ഒത്തുപിടിക്കാൻ എലിവേറ്റിനാവില്ല, കൂടുതൽ ഫ്രീക്കനായി സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അരങ്ങിൽ
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ ചൂടുപിടിപ്പിച്ചുകൊണ്ട് അടുത്തിടെ ഹോണ്ട എലിവേറ്റ് എത്തിയപ്പോൾ മത്സരം പതിയെ മുറുകുകയാണ്. രാജ്യത്തെ എല്ലാ പ്രമുഖ ബ്രാൻഡുകളും സാന്നിധ്യമറിയിച്ച വിഭാഗത്തിൽ എന്തെങ്കിലും പുതുമകളില്ലാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് എല്ലാ നിർമാതാക്കൾക്കും ബോധ്യമായിട്ടുണ്ട്. മാരുതിയും ടൊയോട്ടയുമെല്ലാം ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും കൊറിയൻ ആധിപത്യമാണ് ഇപ്പോൾ ഇവിടെയുള്ളത്.
ബന്ധുക്കളായ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും തങ്ങളുടെ അപ്രമാദിത്തം ഒരുക്കി മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ ഭദ്രമാക്കി വെച്ചിരിക്കുകയാണ്. എന്നാൽ എതിരാളികൾ ശക്തരാവുന്നതിന്റെ ഭാഗമായി ഒരുമുഴം മുന്നെ എറിയുകയാണ് രണ്ടാം സ്ഥാനക്കാരനായ സെൽറ്റോസ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യയിൽ പുറത്തിറക്കി കിയ ഹോണ്ട എലിവേറ്റിൽ നിന്നുള്ള മത്സരത്തെ സ്വാഗതം ചെയ്യുകയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളിലൊന്നായ സെൽറ്റോസിന് അകത്തും പുറത്തും ധാരാളം പരിഷ്ക്കാരങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഇതൊരു പുത്തൻ വണ്ടിയല്ലേയെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കി തരുന്ന മാറ്റങ്ങളാണ് വാഹനത്തിലേക്ക് എത്തിയിരിക്കുന്നത്. ഫ്രീക്കൻ ലുക്കിന് പുറമെ ധാരാളം ഫീച്ചറുകളും ഒരു പുത്തൻ ടർബോ പെട്രോൾ എഞ്ചിനും അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മറന്നിട്ടില്ല.
സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ജൂലൈ 14-ന് ആരംഭിക്കുമെന്നാണ് കിയ സ്ഥിരീകരിച്ചിരിക്കുന്നത്. എന്തായാലും ഇനി മാറ്റങ്ങളിലേക്ക് വരാം. ആദ്യം ലുക്കിലെ പരിഷ്ക്കാരങ്ങളിലേക്ക് തന്നെ നമുക്ക് കടക്കാം. നിലവിലെ സെൽറ്റോസുമായി താരതമ്യപ്പെടുത്തുമ്പോൾ ശരിക്കും പുതുമയാർന്ന രൂപം തന്നെ ഒരുക്കിയെടുക്കാൻ കിയക്ക് സാധിച്ചിട്ടുണ്ട്. വലിയ ബമ്പർ, ഫോഗ് ലാമ്പ് ഹൗസിംഗിൽ ബോഡി-നിറത്തിലുള്ള ഇൻസെർട്ടുകൾ, ഗ്രില്ലിലേക്ക് നീളുന്ന പുതിയ എൽഇഡി ഡിആർഎൽ എന്നിവയെല്ലാം കിടിലമായിട്ടുണ്ട്.

