മുഖംമാറിയെത്തുന്നു കിയയുടെ കുഞ്ഞൻ എസ്‌യുവി, നെക്സോണിനെ വെട്ടിനിരത്താൻ ഞെട്ടിക്കുന്ന മാറ്റങ്ങൾ
കോംപാക്‌ട് എസ്‌യുവികളുടെ മുഖഛായ തന്നെ മാറ്റിമറിച്ചവരാണ് കിയ. സെൽറ്റോസിന് ശേഷം രാജ്യത്ത് സോനെറ്റ് എന്ന തട്ടുപൊളിപ്പൻ വാഹനം തീർത്ത വിസ്‌മയം ചെറുതൊന്നുമല്ലായിരുന്നു. ഈ മോഡൽ പുറത്തിറങ്ങിയ കാലത്ത് കാലികമായ രൂപത്തിന് പുറമെ ഫീച്ചറുകളുടെ നീണ്ടനിര കിട്ടുന്ന ഇത്രയും റിച്ചായ വേറൊരു മോഡൽ സെഗ്മെന്റിൽ ഇല്ലായിരുന്നുവെന്നു വേണം പറയാൻ.
സോനെറ്റിന്റെ വരവോടെ ബ്രെസയും നെക്സോണും വരെ മാറ്റത്തിന് തയാറായി. ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും മാനുവൽ, ഡിസിടി ഓട്ടോമാറ്റിക്, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, ഐഎംടി എന്നീ ഗിയർബോക്‌സ് കോമ്പിനേഷനുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് കിയ സോനെറ്റ് ഇന്ത്യയിൽ വിസ്‌മയം തീർക്കുകയായിരുന്നു. സെൽറ്റോസിന് ശേഷം ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹനമായി മാറാനും ഇതിനായി.

എന്നാൽ അടുത്തിടെയായി എതിരാളികളെല്ലാം കുറച്ച് മോഡേണായപ്പോൾ സോനെറ്റിന്റെ സ്ഥാനം അൽപം പിന്നിലായി. പക്ഷേ തോറ്റുകൊടുക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തയാറാല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. സബ്-4 മീറ്റർ എസ്‌യുവിയുടെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കിക്കൊണ്ട് സെഗ്മെന്റ് വെട്ടിപ്പിടിക്കാനാണ് ബ്രാൻഡിന്റെ പുറപ്പാട്. കിയയുടെ കോംപാക്‌ട് എസ്‌യുവി സോനെറ്റിന്റെ മുഖംമിനുക്കിയ മോഡൽ ഡിസംബർ 14-ന് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും എത്തിക്കഴിഞ്ഞു.
മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ എന്നിവയുടെ വിപണിയാണ് പുത്തൻ സോനെറ്റിലൂടെ കിയ ഉന്നംവെക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഡിസംബർ 14-ന് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യപ്പെടുമെങ്കിലും വില പ്രഖ്യാപനം അടുത്ത വർഷം ആദ്യം മാത്രമായിരിക്കും ഉണ്ടാവുക. 2020-ലാണ് സോനെറ്റ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റാണിത്.

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നതിനാൽ വരാനിരിക്കുന്ന മോഡലിലെ മാറ്റങ്ങളെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. എക്സ്റ്റീരിയർ മുൻഗാമിക്ക് ഏതാണ്ട് സമാനമായിരിക്കും. എങ്കിലും ഫ്രഷ്‌നെസ് ഫീൽ ചെയ്യാനായി പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും ട്വീക്ക് ചെയ്ത എൽഇഡി ഡിആർഎൽ യൂണിറ്റുകളും വണ്ടിയിലേക്ക് ഇത്തവണ ഉൾക്കൊള്ളിക്കും.
വശക്കാഴ്ച്ചയിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകൾ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കയറിപ്പറ്റും. പിൻഭാഗത്ത്, ടെയിൽലൈറ്റ് യൂണിറ്റുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ കണക്റ്റഡ് എൽഇഡി ലൈറ്റ്‌ബാറും എസ്‌യുവിക്ക് പഴയപടി ലഭിക്കും. എക്സ്റ്റീരിയറിൽ നിന്ന് വ്യത്യസ്തമായി, ക്യാബിനിനുള്ളിൽ വലിയ മാറ്റങ്ങളോടെയാണ് കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

അതായത് ഞെട്ടിക്കാൻ പോവുന്നത് ഇന്റീരിയറിലായിരിക്കുമെന്ന് സാരം. ഈ മാറ്റങ്ങളിൽ ചിലത് 2023 സെൽറ്റോസ് എസ്‌യുവിയിൽ നിന്ന് കടമെടുത്തതായിരിക്കും. പുതിയ സ്‌ക്രീനും സെന്റർ കൺസോളും ഉള്ള റീഡിസൈൻ ചെയ്ത ഡാഷ്‌ബോർഡ് കിയ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സെൽറ്റോസ്, കാരെൻസ് തുടങ്ങിയ മോഡലുകളിൽ കിയ ഉപയോഗിക്കുന്ന അതേ ടച്ച്‌സ്‌ക്രീൻ യൂണിറ്റും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമായി സോനെറ്റും വരുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.
ക്ലൈമറ്റ് കൺട്രോളിനും മറ്റ് ഫീച്ചറുകൾക്കുമുള്ള സ്വിച്ചുകൾ ഏറ്റവും പുതിയ കിയ മോഡലുകളിലും കാണുന്നത് പോലെ ടച്ച് അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതുക്കിയ അപ്‌ഹോൾസ്റ്ററിക്കൊപ്പം പുത്തൻ ഡ്യുവൽ-ടോൺ ഇന്റീരിയർ തീമും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ അകത്തളം സമ്പൂർണ പ്രീമിയം ടച്ച് കൈവരിക്കും. ഇത് ആളുകളെ കൈയിലെടുക്കാൻ സഹായിക്കുന്ന നീക്കമായിരിക്കും.

രൂപത്തിലെ മാറ്റങ്ങൾക്ക് പുറമെ വണ്ടിയിൽ മെക്കാനിക്കലായി പരിഷ്ക്കാരങ്ങളൊന്നും തന്നെ നടപ്പിലാക്കാൻ സാധ്യതയില്ല. 2024 സോനെറ്റ് എസ്‌യുവിക്കായി കിയ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ തന്നെ തുടർന്നും വാഗ്‌ദാനം ചെയ്യും. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ച 1.2 ലിറ്റർ പെട്രോളായിരിക്കും ആദ്യത്തേത്. ഇതിന് 83 bhp കരുത്തിൽ പരമാവധി 115 Nm torque വരെ നൽകാനാവും.
6-സ്പീഡ് iMT, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിടി ഗിയർബോക്‌സ് എന്നിവയുമായി ഘടിപ്പിച്ച 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൈലൈറ്റാവും. ഇതിന് 120 bhp പവറിൽ 172 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 1.5 ലിറ്റർ ഡീസലും കോംപാക്‌ട് എസ്‌യുവിയുടെ ശക്തികേന്ദ്രമാണ്. iMT ഗിയർബോക്‌സിലോ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലോ വരുന്ന ഇതിന് 116 bhp, 250 Nm torque എന്നിങ്ങനെയാണ് നൽകാൻ കഴിയുന്നത്.


Click it and Unblock the Notifications








