കണ്ടാൽ ആരായാലും വാങ്ങിപ്പോവും, ADAS ഉണ്ടോയെന്ന് ഫാൻസ്; പുത്തൻ സോനെറ്റിന്റെ ടീസറുമായി കിയ
മുഖംമിനുക്കി നെക്സോണും (Nexon) ബ്രെസയുമെല്ലാം (Brezza )അടുത്തിടെ വിപണിയിലെത്തിയതോടെ എതിരാളികളെല്ലാം നെഞ്ചിടിപ്പിലാണ്. നിസാൻ മാഗ്നൈറ്റും, കിയ സോനെറ്ററ്റും, ഹ്യുണ്ടായി വെന്യുവുമെല്ലാം മൂന്നാം സ്ഥാനത്തിനായി പോരാടുകയാണ്. പക്ഷേ മുഖംമാറിയെത്തി സെഗ്മെന്റിലെ ഒന്നാംസ്ഥാനക്കാരായ ടാറ്റ മോട്ടോർസിനെയും മാരുതി സുസുക്കിയെയും വെല്ലുവിളിക്കാൻ ഒരുങ്ങുകയാണ് സോനെറ്റ് (Sonet).
കണ്ടാൽ ആരായാലും വാങ്ങിപ്പോവുന്ന പരിഷ്ക്കാരങ്ങളോടെയാണ് കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ പുറത്തിറക്കാൻ പോവുന്നത്. കിയയുടെ കോംപാക്‌ട് എസ്‌യുവി സോനെറ്റിന്റെ മുഖംമിനുക്കിയ മോഡൽ ഡിസംബർ 14-ന് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനു പിന്നാലെയിതാ മാറ്റങ്ങളെല്ലാം എന്തെല്ലാമെന്ന സൂചന തരുന്ന ടീസർ ചിത്രങ്ങളും വീഡിയോകളുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

ന്നമൂന്ന് വർഷങ്ങൾക്ക് മുമ്പ് എസ്‌യുവി അവതരിപ്പിച്ചതിനു ശേഷം ലഭിക്കുന്ന ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരമാണിത്. ആയതിനാൽ തന്നെ കിയ എന്തെല്ലാമാവും പുത്തൻ സേനെറ്റിൽ ഒരുക്കിയിരിക്കുന്നതെറിയാൻ ആരാധകർ ഏറെ കാത്തിരിക്കുകയാണ്. പരിഷ്‌കരിച്ച പുറംമോടിക്കൊപ്പം അകത്തളത്തിലും ഗംഭീരമായ മാറ്റങ്ങളാവും വരാൻ പോവുന്നത്. അവതരണം ഡിസംബർ 14-ന് ഉണ്ടാവുമെങ്കിലും വില പ്രഖ്യാപനം 2024 ജനുവരിയോടെയാവും ഉണ്ടാവുകയെന്നാണ് സൂചന.
ഇനി എക്സ്റ്റീരിയർ മാറ്റങ്ങളിലേക്ക് കടന്നാൽ പുതുക്കിയ മുൻവശമാണ് സോനെറ്റിന് ലഭിക്കുകയെന്ന് ടീസർ വെളിപ്പെടുത്തുന്നുണ്ട്. പരിഷ്ക്കരിച്ച എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കൊപ്പം പുതിയൊരു കൂട്ടം എൽഇഡി ഹെഡ്‌ലാമ്പുകളും ലംബമായി അടുക്കിവെച്ചിരിക്കുന്നത് എസ്‌യുവിക്ക് ഷാർപ്പ് ലുക്ക് തന്നെയാവും സമ്മാനിക്കുക. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലും സമാനമായ ഡിസൈൻ ഭാഷ്യമാണിത്.

സോനെറ്റിന്റെ ലോവർ വേരിയന്റുകളിൽ എൽഇഡികൾക്ക് പകരം ഹാലൊജൻ ഹെഡ്‌ലാമ്പുകൾ തന്നെ നൽകുന്നത് ഇത്തവണയും തുടരും. കിയയുടെ 'ടൈഗർ-നോസ്' ഗ്രില്ലും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. കൂടാതെ പുതിയ കൂടുതൽ സ്പോർട്ടിയർ ബമ്പറും അഴകേകുന്ന കാര്യമാണ്. എസ്‌യുവിയിലെ ഫോഗ് ലാമ്പുകൾ ഇപ്പോൾ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. അവ വളരെ മെലിഞ്ഞതാണെങ്കിലും പ്രായോഗികത ചെറുതല്ലെന്നു വേണം പറയാൻ.
വശക്കാഴ്ച്ചയിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകൾ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് ഇത്തവണയെത്തും. ഡിസൈനിന് പരുക്കൻ ഭാവം നൽകുന്നതിനായി പ്ലാസ്റ്റിക് ക്ലാഡിംഗുകളും ഉണ്ടാവും. സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് കോംപാക്‌ട് എസ്‌യുവിയുടെ റിയർ ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തും. നേരത്തെ പലയാളുകളും പരാതി പറഞ്ഞിരുന്നൊരു ഭാഗമാണിത്.

ഇവിടെ ലൈറ്റ്ബാർ വഴി ബന്ധിപ്പിക്കുന്ന ഒരു പുതിയ ടെയിൽ ലാമ്പുകളും വാഹനത്തിലേക്ക് ഇത്തവണയെത്തുക. ബ്രേക്ക് പിടിക്കുമ്പോൾ ലൈറ്റ്ബാർ കത്തുമോ അതോ റിഫ്ലക്ടറായി മാത്രമായിരിക്കുമോ ഉപയോഗിക്കാനാവുക എന്നതിൽ സംശയമുണ്ട്. എന്തായാലും ടെയിൽ ലാമ്പുകൾ നാം പുതിയ സെൽറ്റോസിൽ കണ്ടതിന് സമാനമാണ്. സോനെറ്റിന്റെ ക്യാബിനിൽ ധാരാളം അപ്‌ഡേറ്റുകൾ ഉണ്ടാകില്ല.
പുതിയ ട്രിം പീസുകളും അപ്ഹോൾസ്റ്ററി ഓപ്ഷനുകളും ഉപയോഗിച്ചാവും വണ്ടി നവീകരിക്കുക. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോസ് സൗണ്ട് സിസ്റ്റം, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടീസറിൽ കാണിക്കുന്നുണ്ട്. പരിഷ്ക്കരിച്ച ഡാഷ്‌ബോർഡും സെന്റർ കൺസോളും യാത്രക്കാർക്ക് ഫ്രഷ്‌നെസ് ഫീൽ ചെയ്യാൻ സഹായിക്കും. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, കൂടുതൽ പ്രീമിയം സർഫസ് മെറ്റീരിയലുകളുടെ ഉപയോഗം എന്നിവയും ശ്രദ്ധേയമാണ്.

ഹ്യുണ്ടായി വെന്യുവിന്റെ മറ്റൊരു പതിപ്പായതിനാൽ ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി സോനെറ്റും വരുമോ എന്നതാണ് ഇനി നോക്കിക്കാണേണ്ടത്. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവ തുടരും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ആറ് സ്പീഡ് ഓട്ടോ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടും. നിലവിലെ മോഡലിനേക്കാൾ വില വർധനവും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








