എലിവേറ്റിനേക്കാൾ കൂടുതൽ, സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് കണക്കുമായി കിയ
ഇന്ത്യൻ എസ്‌യുവി വിപണിയിൽ കോളിളക്കം സൃഷ്‌ടിച്ചുകൊണ്ട് കടന്നുവന്നവരാണ് കിയ മോട്ടോർസ്. സെൽറ്റോസിലൂടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ സങ്കൽപം തന്നെ മാറ്റിമറിക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡിനായിരുന്നു. ഇന്ന് ഒരു എസ്‌യുവി വാങ്ങാൻ പ്ലാനിട്ടാൽ തന്നെ ആദ്യം പരിഗണിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായും സെൽറ്റോസ് മാറിയിട്ടുണ്ട്. ഇത്രയേറെ ഇംപാക്‌ട് ഉണ്ടാക്കിയ മോഡൽ മുഖംമിനുക്കി അടുത്തിടെ വിപണിയിലെത്തിയിരുന്നു.
കാലത്തിന് അനുയോജ്യമായ രീതിക്ക് തങ്ങളുടെ വാഹന നിരയെ ഒരുക്കാൻ പ്രത്യേകം താത്പര്യം കാണിക്കാറുള്ള കിയ, സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനെ പരിഷ്ക്കരിച്ചത് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മിഡ്-സൈസ് സെഗ്മെന്റിലെ എതിരാളികളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും ടൊയോട്ടയുമെല്ലാം. ഇനി വരാനിരിക്കുന്ന ഹോണ്ട എലിവേറ്റിനോടും മുട്ടാൻ എല്ലാരീതിക്കും സെൽറ്റോസിന്റെ പുത്തൻ ആവർത്തനം സജ്ജമായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഇപ്പോഴിതാ പുത്തൻ സെൽറ്റോസിന്റെ മൈലേജ് കണക്കുകളും പുറത്തുവിട്ട് ഞെട്ടിക്കുകയാണ് കിയ ഇന്ത്യ. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനിലാണ് മിഡ്-സൈസ് എസ്‌യുവി വിപണിയിൽ അണിനിരത്തിയിട്ടുള്ളത്. HTE, HTK, HTK+, HTX എന്നീ വേരിയന്റുകളിൽ ലഭ്യമായ ആദ്യത്തെ 1.5 ലിറ്റർ പെട്രോൾ മോഡലുകൾക്ക് മാനുവലിൽ 17 കിലോമീറ്ററാണ്.
അതേസമയം കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 1.5 ലിറ്റർ പെട്രോൾ സിവിടി ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 17.7 കിലോമീറ്റർ മൈലേജും ദക്ഷിണ കൊറിയൻ ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. ഇതിന്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 114 bhp പവറിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുമ്പുണ്ടായിരുന്ന മോഡലിൽ വാഗ്‌ദാനം ചെയ്യുന്ന അതേ കണക്കുകളാണിത്.

ഇനി രണ്ടാമത്തെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 6-സ്പീഡ് iMT അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ സെൽറ്റോസ് ഡീസലിന് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ച് 20.7 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക്കിൽ 19.1 കിലോമീറ്റർ മൈലേജും നൽകാനാവും. 1.5 ലിറ്റർ ഡീസലിന് 114 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനാവുകയും ചെയ്യും.
ഇനി ഏറ്റവും പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ HTK, HTK+, HTX+, GTX+, X-Line എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. 158 bhp പവറിൽ പരമാവധി 253 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ക്ലച്ച്‌ലെസ് മാനുവൽ (iMT) അല്ലെങ്കിൽ ഏഴ് സ്പീഡ് DCT എന്നിവയ്‌ക്കൊപ്പം ലഭിക്കും.

സെൽറ്റോസ് ടർബോ പെട്രോൾ എസ്‌യുവിയുടെ iMT മോഡലുകൾക്ക് 17.7 കിലോമീറ്റർ മൈലേജ് അവകാശപ്പെടുമ്പോൾ ഡിസിടി ഓട്ടോമാറ്റിക്കിന് 17.9 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കിയ പറയുന്നത്. ഇങ്ങനെ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെത്തുന്ന ഏറ്റവും മികച്ച മൈലേജ് കണക്കുകളുള്ള മോഡലുകളിൽ ഒന്നായി മാറാൻ കിയയുടെ ഏറ്റവും പുത്തൻ വാഹനത്തിന് സാധിക്കുന്നു.
പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെവൽ-2 ADAS, കണക്റ്റഡ് കാർ ടെക്‌നോളജി, 360-ഡിഗ്രി ക്യാമറ തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായാണ് മുഖംമിനുക്കിയ കിയ സെൽറ്റോസ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. 10.89 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കിടിലൻ പ്രൈസിംഗും മികച്ച ഫീച്ചറുകൾക്കുമൊപ്പം രൂപത്തിൽ വരുത്തിയ നവീകരണങ്ങളും ആളെക്കൂട്ടാൻ സഹായിക്കുമെന്ന് ഉറപ്പാണ്. ഔദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ 13,000-ത്തിന് മുകളിൽ ബുക്കിംഗ് പിടിച്ചടക്കാൻ വരെ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായിരുന്നു. പുതിയ മോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ മുടക്കി വാഹനം ഇനിയും ബുക്ക് ചെയ്യാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പൻമാരുമായാണ് 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








