സെൽറ്റോസിനെ പിടിക്കാൻ എലിവേറ്റിനാവൂല്ല, ഒക്‌ടോബറിൽ 24,000 കാറുകളുടെ വിൽപ്പനയുമായി കിയ
ഇന്ത്യയിൽ പണ്ട് മുതലുണ്ടായിരുന്ന വമ്പൻ കമ്പനികൾക്ക് പോലും നേടാനാവാത്ത നേട്ടങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 2019-ലാണ് രാജ്യത്ത് സാന്നിധ്യമറിയിക്കുന്നതെങ്കിലും ഈ ചുരുങ്ങിയ കാലംകൊണ്ട് ആഭ്യന്ത വിപണിയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാൻഡായി വളരാൻ ഇവർക്കായെന്നതാണ് ശ്രദ്ധേയം.
സെൽറ്റോസ് എന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഷോറൂം നിറയ്ക്കുന്നതെങ്കിലും സോനെറ്റ്, കാർണിവൽ, കാരെൻസ് പോലുള്ള തട്ടുപൊളിപ്പൻ വാഹനങ്ങളും മികച്ച രീതിയിൽ സംഭാവന നൽകുന്നുണ്ട്. 2023 ഒക്ടോബറിൽ 24,351 യൂണിറ്റുകളുമായി ആഭ്യന്തര വിപണിയിൽ എക്കാലത്തെയും ഉയർന്ന നാലാമത്തെ പ്രതിമാസ വിൽപ്പന റിപ്പോർട്ട് ചെയ്തതായി കിയ ഇന്ത്യ പ്രഖ്യാപിച്ചു. ഈ ഉത്സവ സീസണിലെ നല്ല ഡിമാൻഡും സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയുമാണ് ഈ ഉയർന്ന കണക്കുകൾ നേടാൻ കാരണമായത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബ്രാൻഡ് 23,323 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. അതായത് ഒറു വർഷത്തിനിപ്പുറം ഇന്ത്യയിൽ 4.41 ശതമാനം വളർച്ച കൈവരിക്കാൻ കമ്പനിക്കായെന്ന് സാരം. മൊത്തം 12,362 യൂണിറ്റുകളുമായി സെൽറ്റോസ് മുന്നിലെത്തിയപ്പോൾ സോനെറ്റ് മൊത്തം 6,493 യൂണിറ്റുകൾ നിരത്തിലെത്തിച്ച് രണ്ടാം സ്ഥാനം കൈവരിച്ചു. അതിന് പിന്നാലെ 5,355 യൂണിറ്റുകളുമായി കാരെൻസും 141 യൂണിറ്റുകളുമായി EV6 ഇലക്ട്രിക് ക്രോസ്ഓവറുമാണ് അരങ്ങത്തുള്ളത്.
നിലവിൽ പുതുതലമുറ മോഡസിലെ കാത്തിരിക്കുന്നതിനാൽ കാർണിവലിന്റെ വിൽപ്പന താത്ക്കാലികമായി കമ്പനി നിർത്തിവെച്ചിരിക്കുകയാണ്. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവ മത്സരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിലധികം പുതിയ ലോഞ്ചുകൾ ഉണ്ടായിട്ടും അതത് വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നത് ഒരു പ്രധാന നേട്ടമാണെന്ന് വിൽപ്പന പ്രകടനത്തെക്കുറിച്ച് സംസാരിച്ച കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ദേശീയ തലവൻ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.

വരും മാസങ്ങളിലും ഇതേ വേഗത നിലനിർത്തുന്നതിനായി തങ്ങൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ കലണ്ടർ വർഷത്തിൽ അതായത് 2023 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മൊത്തം 2,19,702 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. ഇതിൽ സെൽറ്റോസ് 83,250 യൂണിറ്റുകളുമായി മൊത്തം വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന നൽകി.
തൊട്ടുപിന്നാലെ 73,333 യൂണിറ്റുകളുമായി സോനെറ്റ് കോംപാക്ട് എസ്‌യുവിയും മൊത്തം 60,817 യൂണിറ്റുകളുടെ സംഭാവനയുമായി കാരെൻസ് എംപിവിയുമാണ് കിയയെ ശക്തിപ്പെടുത്തുന്ന മോഡലുകൾ. 2019 ഓഗസ്റ്റിൽ രാജ്യത്ത് വൻതോതിലുള്ള ഉത്പാദനം ആരംഭിച്ച കിയയുടെ വാർഷിക ഉത്പാദന ശേഷി നിലവിൽ മൂന്ന് ലക്ഷം യൂണിറ്റാണ്. ആഭ്യന്തര വിപണിയിൽ 7.50 ലക്ഷവും കയറ്റുമതി രംഗത്ത് 2.50 ലക്ഷവും ഉൾപ്പെടെ ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാന്റിൽ നിന്ന് പത്ത് ലക്ഷത്തിലധികം വണ്ടികളുടെ വിൽപ്പനയാണ് പൂർത്തിയാക്കിയിരിക്കുന്നത്.

213 നഗരങ്ങളിലായി 432 ടച്ച് പോയിന്റുകൾ അടങ്ങുന്ന വിപുലമായ വിൽപ്പന ശൃംഖലയാണ് കിയയ്ക്കുള്ളത് എന്നതും ഈ വിൽപ്പനയുടെ വേഗം കൂട്ടി. അടുത്ത വർഷം (2024) തുടക്കത്തിൽ സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കിയ ഇപ്പോൾ. അടുത്ത കലണ്ടർ വർഷം മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂ ജനറേഷൻ കാർണിവൽ അവയിലൊന്നായിരിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിർത്തലാക്കിയ മൂന്നാം തലമുറ കാർണിവലിന്റെ പിൻഗാമിയാവും ഇത്. കഴിഞ്ഞ ദിവസം ആഡംബര എംപിവിയുടെ ഏറ്റവും പുതിയ തലമുറ മോഡൽ ആഗോളതലത്തിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. അടിസ്ഥാന രൂപം ഒന്നാണെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നവീകരണങ്ങൾ ആളുകളെ കൈയിലെടുക്കാനുള്ള മോടികളോടെയാണ് വണ്ടിയുടെ വരവ്.

2024 കിയ കാർണിവലിന്റെ ഇന്റീരിയർ കൂടുതൽ നൂതനമായ ഫീച്ചറുകളും സാങ്കേതിക വിദ്യയും കോർത്തിണക്കിയാണ് വരുന്നത്. അതോടൊപ്പം ഒന്നിലധികം സീറ്റിംഗ് ലേഔട്ടിലും വാഹനം വാഗ്ദാനം ചെയ്യുമെന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. വിദേശത്ത് ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാവുമെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ഇത് പരിചിതമായ 2.2 ലിറ്റർ ടർബോ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക.
ഇത് പരമാവധി 200 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. മാനുവൽ ഓപ്ഷൻ ഇപ്പോഴും ഇനിയും അങ്ങോട്ട് കിയ കാർണവലിന് നൽകാൻ ഉദ്ദേശിക്കുന്നില്ല. ഹൈ-എൻഡ് കാറുകളിൽ ക്ലച്ച്ലെസ് ട്രാൻസ്മിഷന്റെ ഉപയോഗം സാധാരണമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.


Click it and Unblock the Notifications








