ഇതിനു പിന്നിലും സെലിബ്രിറ്റികളാണോ? ഈ ലക്ഷ്വറി എംപിവി വാങ്ങാനെത്തിയത് നൂറുകണക്കിനാളുകൾ
ആഡംബര വാഹനങ്ങളുടെ ഏറ്റവും നല്ല വിപണികളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. എത്ര വില കൊടുത്തും തങ്ങൾക്ക് ഇഷ്‌ടപ്പെട്ട കാറുകൾ വാങ്ങാൻ ആളുണ്ടെന്നതാണ് സത്യം. രാജ്യത്ത് പ്രത്യേക ഇമേജുള്ള ടൊയോട്ടയുടെ ലക്ഷ്വറി വാഹന വിഭാഗമായ ലെക്‌സസ് ഇന്ത്യയിൽ എത്തിയിട്ട് അധികനാൾ ആയില്ലെങ്കിലും കാര്യമായ രീതിൽ ഫാൻസിനെ ഉണ്ടാക്കിയെടുക്കാൻ ഈ ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ട്.
സെലിബ്രിറ്റികളുടെ പ്രിയ വാഹനമായ ടൊയോട്ട വെൽഫയറിന്റെ ലെക്‌സസ് റീബാഡ്‌ജ്‌ഡ് പതിപ്പായ LM ലക്ഷ്വറി എംപിവിയെയും കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഏതായാലും ഈ മോഡലിനും വൻ സ്വീകാര്യത ലഭിച്ചതായി കമ്പനി പറയുന്നു. ബുക്കിംഗ് തുറന്ന് ഒരു മാസത്തിനുള്ളിൽ ഈ ചലിക്കുന്ന കൊട്ടാരത്തിനായി 100-ലധികം ബുക്കിംഗ് ലഭിച്ചിരിക്കുകയാണെന്നാണ് ലെക്‌സസ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

വില പ്രഖ്യാപിക്കുന്നതിനു മുമ്പാണ് ഇത്രയും വലിയ ബുക്കിംഗ് വാഹനത്തെ തേടിയെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആഡംബര പാനൽ വാനിന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമെന്ന് ലെക്‌സസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല. നാല്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ LM എംപിവി സ്വന്തമാക്കാനാവും. 2023 അവസാനത്തോടെ ഇന്ത്യയിൽ LM എംപിവിയുടെ വില ലെക്‌സസ് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ലെക്‌സസ് LM റിക്ലൈനിംഗ് സീറ്റുകൾ, 23 സ്പീക്കർ ഓഡിയോ സിസ്റ്റമുള്ള 48 ഇഞ്ച് ഡിസ്പ്ലേ, ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഒരു കുട ഹോൾഡർ, ഒരു ഫ്രിഡ്ജ് തുടങ്ങിയ സവിശേഷതകളോടെ ലഭ്യമാകും. എംപിവിയിൽ വാംത്ത് സെൻസിംഗ് IR (ഇൻഫ്രാറെഡ്) മാട്രിക്സ് സെൻസറും ഉണ്ടായിരിക്കുമെന്നും ജാപ്പനീസ് ആഡംബര നിർമാതാക്കൾ പറയുന്നു.

ഇത് പിൻസീറ്റിൽ ഇരിക്കുന്നവരുടെ നാല് ഭാഗങ്ങൾ അതായത് മുഖം, നെഞ്ച്, തുടകൾ, താഴത്തെ കാലുകൾ എന്നിവയുടെ താപനില നിരന്തരം നിരീക്ഷിക്കുന്നു. ക്യാബിനിനുള്ളിൽ സുഖപ്രദമായ താപനില നിലനിർത്തുന്നതിന് സിസ്റ്റം അതനുസരിച്ച് എയർ കണ്ടീഷനിംഗും സീറ്റ് ഹീറ്ററുകളും നിയന്ത്രിക്കും. യാത്രകൾക്ക് അത്യാഡംബര ഫീൽ നൽകുന്നതിനായി നാല് സീറ്റർ വേരിയന്റിൽ 48 ഇഞ്ച് വൈഡ് സ്‌ക്രീനും കമ്പനി നൽകുന്നുണ്ട്.
മുൻ നിരയിൽ നിന്ന് പാസഞ്ചർ കംപാർട്ട്മെന്റിനെ വേർതിരിക്കുന്നതിന് ഒരു ഗ്ലാസ് പാർട്ടീഷനും ഒരുക്കിയിട്ടുണ്ട്. 23-സ്പീക്കർ ഓഡിയോ സിസ്റ്റം, ഫോൾഡ് ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവയാണ് ആഡംബര മൾട്ടി പർപ്പസ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകൾ. 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് ലെക്‌സസ് LM എംപിവിക്ക് തുടിപ്പേകാൻ എത്തുന്നത്.

190 bhp കരുത്തിൽ 240 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുക. അതേസമയം അഡാപ്റ്റീവ് സസ്‌പെൻഷൻ മികച്ച റൈഡ് ഗുണനിലവാരം നൽകുന്നു. LM എന്നാല്‍ 'ലക്ഷ്വറി മൂവര്‍' എന്നതിന്റെ ചുരുക്കപ്പേരാണെന്നാണ് കമ്പനി പറയുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ എല്ലാവിധ ആഡംബര ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഡിസൈനിലേക്ക് നോക്കിയാൽ ലെക്‌സസിന്റെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ഘടകങ്ങളാല്‍ മെച്ചപ്പെടുത്തിയ ബോക്സി ആകൃതിയിലാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന രൂപം വെൽഫയറിന് സമാനമാണെങ്കിലും മുന്‍വശത്തെ വലിയ സ്പിന്‍ഡില്‍ ഗ്രില്‍, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും ഇഷ്ടവാഹനമായി മാറിയ ടൊയോട്ട വെല്‍ഫയറിന്റെ പ്ലാറ്റ്ഫോം തന്നെയാണ് ലെകസസ് പുതിയ എംപിവിയിലും ഉപയോഗിച്ചിരിക്കുന്നത്.

ആയതിനാൽ ഗംഭീര യാത്രാ സുഖമായിരിക്കും ഇതിൽ കിട്ടുക. ഈ വർഷം ഓഗസ്റ്റിലാണ് പുതുതലമുറ LM ഇന്ത്യയ്‌ക്കായി പ്രഖ്യാപിക്കുന്നത്. വെല്‍ഫയറിന് 1.20 കോടി മുതല്‍ 1.30 കോടി രൂപ വരെയാണ് ആഭ്യന്തര വിപണിയിലെ എക്സ്ഷോറൂം വില വരുന്നത്. കൂടുതല്‍ ആഡംബര ഫീച്ചറുകളുമായെത്തുന്ന ലെക്‌സസ് LM ലക്ഷ്വറി എംപിവിക്ക് സ്വാഭാവികമായും ഇതിനെക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും മുടക്കേണ്ടി വരിക എന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








