സ്വിഫ്റ്റിനേക്കാൾ കൂടുതൽ കിട്ടും, ഈ ആഡംബര കാറുകളുടെ മൈലേജ് കേട്ടാൽ ഒന്നു വാങ്ങാൻ തോന്നും
ആഡംബര കാറുകളെന്നാൽ നമുക്കേവർക്കും കൗതുകകരമായ കാര്യമാണ്. ഇതുവരെ കയറാനോ അല്ലെങ്കിൽ ഒന്ന് ഡ്രൈവ് ചെയ്യാനോ സാധിച്ചിട്ടില്ലെങ്കിലും ഒട്ടുമിക്ക മോഡലുകളും ബ്രാൻഡുകളും നമുക്ക് സുപരിചിതമാണെന്ന് വേണം പറയാൻ. പലരുടേയും സ്വപ്‌ന വാഹനങ്ങളിൽ ഒന്നായിരിക്കും മെർസിഡീസ് ബെൻസും ഔഡിയും ബിഎംഡബ്ല്യുവുമെല്ലാം. പക്ഷേ ഇന്ത്യക്കാർ കാർ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന കാര്യമാണ് മൈലേജ്.
ഇത്തരം ആഡംബര കാറുകൾക്ക് എത്ര മൈലേജായിരിക്കും കിട്ടുകയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വലിയ വ്യവസായികളും കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളുമാണ് കൂടുതലായും ഇത്തരം വണ്ടികൾ വാങ്ങുന്നതെങ്കിലും ഇക്കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് കേട്ടോ. 10 കിലോമീറ്ററിൽ താഴെയായിരിക്കും ഇവയുടെ ഇന്ധനക്ഷമതയെന്ന് കരുതുന്നുണ്ടെങ്കിൽ ആ തോന്നൽ ഒന്നുമാറ്റിവെച്ചേക്ക്.

മാരുതി സ്വിഫ്റ്റിനേക്കാൾ കിടിലൻ മൈലേജ് നൽകുന്ന പല ലക്ഷ്വറി വാഹനങ്ങളും ഇന്ന് ഇന്ത്യയിലുണ്ട് അവ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ? ചിലപ്പോൾ ഒരു സെക്കൻഡ് ഹാൻഡ് മോഡൽ ചുളുവിൽ കിട്ടിയാൽ കണ്ണുംപൂട്ടി വാങ്ങിക്കോ. പക്ഷേ ഇനി പറയാൻ പോവുന്ന മോഡലുകളൊന്നും അങ്ങനെ കിട്ടാൻ വഴിയില്ലെന്നതും പറഞ്ഞേക്കാം. നിങ്ങളുടെ ഡ്രീം കാർ ഈ ലിസ്റ്റിലുണ്ടോ എന്നു കൂടി നോക്കിക്കോ.
ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ: 184 bhp പവറിൽ പരമാവധി 400 Nm torque നൽകുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബിഎംഡബ്ല്യുവിന്റെ ഈ അത്യാഡംബര സെഡാന് തുടിപ്പേകുന്നത്. എന്നിട്ടും ലിറ്ററിന് 20.37 കിലോമീറ്ററിന്റെ ഇന്ധനക്ഷമത നൽകാൻ 3 സീരീസ് ഗ്രാൻ ലിമോസിനാവുന്നുണ്ട് 60.60 ലക്ഷം രൂപ മുതലാണ് ലക്ഷ്വറി കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ബിഎംഡബ്ല്യു 5 സീരീസ്: 68.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ജർമൻ വാഹന നിർമാതാക്കളുടെ ഈ കാറിനും ഉഗ്രൻ മൈലേജാണുള്ളത്. 184 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ബിഎംഡബ്ല്യു 5-സീരീസിന് കരുത്ത് പകരുന്നത്. ലിറ്ററിന് 20.87 കിലോമീറ്റർ മൈലേജാണ് ആഡംബര കാറിൽ കമ്പനി അവകാശപ്പെടുന്നത്.
മെർസിഡീസ് ബെൻസ് C-ക്ലാസ്: ബെസില്ലാതെ ഈ വിഭാഗത്തിനും എന്ത് ആഘോഷം. 194 bhp പവറും 440 Nm torque ഉം നൽകുന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഈ ലക്ഷ്വറി സെഡാനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ലിറ്ററിന് 23 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ജർമൻ ബ്രാൻഡ് പരസ്യം ചെയ്യുന്നത്. 60 ലക്ഷം രൂപ മുതലാണ് മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില തുടങ്ങുന്നത്.

ലെക്സസ് ES 300h: ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമമായ ആഡംബര കാറുകളാണ് ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡായ ലക്‌സസ് പുറത്തിറക്കുന്നത്. ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ വാഹനം ഉപയോഗിക്കുന്നത്. ഇത് 173 bhp കരുത്തിൽ 221 Nm torque വരെ സൃഷ്ടിക്കുന്ന ഹൈബ്രിഡ് എഞ്ചിന് 23 കിലോമീറ്ററാണ് ഇന്ധനക്ഷമത. 69.70 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.
ടൊയോട്ട കാമ്രി: ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 172 bhp പവറിൽ 221 Nm torque വരെ ഉത്പാദിപ്പിക്കുന്നു. ടൊയോട്ട കാമ്രിയുടെ ഇന്ധനക്ഷമത ലിറ്ററിന് 23 കിലോമീറ്ററാണ്. ഇതിന് 46.17 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്. ഒരു ആഡംബര കാറായി പലരും കാണുന്നില്ലെങ്കിലും ജാപ്പനീസ് ബ്രാൻഡിന്റെ നിരയിലെ ശക്തമായ മോഡലുകളിൽ ഒന്നാണ് കാമ്രി.

മാരുതി കാറുകൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ മൈലേജാണ് ഇത്തരം ആഡംബര കാറുകൾ നൽകുന്നതെന്ന് ഇപ്പോൾ വ്യക്തമായില്ലേ. പക്ഷേ എല്ലാ വണ്ടികൾക്കും ഇത്രയും ഇന്ധനക്ഷമതയുണ്ടെന്നൊന്നും കരുതല്ലേ. സാധാരണ നമ്മുടെ കാറുകൾ പരിപാലിക്കുന്നതു പോലെയല്ല ലക്ഷ്വറി കാറുകളുടെ മെയിന്റനെൻസ് വരുന്നത് എന്ന കാര്യവും മനസിൽ കുറിച്ചിട്ടോണേ. ഇതിനെ കുറിച്ചുള്ള മറ്റൊരു ലേഖനവും ഞങ്ങളുടെ വെബ്സൈറ്റിൽ കണ്ടെത്താനാവും.


Click it and Unblock the Notifications








