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയറും ഉൾക്കൊള്ളുന്ന 3-വരി എസ്‌യുവിയാണ് EV9. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന വലിയ സ്‌ക്രീനുമുള്ള വൃത്തിയുള്ള രൂപകൽപ്പന നൽകാനും കിയക്കായിട്ടുണ്ട്. 4-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് പ്രീമീയം കാറിന്റെ മറ്റൊരു പ്രത്യേകത. ശരിക്കും തങ്ങളുടെ ഡിസൈനിംഗിലെ വൈദഗ്ധ്യം കിയ ഇതിലൂടെ ഊന്നിപ്പറയുന്നുമുണ്ട്.
അന്താരാഷ്ട്രതലത്തിൽ EV9 ഇവി മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് വാഗ്‌ദാനം ചെയ്യാനാണ് സാധ്യത. 76.1 kWh ബാറ്ററി ലഭിക്കുന്ന EV9 RWD പതിപ്പിൽ നിന്നാണ് ശ്രേണി ആരംഭിക്കുന്നത്. 99.8 kWh ബാറ്ററി ലഭിക്കുന്ന EV9 RWD ലോംഗ് റേഞ്ച് വേരിയന്റാണ് അടുത്തത്. ടോപ്പ് സ്പെക്ക് EV9 AWD വേരിയന്റിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലഭിക്കുന്നുണ്ട്.

76.1 kWh ബാറ്ററിയും ഉപയോഗിക്കുന്ന EV9 RWD മോഡലിന് 358 കിലോമീറ്റർ റേഞ്ച് നൽകാനാവും. അതേസമയം 99.8 kWh ബാറ്ററി പായ്ക്കുള്ള ലോംഗ് റേഞ്ച് വേരിയന്റിന് 541 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ടോപ്പ്-സ്പെക്ക് EV9 ഇവിയുടെ റേഞ്ച് കണക്ക് കിയ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഒരു കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) അവതരിപ്പിക്കുന്നതിനാൽ ഏകദേശം 80 മുതൽ 85 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications