Kia കാറുകൾക്ക് കൂടിയത് 1 ലക്ഷം രൂപ വരെ, പുതിയ വില വർധനവ് ഇങ്ങനെ
പുതുവർഷമായതോടെ തങ്ങളുടെ കാറുകൾക്കെല്ലാം വില വർധിപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ വാഹന നിർമാതാക്കളെല്ലാം. ഡിസംബറിൽ തന്നെ സ്ഥിരം പല്ലവി പാടുകയും ചെയ്‌തു. നേരത്തെ വർഷാവർഷമുണ്ടായിരുന്ന ഈ വില പരിഷ്ക്കാരം ഇന്ന് ഓരോ മൂന്നുമാസം കൂടുമ്പോഴെങ്കിലും കൃത്യമായി കമ്പനികൾ നടപ്പിലാക്കാറുണ്ട്. ഒരു നാലോ അഞ്ചോ വർഷം മുമ്പ് നാല്-അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കോംപാക്‌ട് ഹാച്ച്ബാക്ക് വാങ്ങാനാവുമായിരുന്നെങ്കിൽ ഇന്ന് ആ കണക്ക് ഏഴു മുതൽ ഏഴര ലക്ഷം രൂപ വരെയായെന്നു പറയാം.
2023 ജനുവരി ഒന്നു മുതൽ കിയ ഇന്ത്യ എല്ലാ കാറുകളുടെയും വില ഒരു ലക്ഷം രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ചരക്ക് വില ഉയരുന്നതും വരാനിരിക്കുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കാറുകൾ നവീകരിക്കുന്നതിനുള്ള ചെലവും നികത്തുന്നതിന് വേണ്ടിയാണ് ഈ വില പരിഷ്ക്കാരമെന്നാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ വിശദീകരണം. എന്നാൽ പുതിയ ചട്ടങ്ങൾ ഏപ്രിലിൽ നടപ്പിലാക്കുന്നതോടെ വീണ്ടും ഒരു വില വർധനവ് ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം. കിയ മാത്രമല്ല, എല്ലാ കമ്പനികളും ഇതേ രീതിയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടപ്പിലാക്കി വരുന്നത്.

ഇനി കിയയുടെ ഏറ്റവും പുതിയ വില വർധനവിലേക്ക് കടന്നാൽ കാർണിവൽ പ്രീമിയം എംപിവി ഒഴികെയുള്ള എല്ലാ മോഡലുകളിലും ദക്ഷിണ കൊറിയൻ ബ്രാൻഡ് വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. EV6 ഇവിക്കാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വില പരിഷ്ക്കാരം ലഭിച്ചിരിക്കുന്നത്. ഇലക്ട്രിക് ക്രോസ്ഓവറിന്റെ RWD, AWD വേരിയന്റുകൾക്ക് ഒരു ലക്ഷം രൂപയുടെ വില ഉയർച്ചയാണ് സമ്മാനിച്ചിരിക്കുന്നത്. അതായത് ഇലക്ട്രിക് കാറിന് ഇപ്പോൾ 60.95 ലക്ഷം മുതൽ 65.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയെന്ന് സാരം.
കാർണിവലിന്റെ വിലയിൽ മാറ്റമില്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. ആയതിനാൽ എംപിവിയുടെ എക്‌സ്‌ഷോറൂം വില ഇപ്പോഴും 30.99 ലക്ഷം മുതൽ 35.49 ലക്ഷം രൂപ വരെയായി തുടരുന്നു. സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയുടെ 1.4 ലിറ്റർ ടർബോ പെട്രോൾ വേരിയന്റുകൾക്ക് മുമ്പത്തേക്കാൾ 40,000 രൂപ കൂടുതലാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരുന്നത്. അതേസമയം മോഡലിന്റെ 1.5 ലിറ്റർ NA പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ 20,000 രൂപ കൂടുതലാണ്.

കൂടാതെ കിയ സെൽറ്റോസ് 1.5 ഡീസൽ വേരിയന്റുകൾക്ക് 50,000 രൂപയുടെ വില വർധനയും ലഭിച്ചു. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്ക് എതിരാളികളായ എസ്‌യുവിക്ക് ഇപ്പോൾ 10.69 ലക്ഷം മുതൽ 19.15 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. അതേസമയം ബ്രാൻഡിന്റെ എംപിവി വാഹനമായ കാരെൻസിനറെ 1.5 ലിറ്റർ NA പെട്രോൾ പതിപ്പിന് 20,000 രൂപയും 1.4 ലിറ്റർ ടർബോ പെട്രോൾ വേരിയന്റുകൾക്ക് 25,000 രൂപയുമാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്.
കാരെൻസ് ഡീസൽ പതിപ്പിന് ഇപ്പോൾ 45,000 രൂപയാണ് വില ഉയർത്തിയിരിക്കുന്നത്. കിയ ഇന്ത്യയുടെ മൾട്ടി പർപ്പസ് വാഹനം ഇപ്പോൾ നിങ്ങൾക്ക് 10.20 ലക്ഷം മുതൽ 18.45 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാം. കിയയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലിനെയും വില പരിഷ്ക്കാരത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല. സോനെറ്റിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ വേരിയന്റുകളുടെ വിലയിൽ 25,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം ഡീസൽ വേരിയന്റുകൾക്ക് മുമ്പത്തേക്കാൾ 40,000 രൂപ കൂടുതലായിരിക്കും ഇനി മുതൽ.
സോനെറ്റിന്റെ 1.2 ലിറ്റർ NA പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ 20,000 രൂപയാണ് അധികം മുടക്കേണ്ടി വരിക. സോനെറ്റ് ആനിവേഴ്‌സറി എഡിഷൻ കിയ നിർത്തലാക്കിയെന്നാണ് വിവരം. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം കിയയുടെ മൊത്തം വിൽപ്പന അടുത്തിടെ 8 ലക്ഷം യൂണിറ്റ് മറികടന്നിരുന്നു. സെൽറ്റോസ്, സോനെറ്റ് മോഡലുകൾ വലിയ ഹിറ്റായതാണ് കമ്പനിക്ക് ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കാനായത്. ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ചേർന്ന് 2022ൽ മൊത്തം 3.36 ലക്ഷം യൂണിറ്റുകൾ വിറ്റതായി കിയ ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
2019-ൽ സെൽറ്റോസിലൂടെയാണ് കിയ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. സെൽറ്റോസിന്റെ ലോഞ്ച് മുതൽ, സോനെറ്റ് സബ്-കോംപാക്‌ട് എസ്‌യുവി, കാർണിവൽ എംപിവി, കാരെൻസ് എംപിവി എന്നിവയ്‌ക്കൊപ്പം കിയ തങ്ങളുടെ വൻവളർച്ച ഇന്ത്യയിൽ നേടിയെടുക്കുകയായിരുന്നു. നിലവിൽ കാരെൻസും മികച്ച പ്രതികരണമാണ് വിപണയിൽ നിന്നും നേടിയെടുക്കുന്നത്. അവതരണത്തിന് ശേഷം കാരെൻസിന്റെ ഏതാണ്ട് 62,756 യൂണിറ്റുകൾ ഇതിനകം വിറ്റഴിക്കാനും കൊറിയൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലാണ് കിയയുടെ നിർമാണ പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റ് വാർഷിക ശേഷിയും ഇതിനുണ്ട്. പ്രാദേശിക വിപണിയിലേക്ക് കിയ ഇന്ത്യ ഇവിടെ നിന്ന് 6.22 ലക്ഷം വാഹനങ്ങൾ എത്തിച്ചപ്പോൾ 1.78 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications








