ഈ 'സേഫ്റ്റി ഫീച്ചർ' സ്റ്റാൻഡേർഡായി കിട്ടുന്ന കാറുകൾ! അതും 10 ലക്ഷം രൂപയിൽ താഴെ
അടുത്തിടെയായി ഇന്ത്യയിൽ വാഹന സുരക്ഷയെ സംബന്ധിച്ച് ചൂടുള്ള ചർച്ചകളാണ് നടക്കുന്നത്. നിർബന്ധിതമായ നിയമങ്ങളും തീരുമാനങ്ങളും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതിനാൽ അടിക്കടി വണ്ടികൾ പരിഷ്ക്കരിക്കാനും ഇപ്പോൾ വാഹന നിർമാതാക്കൾ നിർബന്ധിതരാവുന്നുണ്ട്. ഒരാൾ കാർ വാങ്ങുമ്പോൾ ഇന്ന് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതും സുരക്ഷയ്ക്കാണ്.
കാർ നിർമാതാക്കൾ അവരുടെ ഉൽപ്പന്നങ്ങളിൽ ഓഫർ ചെയ്യുന്ന സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുടെ എണ്ണവും കാലാകാലങ്ങളായി ഉയർന്നുകൊണ്ടിരിക്കുകയുമാണ്. ആദ്യം ഡ്രൈവർ സൈഡ് എയർബാഗ് മാത്രമായിരുന്നിടത്തു നിന്നും അത് ഡ്യുവൽ എയർബാഗുകളായും പിന്നീട് ഇപ്പോൾ നാല് എന്ന കണക്കിലുമായാണ് എത്തിയിരിക്കുന്നത്. എയർബാഗുകൾ മാത്രം കൊണ്ട് വാഹന സുരക്ഷ വർധിപ്പിക്കാനാവില്ലെന്ന് മനസിലാക്കിയതോടെ മറ്റ് ഉപകരണങ്ങളും സ്റ്റാൻഡേർഡായി പുതിയ മോഡലുകളിലേക്ക് ചേക്കേറാൻ തുടങ്ങി.

നേരത്തെ ഒരു സുരക്ഷാ സന്നാഹങ്ങളും ലഭ്യമല്ലാതിരുന്ന എൻട്രി ലെവൽ കാറുകൾ വരെ ഇന്ന് സ്റ്റാൻഡേർഡായി അനേകം സുരക്ഷാ ഫീച്ചറുകളാണ് വാഗ്‌ദാനം ചെയ്യുന്നത് എന്ന കാര്യം നമുക്ക് സന്തോഷം പകരുന്ന ഒന്നാണ്. കാര്യം വിലയൊക്കെ ഇതിനനുസരിച്ച് ഉയരുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളൊക്കെ നിരത്തുകളിൽ നമുക്ക് ഉപയോഗപ്രദമാവും. ഇനി കാറുകളിൽ നിർബന്ധിതമാക്കാൻ പോവുന്ന അടുത്ത സുരക്ഷാ സവിശേഷത ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ആയിരിക്കും.
നിലവിൽ ഒട്ടുമിക്ക ബ്രാൻഡുകളും തങ്ങളുടെ മോഡലുകളിൽ ഈ സവിശേഷത സ്റ്റാൻഡേർഡായി കൂട്ടിച്ചേർത്ത് വിപണിയിൽ എത്തിച്ചിരുന്നു. പുതുക്കിയ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ഒരു കാറിന് മാന്യമായ സ്‌കോർ ലഭിക്കേണ്ടത് ഇതിനകം തന്നെ അടിസ്ഥാന ആവശ്യകതയാണ്. ഇതിനായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ വഹിക്കുന്ന പങ്കും വലുതാണ്. പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ പെട്ടെന്നുള്ള സ്റ്റിയറിംഗ് ഇംബാലൻസിംൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് തടയുകയാണ് ഈ ഫീച്ചർ ചെയ്യുന്നത്.

വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് തടയുന്ന ഒരു സജീവ സുരക്ഷാ സവിശേഷതയായ ESC ഇന്ന് എൻട്രി ലെവൽ കാറുകളിലും കമ്പനികൾ സ്റ്റാൻഡേർഡായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ച് കാർ നിർമാതാക്കൾ തങ്ങളുടെ ശ്രേണി അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങിയതിനാൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സ്റ്റാൻഡേർഡായി ലഭിക്കുന്ന ചില ബജറ്റ് ഫ്രണ്ട്‌ലി കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?
ഇന്ത്യയിലെ എൻട്രി ലെവൽ കാർ വിഭാഗമായ എ സെഗ്മെന്റിൽ എത്തുന്ന വാഹനമാണ് റെനോ ക്വിഡ്. 4.70 ലക്ഷം രൂപ മുതൽ 6.33 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡലിൽ ഇപ്പോൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സ്റ്റാൻഡേർഡായി ലഭിക്കും. ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും ESC ഒരു സ്റ്റാൻഡേർഡ് ഫീച്ചറാണിപ്പോൾ. ഈ വർഷം തുടക്കത്തിലാണ് ഈ പുതിയ മാറ്റത്തോടെ വാഹനം വിപണിയിൽ എത്തുന്നത്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും പുതിയ 2023 റെനോ ക്വിഡിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങാനാവുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി മോഡലാണിത്.
അടുത്തിടെയാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ മാഗ്നൈറ്റിനെ പുതിയ സേഫ്റ്റി ഫീച്ചറുകളോടെ നിസാൻ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ESC സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. 360-ഡിഗ്രി ക്യാമറ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് മാഗ്നൈറ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ് സുരക്ഷാ ഉപകരണങ്ങൾ. 6 ലക്ഷം രൂപ മുതൽ 10.94 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്.

റെനോയിൽ നിന്നുള്ള ഒരു സബ്-4 മീറ്റർ എസ്‌യുവിയാണ് കൈഗർ. ശ്രേണിയിലുടനീളം ESC സ്റ്റാൻഡേർഡായി അവതരിപ്പിച്ച ഇതിൽ നാല് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഒരു റിയർ വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. 6.50 ലക്ഷം മുതലാണ് കാറിന്റെ എക്സ്ഷോറൂം വില തുടങ്ങുന്നത്.
മാരുതി സുസുക്കിയുടെ എക്കാലത്തേയും ജനപ്രിയ മോഡലുകളിൽ ഒന്നായ സ്വിഫ്റ്റും അടുത്തിടെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രം ഫീച്ചർ സ്റ്റാൻഡേർഡായി അവതരിപ്പിക്കുകയുണ്ടായി. ഇതോടൊപ്പം ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ-ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഹാച്ച്ബാക്കിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. ആറു ലക്ഷം രൂപ മുതലാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

സ്വിഫ്റ്റിന്റെ സെഡാൻ മോഡലായ ഡിസയറും ഇതേ പരിഷ്ക്കാരങ്ങളോടെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഒരേയൊരു സബ് കോംപാക്‌ട് സെഡാനാണ് ഡിസയർ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് സെഡാനിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് സുരക്ഷാ ഫീച്ചറുകൾ.
പൊതുവേ സുരക്ഷയുടെ കാര്യത്തിൽ പിന്നോട്ടാണെന്ന ചീത്തപ്പേരുള്ളവരാണ് മാരുതി സുസുക്കി. എന്നാൽ പോയ വർഷത്തോടെ ഇക്കാര്യത്തിൽ മാറ്റം കൊണ്ടുവരാൻ തുടങ്ങിയ കമ്പനി ബലേനോയിലും ESC, ഹിൽ-ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി നൽകി മോടിയാക്കിയിട്ടുണ്ട്. അതോടൊപ്പം അധിക കണക്റ്റിവിറ്റിയും ആറ് എയർബാഗുകളും 360-ഡിഗ്രി ക്യാമറയും വരെ മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ കിട്ടും.

ഇപ്പറഞ്ഞ കാറുകൾക്ക് പുറമെ ബ്രെസ, എർട്ടിഗ, XL6 തുടങ്ങിയ മാരുതി സുസുക്കി കാറുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സ്റ്റാൻഡേർഡായി നൽകുന്നുണ്ട്. കൂടാതെ ടാറ്റ നെക്സോൺ, റെനോ ട്രൈബർ, പോലുള്ള വാഹനങ്ങളും ഈ സുരക്ഷാ സവിശേഷത സ്റ്റാൻഡേർഡായി അവരുടെ എല്ലാ വേരിയന്റുകളിലും അവതരിപ്പിച്ചിട്ടുണ്ടെന്ന കാര്യവും എടുത്തു പറയാം. വരും ദിവസങ്ങളിൽ കൂടുതൽ കാറുകളും ഇതേ ഫീച്ചർ അടിസ്ഥാന സൗകര്യങ്ങളുമായി നിരത്തിലേക്കും.


Click it and Unblock the Notifications








