ടാറ്റയുടെ വണ്ടിയിൽ ബിഎംഡബ്യുവിന്റെ എഞ്ചിൻ; മുടക്കേണ്ടത് 2.11 കോടി രൂപ മുതൽ, ഒന്ന് വാങ്ങിയാലോ?
ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്വറി വാഹന നിർമാതാക്കളാണ് ലാൻഡ് റോവർ എന്നറിയാൻ വയ്യാത്ത വണ്ടിഭ്രാന്തൻമാരുണ്ടാവില്ല അല്ലേ. ബ്രിട്ടീഷ് കമ്പനി വാങ്ങിയതോടെയാണ് ഇന്ത്യയിൽ വരെ ടാറ്റയുടെ രാശി തെളിഞ്ഞതെന്നാണ് പലരും രഹസ്യമായി പറയുന്ന കാര്യം. എന്തായാലും ഇന്ത്യൻ വിപണിയിലും ലാൻഡ് റോവർ എസ്‌യുവികളെല്ലാം വൻഹിറ്റാണ്.
റേഞ്ച് റോവർ സ്‌പോർട്ട് ഒരു വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ജനപ്രിയ മോഡലുകളിൽ ഒന്നാണ്. സെലിബ്രിറ്റികളുടെ പ്രിയങ്കരമായ ഈ ആഡംബര എസ്‌യുവി ഇതുവരെ പെട്രോൾ, മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോഴിതാ ശ്രേണിയിലേക്ക് മറ്റൊരു വേരിയന്റിനെ കൂടി കൊണ്ടുവന്നിരിക്കുകയാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ.

SV, PHEV എന്നീ രണ്ട് പുതിയ വേരിയന്റുകൾ കൂടി ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ലാൻഡ് റോവർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ റേഞ്ച് റോവർ സ്‌പോർട്ടിന്റെ പുത്തൻ രണ്ട് വേരിയന്റുകളെ കൂടി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം മോഡലുകളുടെ വിലയെ സംബന്ധിച്ച കാര്യങ്ങളും ബ്രാൻഡ് വെളിപ്പെടുത്തി എന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. റേഞ്ച് റോവർ സ്‌പോർട് SV പതിപ്പിന് 2.80 കോടി രൂപയാണ് വില.
അതേസമയം PHEV ഓട്ടോബയോഗ്രഫിക്ക് 2.11 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇനി ഇവയുടെ വിശദാംശങ്ങളിലേക്ക് കടന്നാൽ ബിഎംഡബ്ല്യുവിൽ നിന്ന് കടമെടുത്ത 4.4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് റേഞ്ച് റോവർ സ്‌പോർട്ട് SV വേരിയന്റിന് കരുത്തേകുന്നത്. ഇത് 626 bhp പവറിൽ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന്റെ നാല് വീലുകളിലേക്കും പവർ കൈമാറുന്നത്. പെർഫോമൻസിലേക്ക് വന്നാൽ റേഞ്ച് റോവർ സ്‌പോർട് SV മോഡലിന് വെറും 3.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുമെന്നാണ് ലാൻഡ് റോവർ അവസാശപ്പെടുന്നത്. അതേസമയം മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയാണ് ലക്ഷ്വറി എസ്‌യുവിക്ക് എത്തിപ്പിടിക്കാനാവുന്ന പരമാവധി വേഗം.
സ്റ്റാൻഡേർഡ് റേഞ്ച് റോവർ സ്‌പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ SV പതിപ്പിന് സൂക്ഷ്മമായ ചെറിയ മാറ്റങ്ങൾ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എഞ്ചിനുള്ള വായുപ്രവാഹം വർധിപ്പിക്കുന്നതിനായി മുൻ ബമ്പറുകൾ മാറ്റിയിട്ടുണ്ട്. SV മോഡൽ കൂടുതൽ കരുത്തുള്ളതിനാൽ മുന്നിലും പിന്നിലും വീതി കൂടിയ ടയറുകളാണ് ഉപയോഗിക്കുന്നത്. മുൻവശത്തെ ഗ്രില്ലും സൈഡ് സ്കർട്ടുകളും പരിഷ്ക്കരിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

പിൻഭാഗത്ത് സ്റ്റാൻഡേർഡ് റേഞ്ച് റോവർ സ്‌പോർട്ടിൽ നിന്ന് SV പതിപ്പിനെ വേർതിരിച്ചറിയുന്നതിനായി ട്വിൻ എക്‌സ്‌ഹോസ്റ്റുകളാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്റീരിയറിലും ചില മാറ്റങ്ങളുണ്ട്. ഡ്രൈവിംഗ് മോഡിനുള്ള കുറുക്കുവഴിയായി പ്രവർത്തിക്കുന്ന SV ബട്ടണുകളും സംയോജിത ഹെഡ്‌റെസ്റ്റുകളും വ്യത്യസ്ത സ്റ്റിയറിംഗ് വീലും ഉള്ള വ്യത്യസ്ത സീറ്റ് അപ്ഹോൾസ്റ്ററിയും ഈ മോഡലിനെ വേറിട്ടു നിർത്തുന്നുണ്ട്. പിന്നിലെ യാത്രക്കാർക്കായി ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളും ഉണ്ട്.
ഇനി റേഞ്ച് റോവർ സ്‌പോർട്ട് PHEV വേരിയന്റിലേക്ക് വന്നാൽ 38.2 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന 3.0 ലിറ്റർ, 6 സിലിണ്ടർ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ബാറ്ററിയുമായി പ്രവർത്തിച്ച് മൊത്തത്തിൽ 453 bhp കരുത്തിൽ 660 Nm torque വരെ നിർമിക്കാൻ ഈ പ്ലഗ്-ഇൻ-ഹൈബ്രിഡ് മോഡൽ പ്രാപ്‌തമാണ്. പരമാവധി 225 കിലോമീറ്റർ വേഗതയുള്ള ഇതിന് 5.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.

7 kW എസി ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാമെന്നാണ് ലാൻഡ് റോവർ പറയുന്നത്. ഇതിലൂടെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ സമയം എടുക്കുമെന്ന് മാത്രം. റേഞ്ച് റോവർ PHEV പതിപ്പിന് WLTP സൈക്കിളിൽ 123 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. പ്ലഗ്-ഇൻ-ഹൈബ്രിഡ് മോഡൽ ഫുള്ളി ലോഡഡ് ഓട്ടോബയോഗ്രഫി വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.
PHEV വകഭേദത്തിന് എക്സ്റ്റീരിയർ അല്ലെങ്കിൽ ഇന്റീരിയർ അപ്‌ഡേറ്റുകളൊന്നും ലഭിക്കുന്നില്ലെങ്കിലും ഡിജിറ്റൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, 22 ഇഞ്ച് അലോയ് വീലുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകൾ, വെന്റിലേഷനും മസാജും ഉള്ള 22-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ പോലുള്ള എല്ലാ അത്യാധുനിക സവിശേഷതകളാലും എസ്‌യുവി സമ്പന്നമാണെന്ന് ലാൻഡ് റോവർ ഉറപ്പുവരുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








