ഈ വിലയ്ക്ക് ഇങ്ങനൊരു എസ്‌യുവി വേറെയില്ല, നെക്സോണിനോട് മുട്ടിയിട്ടും വിറ്റത് 3.68 ലക്ഷം സോനെറ്റുകൾ
ഇന്ത്യൻ വിപണിയിലെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിൽ വിപ്ലവം തീർത്ത മോഡലാണ് കിയ സോനെറ്റ്. ചെറിയ വിലയും ധാരാളം ഫീച്ചറുകളുമായി മൂന്നുകൊല്ലം മുമ്പ് എത്തിയ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ തുറുപ്പുചീട്ടിനെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. നെക്സോൺ, വിറ്റാര ബ്രെസ, വെന്യു പോലുള്ള വമ്പൻമാർ അണിനിരന്ന സെഗ്മെന്റിലാണ് ചുരുങ്ങിയ കാലം കൊണ്ട് സോനെറ്റ് ഹിറ്റടിച്ചത്.
ആഭ്യന്തര വിപണിയിൽ മാത്രം 3.68 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് സോനെറ്റ്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും ആളുകളെ കൈയിലെടുക്കാനാവുമെന്ന് കമ്പനി പോലും ഓർത്തിട്ടുണ്ടാവില്ല. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരവിന് മുമ്പേ തന്നെ ഈയൊരു നേട്ടം കൈവരിക്കാനായത് കിയയുടെ വലിയൊരു നേട്ടമായി കണക്കാക്കാം. നിലവിൽ, HTE, HTK, HTK+, HTX, HTX+, GTX+, X-Line എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് വാഹനം വാങ്ങാനാവുന്നത്.

7.79 ലക്ഷം രൂപ മുതൽ 14.89 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന്റെ നിലവിലെ മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലുടനീളം 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ സോനെറ്റ് വീട്ടിലെത്തിക്കാനുമാവും.പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരവിന് മുന്നോടിയായി ഇത്രയും വിൽപ്പന സ്വന്തമാക്കാനായത് കിയയ്ക്ക് മൈലേജാവും.
ഇക്കഴിഞ്ഞ ദിവസം മുഖംമിനുക്കിയ മോഡലിന്റെ അവതരണം ഉണ്ടായെങ്കിലും ഇതിന്റെ വില 2024 ജനുവരിയിലായിരിക്കും പ്രഖ്യാപിക്കുക. നിലവിലെ മോഡലിൽ നിന്നും ADAS ഉൾപ്പടെയുള്ള ധാരാളം മാറ്റങ്ങൾ ലഭിക്കുന്നതിനാൽ വില അറിയാനായി ആരാധകർ കാത്തിരിക്കുകയാണ്. 11 കളർ ഓപ്ഷനോടെ ഏഴ് വേരിയന്റുകളിലാണ് കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് നിരത്തിലേക്ക് ഇറങ്ങുക.

ബുക്കിംഗ് തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മിനുങ്ങിയെത്തുന്ന സോനെറ്റിനായുള്ള ബുക്കിംഗ് ഡിസംബർ 20-ന് തുറക്കും. 1.5 ലിറ്റർ ഡീസൽ എഞ്ചിനൊപ്പം മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും തിരികെയെത്തിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ സബ്-4 മീറ്റർ എസ്‌യുവിക്ക് സെൽറ്റോസിന് സമാനമായ പുതിയ ഗ്രില്ലും ട്രൈ-ബീം എൽഇഡി ഹെഡ്‌ലാമ്പുകളും ചതുരാകൃതിയിലുള്ള ഡിആർഎല്ലുകളും ഷാർപ്പ് ലുക്കാണ് സമ്മാനിക്കുന്നത്.
വശക്കാഴ്ച്ചയിൽ കാര്യമായ മാറ്റങ്ങൾ പറയാനാവില്ലെങ്കിലും സോനെറ്റിന് ഇപ്പോൾ ബോഡി കളറുള്ള ഡോർ ഹാൻഡിലുകളും റീഡിസൈൻ ചെയ്‌ത 16 ഇഞ്ച് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. ഇത് ഫ്രഷ്നെസ് കൊണ്ടുവരാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. പിൻഭാഗം മുമ്പത്തെ അതേ ആകൃതി നിലനിർത്തുന്നുണ്ടെങ്കിലും എന്നാൽ ഇപ്പോൾ വാഹനത്തിന്റെ രണ്ടറ്റവും ബന്ധിപ്പിക്കുന്ന ഒരു എൽഇഡി ലൈറ്റ്ബാർ അഴകേകാനായി എത്തിയത് ശ്രദ്ധേയമാണ്.

ഇങ്ങനെ മൊത്തത്തിൽ മോഡേണാവാൻ കുഞ്ഞൻ എസ്‌യുവിക്കായിട്ടുണ്ട്. ഇന്റീരിയറിലേക്ക് കയാറിയാൽ കിയ സോനെറ്റിന്റെ ക്യാബിനിലെ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഉപഭോക്താക്കൾക്കായി ഒരു പവർഡ് ഡ്രൈവർ സീറ്റ്, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിനുള്ള ഒരു പുതിയ ഇന്റർഫേസ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി 10.25 ഇഞ്ച് ഡിസ്പ്ലേ എന്നിവ ലഭിക്കും.
കഴിഞ്ഞില്ല, കണക്റ്റഡ് കാർ ഫീച്ചറുകളും കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ വർധിപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ വോയ്‌സ് കൺട്രോൾ സൺറൂഫും ഇതിനു പുറമേ വിൻഡോകൾ വോയ്‌സ് വഴി താഴ്ത്തുവാനോ ഉയർത്തുവാനോ വരെ കഴിയും. ലെവൽ-1 ADAS സേഫ്റ്റിയുടെ അകമ്പടിയും വാഹനത്തിലേക്ക് ഇത്തവണയെത്തിയിട്ടുണ്ട്. ഇതിന് 10 വ്യത്യസ്ത സവിശേഷതകൾ ഉണ്ടെന്നാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് അവകാശപ്പെടുന്നത്.

അത്യാധുനിക ഫീച്ചറുകളാൽ നിറഞ്ഞ പുതിയ സോനെറ്റിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ ഫ്രണ്ട് കൊളിഷൻ വാണിംഗ്, കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് ഡി വാർണിംഗ് എന്നിവയെല്ലാം ലഭിക്കും.
ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയും സോനെറ്റ് എസ്‌യുവിയിലെ ലെവൽ-1 ADAS സേഫ്റ്റി സ്യൂട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനുപുറമെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ESC, ഹൈലൈൻ TPMS എന്നിവയും ലഭിക്കും. ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ADAS ഓഫർ ചെയ്യുന്നുള്ളൂവെന്നതും പ്രത്യേകം ഓർമിക്കാം.


Click it and Unblock the Notifications








