പുത്തൻ നെക്സോണോ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റോ? കേമൻ ആരെന്നറിഞ്ഞാൽ വാങ്ങുക ഈ എസ്‌യുവി
ഇന്ത്യൻ വിപണിയിൽ ഏറ്റവും വലിയ കോംപറ്റീഷൻ നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. രാജ്യത്തെ എല്ലാ പ്രമുഖ ബ്രാൻഡുകളും അണിനിരക്കുന്നിടത്ത് ആളുകൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളാണുള്ളത്. ടാറ്റ നെക്സോൺ അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് കിയ സോനെറ്റ് മുഖംമിനുക്കിയെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽമറിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കിടിലൻ ഡിസൈൻ, വൈവിധ്യമാർന്ന എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾ, ADAS പോലുള്ള എല്ലാത്തരം സെറ്റപ്പുകളും ഒരുക്കിയാണ് കിയ പുത്തൻ സോനെറ്റിനെ പണികഴിപ്പിച്ചിരിക്കുന്നത്. വില പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോൾ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിൽ രണ്ട് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ തമ്മിലുള്ള അങ്കത്തിനാണ് കളമൊരുങ്ങാൻ പോവുന്നത്.

ആയതിനാൽ തന്നെ പുത്തൻ നെക്സോൺ വാങ്ങണോ അതോ പുത്തൻ സോനെറ്റ് തെരഞ്ഞെടുക്കണോ എന്ന കൺഫ്യൂഷൻ ആർക്കായാലും ഉണ്ടാവും. അതിനെ മറികടന്ന് മിടുക്കൻ ആരെന്നറിയാൻ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റും ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരച്ച് നോക്കിയാലോ? നിങ്ങൾക്ക് പറ്റിയ എസ്‌യുവി ഏതാണെന്ന് മനസിലാക്കാൻ ഈ ലേഖനം സഹായിച്ചേക്കാം.
എഞ്ചിൻ: ആദ്യമേ തന്നെ ഹൃദയഭാഗത്ത് നിന്നും തുടങ്ങാം. സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായി കിയ കാര്യങ്ങൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. പെട്രോളും ഡീസലും ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിനൊപ്പം അണിനിരത്തിയിരിക്കുന്നത്. ബേസ് മോഡലുകൾക്ക് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ് ലഭിക്കുക. ഇത് 82 bhp കരുത്തിൽ പരമാവധി 115 Nm torque ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ, അല്ലെങ്കിൽ ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഇതിന്റെ വരവ്.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ രണ്ടാമത്തെ ഓപ്ഷൻ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് iMT, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 118 bhp പവറിൽ 172 Nm torque ആണ് നൽകാനാവുക. ഇതിൽ മാനുവൽ ഓപ്ഷൻ ലഭ്യമല്ലെന്നും കിയ അറിയിച്ചിട്ടുണ്ട്. 1.5 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവിയിൽ സ്വന്തമാക്കാനാവും. ഇതിന്റെ പവർ കണക്കുകൾ 114 bhp, 250 Nm torque എന്നിങ്ങനെയാണ്.
ഡീസൽ വേരിയന്റുകൾക്ക് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിന്റെ തിരിച്ചുവരവ് മാത്രമാണ് ഒരേയൊരു മാറ്റം. ഇതിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കുന്നുണ്ട് എന്നതിനാൽ ക്ലച്ച്ലെസ് പ്രേമികളെയും കിയ ബ്രാൻഡിലേക്ക് അടുപ്പിക്കും. ഇത് നെക്‌സോണിന്റെ എഎംടി യൂണിറ്റിനേക്കാൾ മികച്ച ഓപ്ഷനാണെന്നതിൽ തർക്കമൊന്നുമില്ലാത്ത കാര്യമാണെന്നും പ്രത്യേകം പറയാം.

പുതിയ നെക്‌സോണിനെ സംബന്ധിച്ചിടത്തോളം 118 bhp കരുത്തിൽ 170 Nm torque സൃഷ്ടിക്കാൻ കഴിയുന്ന കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് എസ്‌യുവിയുടെ ശക്തി. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിഎ ട്രാൻസ്മിഷൻ യൂണിറ്റുകളിലാണിത് വരുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സോനെറ്റിന്റേതിന് തുല്യമാണ്. എഎംടി കൂടാതെ, നെക്‌സോൺ ഡീസലും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വരുന്നത്.
ഫീച്ചറുകൾ: ഇക്കാര്യത്തിൽ ഏത് സബ്-4 മീറ്റർ എസ്‌യുവിയാകും കേമനെന്ന് മനസിലാക്കാൻ അൽപം പാടാണ്. എങ്കിലും സവിശേഷതകളാൽ സമ്പന്നവും പുതിയ സാങ്കേതികവിദ്യയാൽ സമ്പുഷ്‌ടവുമായ മോഡലാണ് പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എന്ന് നിസംശയം പറയാം. ഹ്യുണ്ടായി വെന്യുവിന് ശേഷം സെഗ്മെന്റിലേക്ക് ADAS കൊണ്ടുവരുന്ന രണ്ടാമത്തെ മോഡലാണിത്. ഇത് നെക്‌സണിനെക്കാൾ സോനെറ്റിന് മുൻതൂക്കം നൽകും.

ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഫോളോ അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാണിംഗ് എന്നിവയുൾപ്പെടെ 10 ഫീച്ചറുകളോടെയാണ് ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. സോനെറ്റിൽ മൊത്തത്തിൽ 25 സുരക്ഷാ ഫീച്ചറുകൾ ഉണ്ടെന്നാണ് കിയ അവകാശപ്പെടുന്നത്. ഇതിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുന്നു. അവ നെക്‌സോൺ വാഗ്ദാനം ചെയ്യുന്നതുമായി ഏറെക്കുറെ സമാനമാണ്. എങ്കിലും ട്രെൻഡിംഗായി നിൽക്കുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിന്റെ വരവ് മാറ്റുകൂട്ടുന്നുണ്ട്.
മറ്റ് സുഖസൌകര്യങ്ങലുടെ കാര്യത്തിൽ രണ്ട് എസ്‌യുവികളും വേറിട്ടുനിൽക്കുന്നുണ്ട്. പക്ഷേ പുതിയ സോനെറ്റിലെ അപ്‌ഡേറ്റ് ചെയ്ത ക്യാബിൻ ഇപ്പോൾ ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുമായാണ് വരുന്നത്. 10.25 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡ്രൈവർ ഡിസ്‌പ്ലേക്കായുമാണ് പ്രവർത്തിക്കുന്നത്. മൊത്തത്തിൽ സോനെറ്റിനുള്ളിൽ 25 സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ഉണ്ടെന്ന് കിയ അവകാശപ്പെടുന്നു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, എയർ പ്യൂരിഫയർ, ബോസ് സൗണ്ട് സിസ്റ്റം, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ടാറ്റ മോട്ടോർസ് നെക്‌സോൺ എസ്‌യുവി 11 വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 2024 സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ കിയ 7 വേരിയന്റുകളാണ് ഒരുക്കിയിട്ടുള്ളത്. പുതിയ പ്യൂറ്റർ ഒലിവും രണ്ട് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ തീമുകളും ഉൾപ്പെടെ 11 കളർ ഓപ്ഷനുകളും സോനെറ്റിനുണ്ട്.
വലിപ്പം: പുതിയ സോനെറ്റിന് അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിന്റെ കാര്യത്തിൽ അൽപം വളർച്ചയുണ്ടായിട്ടുണ്ട്. എങ്ങനെയെന്നല്ലേ, മുൻഗാമിക്ക് സമാനമായി എസ്‌യുവിക്ക് ഇപ്പോൾ 3,995 mm നീളവും 1,790 mm വീതിയുമാണുള്ളത്. അതേസമയം ഉയരത്തിന്റെ കാര്യത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നേരത്തെ 1,610 മില്ലീമീറ്ററായിരുന്ന സ്ഥാനത്ത് ഉയരം ഇപ്പോൾ 1,642 മില്ലീമീറ്ററാണ്. ഇവിടെ 32 മില്ലിമീറ്റർ വർധിച്ചിട്ടുണ്ട്.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ വീൽബേസ് 2,500 മില്ലീമീറ്ററായി തുടരുന്നു. സോനെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ നെക്‌സോൺ വലിപ്പത്തിൽ സമാനമാണ്. പക്ഷേ 14 മില്ലിമീറ്റർ വീതി കൂടുതലാണ്. എന്നിരുന്നാലും നെക്‌സോണിന്റെ ഉയരം പുതിയ സോനെറ്റിനേക്കാൾ ചെറുതാണ്. ആയതിനാൽ ഇക്കാര്യത്തിലും രണ്ട് മോഡലുകളും ഏറെക്കുറെ തുല്യമാണെന്ന് വേണം പറയാൻ. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുതുക്കിയ സോനെറ്റിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആയതിനാൽ ഇതിനു ശേഷമാവും ഇതുമായി സംബന്ധിച്ച താരതമ്യം.


Click it and Unblock the Notifications








