മാരുതി കാണുന്നുണ്ടല്ലോ അല്ലേ, പുത്തൻ സെൽറ്റോസിന് വൻസ്വീകരണം; ബുക്കിംഗ് 30,000 കടന്നു
മിഡ്-സൈസ് എസ്‌യുവികൾ എന്താണെന്ന് ഇന്ത്യക്കാരെ പരിചയപ്പെടുത്തിയത് റെനോ ഡസ്റ്റർ ആണെങ്കിൽ അതിന് പുതിയ തലങ്ങൾ സമ്മാനിച്ചത് ഹ്യുണ്ടായി ക്രെറ്റയാണ്. എന്നാൽ സെഗ്മെന്റിനെ ഇളക്കി മറിച്ചുകൊണ്ട് കിയ നടത്തിയ സർജിക്കൽ മൂവായിരുന്നു സെൽറ്റോസ്. സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ സങ്കൽപം തന്നെ മാറ്റിമറിക്കാൻ ഈ മോഡൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
പിന്നീട് ഈ സെഗ്മെന്റിൽ എത്തിയ വാഹനങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കുന്ന കാഴ്ച്ചയാണ് കാണാനായത്. സി-എസ്‌യുവികളുടെ ലോകത്ത് രണ്ടാമനായി വാഴാനും ദക്ഷിണ കൊറിയൻ ബ്രാൻഡിന് സാധിച്ചതും സെൽറ്റോസിലൂടെയാണ്. എന്നാൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്‌തുകൊണ്ട് മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും വളർന്നപ്പോൾ സെൽറ്റോസ് ചെറുതായൊന്ന് സൈഡായി.

ഇതിന് പരിഹാരമായി കാലത്തിന് അനുയോജ്യമായ രീതിക്ക് തങ്ങളുടെ വാഹന നിരയെ ഒരുക്കാൻ പ്രത്യേകം താത്പര്യം കാണിക്കാറുള്ള കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനെ കളത്തിലേക്ക് ഇറക്കി. അടുത്തിടെ വില പ്രഖ്യാപനവും അവതരണവും ഡെലിവറിയുമെല്ലാം തുടങ്ങിയ എസ്‌യുവിയെ തേടി ആളുകൾ ഷോറൂമുകളിലേക്ക് ഇരച്ചെത്തുകയും ചെയ്‌തു. ഗ്രാൻഡ് വിറ്റാരയ്ക്കും ഹൈറൈഡറിനും മുന്നിൽ നെഞ്ചുവിരിച്ചെത്തിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ച ബുക്കിംഗ് കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
പുതിയ സെൽറ്റോസിനായുള്ള പ്രീ-ബുക്കിംഗ് ജൂലൈ 14-നാണ് ആരംഭിച്ച കിയ ഇന്ത്യ ഒരു മാസത്തിനുള്ളിൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനായി 31,716 ബുക്കിംഗുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്. 2019 മുതൽ കിയ 5 ലക്ഷത്തിലധികം സെൽറ്റോസുകളാണ് രാജ്യത്ത് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. 2023 സെൽറ്റോസിന്റെ ആകർഷകമായ വിലയും ADAS പോലുള്ള സേഫ്റ്റി ഫീച്ചറുകളുടെ അകമ്പടിയുമെല്ലാമാണ് എസ്‌യുവിയിലേക്ക് ആളുകൾ അടുക്കാൻ കാരണമായിരിക്കുന്നത്.

നിലവിൽ 10.89 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്ഷോറൂം വില വരുന്നത്. ടെക് ലൈൻ, ജിടി ലൈൻ, X ലൈൻ എന്നിങ്ങനെ മൂന്ന് വിശാലമായ ട്രിം ലൈനുകളിലൂടെനീളം 18-ഓളം വേരിയന്റുകളാണ് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായി കിയ അവതരിപ്പിച്ചിരിക്കുന്നത്. 17,412 ബുക്കിംഗുകൾക്ക് തുല്യമായ മൊത്തം ബുക്കിംഗിന്റെ 55 ശതമാനവും HTX മുതലുള്ള ടോപ്പ് വേരിയന്റുകൾക്കാണെന്നും കമ്പനി പറയുന്നു.
പ്രീമിയം ഫീച്ചറുകൾക്കും മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവങ്ങൾക്കും മുൻഗണന നൽകുന്ന ആധുനിക ഉപഭോക്തൃ പ്രവണതയെ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു. 26.04 സെന്റിമീറ്റർ വലിപ്പനുള്ള ഡിജിറ്റൽ ക്ലസ്റ്ററും 26.03 സെന്റിമീറ്റർ വലിപ്പമുള്ള എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ നാവിഗേഷനും ഉള്ള ഡ്യുവൽ സ്‌ക്രീൻ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ഫുള്ളി ഓട്ടോമാറ്റിക് എയർ കണ്ടീഷണർ, R18 46.20 സെ.മീ ബ്ലാക്ക് സ്‌റ്റൈൽ ക്രിസ്റ്റൽ കട്ട് അലോയ് വീൽ എന്നിവയുൾപ്പെടെ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളാണ് വാഹനത്തിലുള്ളത്.

കാഴ്ച്ചയിലും ആരേയും മോഹിപ്പിക്കും വിധമാണ് എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അടിസ്ഥാന രൂപത്തിൽ മാറ്റങ്ങളൊന്നുമില്ലെന്ന് പറയാം. വലിയ ഗ്രില്ലിനൊപ്പം പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളുമാണ് ഇതിനായി ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിൻ വിശേഷങ്ങളിലേക്ക് വന്നാൽ പഴയ 1.5 ലിറ്റർ പെട്രോൾ, ഡീസൽ നിലനിർത്തിയെങ്കിലും പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കൊണ്ടുവരാൻ ബ്രാൻഡ് തയാറായി.
ഇത് 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ നൽകാൻ ശേഷിയുള്ളതാണെന്നും കിയ ഇന്ത്യ പറയുന്നു. 6 സ്പീഡ് iMT അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് ഈ പുതിയ ടർബോ എഞ്ചിൻ സ്വന്തമാക്കാനാവുന്നത്. ഫോർവേഡ് കൊളിഷൻ വാണിംഗ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയെല്ലാമാണാണ് മിഡ്-സൈസ് എസ്‌യുവിയുടെ ADAS ഫീച്ചറിലുള്ളത്.

എന്തായാലും നാല് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന പ്രധാന അപ്ഡേറ്റ് ആരേയും മോഹിപ്പിക്കുന്നതാണെന്ന് ഈ ബുക്കിംഗ് കണക്കുകൾ എന്ന് ബുക്കിംഗ് കണക്കുകൾ പറഞ്ഞുവെക്കുന്നു. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പൻമാർക്കുള്ള വെല്ലുവിളി കൂടിയാണ് ഈ കണക്കുകൾ.


Click it and Unblock the Notifications