തീർന്നില്ല, റീഡിസൈൻ ചെയ്‌ത ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകൾക്കുള്ള ഫോർ-ബ്ലോക്ക് ഡിസൈനും വാഹനത്തിന്റെ ഡിസൈനിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വലിയ മാറ്റം പുതിയ 18 ഇഞ്ച്, ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ വരവാണ്. പിന്നിൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ ഇൻവെർട്ടഡ് എൽ ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകളാണ് കമ്പനി ഒരുക്കിയിരിട്ടുള്ളത്.
മുഖംമിനുക്കിയ സെൽറ്റോസിന് സ്വീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും സമ്മാനിക്കാൻ കിയ മറന്നില്ല. റിവേഴ്സ് ലൈറ്റ് ഇപ്പോൾ ടെയിൽ-ലൈറ്റ് ഹൗസിംഗിൽ നിന്ന് ബമ്പറിലേക്ക് ചേക്കേറുകയും ചെയ്‌തു. ടർബോ-പെട്രോൾ വേരിയന്റുകൾക്ക് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ലഭിക്കുമ്പോൾ ജിടി ലൈൻ, X-ലൈനിൻ പതിപ്പുകൾക്ക് ടെക് ലൈൻ ട്രിമ്മുകളേക്കാൾ അല്പം വ്യത്യസ്തമായ ബോഡി കിറ്റ് ലഭിക്കും. ഇതുകൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് പ്യൂറ്റർ ഒലിവ് എന്നൊരു പുത്തൻ കളർ ഓപ്ഷനും കൊറിയൻ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

ഇതുകൂടാതെ എട്ടോളം നിറങ്ങളിലും എസ്‌യുവി സ്വന്തമാക്കാനാവും. ഇതിൽ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളുമുണ്ടേ. പുറത്തെ പോലെ തന്നെ അകത്തളത്തിലും കാര്യമായ പരിഷ്ക്കാരങ്ങളാണ് കിയ കൊണ്ടുവന്നിരിക്കുന്നത്. ഇതിൽ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഇപ്പോൾ രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം ലഭിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതിൽ ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനായുമായാണ് കിയ ഉപയോഗിക്കുന്നത്.
റീഡിസൈൻ ചെയ്‌ത എസി വെന്റുകളും HVAC , ഓഡിയോ കൺട്രോളുകൾക്കായി മിനുക്കിയ പാനലും ലഭിക്കുന്നതിനാൽ സെന്റർ കൺസോളും ഫ്രഷ്നെസ് നൽകുന്നുണ്ട്. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് X-ലൈൻ വേരിയന്റിന്റെ ഇന്റീരിയറിന് പുതിയ ഗ്രീൻ നിറമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ജിടി ലൈൻ വേരിയന്റുകൾക്ക് പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഇന്റീരിയർ തീമും ലഭിക്കും.

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 8 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സൗണ്ട് മൂഡ് ലാമ്പുകളോട് കൂടിയ ബോസ് ട്യൂൺ ചെയ്ത 8-സ്പീക്കർ സിസ്റ്റം പോലുള്ള ഫീച്ചറുകളാണ് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനെ വ്യത്യസ്‌തമാക്കുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇപ്പോൾ ട്രെൻഡിംഗാവുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റവും (ADAS) കിയ സെൽറ്റോസിനായി കൊണ്ടുവന്നതാണ് മറ്റൊരു പ്രധാന മാറ്റം.
ആയതിനാൽ സേഫ്റ്റിയുടെ കാര്യം പക്കാ ഗ്യാരണ്ടിയാണ് കിയ പറയുന്നത്. ഫോർവേഡ് കൊളിഷൻ വാണിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയാണ് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ADAS ടെക്കിൽ ഉൾപ്പെടുന്നത്. ഇതുകൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിങ്ങനെ ആറ് എയർബാഗുകളും എസ്‌യുവിയുടെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

പഴയ മോഡലിൽ ലഭ്യമായിരുന്ന 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിൽ അതേപടി നിലനിർത്താനും കിയ ശ്രമിച്ചു. അതോടൊപ്പം തന്നെ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി 6-സ്പീഡ് iMT, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായവ. മുകളിൽ സൂചിപ്പിച്ച പോലെ പുതിയൊരു എഞ്ചിൻ കൂടി കിയ സെൽറ്റോസിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
2023 മാർച്ചിൽ നിർത്തലാക്കിയ പഴയ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് പകരമായി 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് ഏതാണ്ട് 158 bhp പവറോളം ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് പുതിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വാഹനത്തിന്റെ വില പ്രഖ്യാപനം ഇപ്പോൾ നടത്തിയിട്ടില്ല. ഇത് ഉത്സവ സീസണോടെ നടക്കാനാണ് സാധ്യത.


Click it and Unblock the Notifications








