ബ്രെസയോ നെക്സോണോ അല്ല, കൊണ്ടുനടക്കാൻ ഏറ്റവും ലാഭം ഈ എസ്‌യുവി; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
മൈക്രോ എസ്‌യുവികൾ ഇല്ലാതിരുന്ന കാലത്ത് ആളുകൾക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന സെഗ്മെന്റുകളിൽ ഒന്നായിരുന്നു സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടേത്. ഏറ്റവും ചെറിയ എസ്‌യുവി ശ്രേണി എന്ന നിലയിൽ വണ്ടിഭ്രാന്തൻമാരെല്ലാം ഓടിയടുത്തത് ഇങ്ങോട്ടേക്കായിരുന്നു. ഇപ്പോൾ പഞ്ച്, എക്സ്റ്റർ പോലുള്ളവയുണ്ടെങ്കിലും ഈ വിഭാഗത്തിന്റെ മൊഞ്ചൊന്നും പൊയ്പോയിട്ടില്ലെന്നു വേണം പറയാൻ.
ടാറ്റ നെക്സോണും മാരുതി ബ്രെസയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കപെടുന്നത് ഇതിനുള്ള തെളിവാണ്. എന്നാൽ ഈ സെഗ്മെന്റിലേക്ക് ഒരു വിപ്ലവം കൊണ്ടുവന്ന മോഡൽ ഏതാണെന്ന് ചോദിച്ചാൽ കിയ സോനെറ്റ് എന്ന് നിസംശയം പറയാം. ഇടിവെട്ട് ഡിസൈൻ, പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി, ഡിസിടി എന്നിങ്ങനെ വൈവിധ്യമാർന്ന ഗിയർബോക്‌സ് കോമ്പോകൾ അങ്ങനെ ഒരുപാട് പ്രത്യേകതകളായിരുന്നു വാഹനത്തിനുള്ളത്.

ഇതെല്ലാം താങ്ങാനാവുന്ന വിലയിൽ നൽകിയതോടെ സോനെറ്റ് അതിവേഗം ക്ലിക്കായി. എന്നാൽ എതിരാളികളെല്ലാം ആധുനികരീതികളോട് അടുത്ത് പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നപ്പോൾ കിയ അൽപം പിന്നാക്കം പോയെന്നു വേണം പറയാൻ. ഇതിനെല്ലാം മറുപടിയുമായി എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ നിരത്തുകളിലേക്ക് എത്തും. ADAS പോലുള്ള വമ്പൻ ഫീച്ചറുകളുമായാവും ഇത്തവണ സോനെറ്റ് എത്തുക.
ഇതിനിടിയിൽ മറ്റൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാവുന്നത്. സി-എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ മെയിന്റനൻസ് കോസ്റ്റുള്ള മോഡലായി കിയ സോനെറ്റിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഗ്രോത്ത് അഡ്വൈസറി കമ്പനിയായ (Growth advisory Company) ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ (Frost & Sullivan) റിപ്പോർട്ടിലാണ് കൊണ്ടുനടക്കാൻ ഏറ്റവും ലാഭം സോനെറ്റാണെന്ന് കണ്ടുപിടിച്ചിരിക്കുന്നത്.

സെഗ്‌മെന്റ് ശരാശരിയേക്കാൾ ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവും സെഗ്‌മെന്റ് ശരാശരിയേക്കാൾ കുറഞ്ഞ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും സെഗ്‌മെന്റ് ശരാശരിയേക്കാൾ ഉയർന്ന ശേഷിക്കുന്ന മൂല്യവും ഉള്ള വാഹനമായാണ് കിയ സോനെറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സോനെറ്റ് പെട്രോൾ വേരിയന്റുകൾക്ക് 16 ശതമാനം കുറഞ്ഞ മെയിന്റനൻസ് ചെലവും ഡീസൽ വേരിയന്റുകൾക്ക് സെഗ്മെന്റ് ശരാശരിയേക്കാൾ 14 ശതമാനം കുറവുമാണ്.
അതേസമയം പെട്രോൾ വേരിയന്റുകളുടെ ഷെഡ്യൂൾ ചെയ്ത മെയിന്റനൻസ് ചെലവ് സെഗ്‌മെന്റ് ശരാശരിയേക്കാൾ 7 ശതമാനം കുറവാണെന്നതും ശ്രദ്ധേയമാണ്. അങ്ങനെ മൊത്തത്തിൽ കൊണ്ടുനടക്കാൻ സോനെറ്റ് അതിന്റെ അടുത്ത എതിരാളിയേക്കാൾ 28 ശതമാനം വരെ ലാഭകരമാണെന്ന് പഠനം തെളിയിച്ചു. ഡീസൽ വേരിയന്റുകളിൽ, മെയിന്റനൻസ് ചെലവ് സെഗ്‌മെന്റ് ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്.

10,000 കിലോമീറ്റർ ശരാശരി വാർഷിക ദൂരവും മറ്റ് രീതിശാസ്ത്രങ്ങളും കണക്കിലെടുക്കുമ്പോൾ കിയ സോനെറ്റ് ഡീസൽ വകഭേദങ്ങൾ ഈ സെഗ്‌മെന്റുകളിൽ ഏറ്റവും ലാഭകരമാണെന്നും സെഗ്‌മെന്റ് ശരാശരിയേക്കാൾ 6 ശതമാനം കുറഞ്ഞ ഇന്ധന ഉപഭോഗമാണെന്നും ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ വെളിപ്പെടുത്തുന്നു. എന്നാൽ സോനെറ്റ് പെട്രോൾ വേരിയന്റുകൾ അത്ര ലാഭകരമല്ലെന്ന കണ്ടുപിടിത്തവും പുറത്തുവിട്ടിട്ടുണ്ട്.
കാരണം അവ സി-എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും കാര്യക്ഷമമായ മൂന്നാമത്തെ മോഡൽ മാത്രമാണെന്നാണ് പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. സോനെറ്റ് പെട്രോൾ മോഡലുകൾ മാത്രം ചില മെച്ചപ്പെടുത്തലുകൾ ആവശ്യമായുണ്ട്. സോനെറ്റിന്റെ മെച്ചപ്പെടുത്തൽ മേഖലകളിലൊന്ന് പെട്രോൾ മോഡലിലെ ഇന്ധനക്ഷമതയാണെന്ന് വിശകലനം കണ്ടെത്തിയിട്ടുണ്ട്. ഈ ഫലങ്ങൾ സോനെറ്റിന്റെ ദീർഘകാല അന്തിമ റിപ്പോർട്ടിലും പ്രതിഫലിപ്പിക്കുന്നു.

ഓണർഷിപ്പിന്റെ മൊത്തം ചെലവിൽ പ്രാരംഭ ഏറ്റെടുക്കൽ ചെലവ്, ശേഷിക്കുന്ന മൂല്യം, മെയിന്റനൻസ് കോസ്റ്റ്, ഫിനാൻസ്, ഇൻഷുറൻസ് ചെലവുകൾ, ഇന്ധനച്ചെലവ് എന്നിവയും ഉൾപ്പെടുന്നുണ്ട്. സോനെറ്റിന് പുറമെ ഇതേ വിഭാഗത്തിലെ 5 പെട്രോൾ, 3 ഡീസൽ മോഡലുകൾ വിശകലനം ചെയ്തപ്പോൾ കിയയുടെ സബ് 4 മീറ്റർ എസ്‌യുവിയുടെ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ നിന്ന് സെഗ്‌മെന്റ് ശരാശരിയേക്കാൾ 3 ശതമാനം ഉയർന്ന ശേഷിക്കുന്ന മൂല്യമുണ്ടെന്ന് കണ്ടെത്തി.
പുതിയ പഠന റിപ്പോർട്ടുകൾ വരാനിരിക്കുന്ന സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മൈലേജാവുമെന്ന കാര്യത്തിൽ സംശയമില്ല. വരാനിരിക്കുന്ന പുത്തൻ മോഡൽ ഡിസംബർ 14-ന് അരങ്ങേറ്റം കുറിക്കും. എന്നാൽ 2024 ജനുവരിയോടെയാവും വില പ്രഖ്യാപനം നടക്കുക. തുടർന്ന് ഡെലിവറിയും അതേമാസം തന്നെ നടക്കാനാണ് സാധ്യത. സെഗ്മെന്റിൽ ടാറ്റ നെക്സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു പോലുള്ള വമ്പൻമാരുമായാണ് സോനെറ്റിന്റെ തുടർന്നുള്ള മത്സരം.


Click it and Unblock the Notifications








