കിരീടത്തിനായി ഈ വണ്ടിക്കമ്പനിയും, ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്പോർൺസർ ആരെന്ന് കണ്ടോ
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യം. സഞ്ജു സാംസണിനെ ഒഴിവാക്കി ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തുവെങ്കിലും കേരളത്തിലും ക്രിക്കറ്റ് ആവേശം അലയടിക്കുന്നുണ്ട്. കിരീട ഫേവറിറ്റുകളായി ഇന്ത്യ തന്നെയാണ് മുൻപന്തിയിലും. ഐസിസി ലോകകപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോൺസറായി എത്തുന്നത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്.
XUV700, സ്കോർപിയോ N, ഥാർ തുടങ്ങിയ എസ്‌യുവികൾക്ക് ജനപ്രിയമായ മഹീന്ദ്ര ഒക്ടോബർ അഞ്ചിനും നവംബർ 19 നും ഇടയിൽ നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ അസോസിയേറ്റ് സ്പോൺസർ ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്റ്റാർ സ്‌പോർട്‌സ്, ഡിസ്‌നി ഹോട്ട്‌സ്റ്റാർ എന്നിവയുമായി മഹീന്ദ്ര ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ സഹ-പവർ സ്പോൺസർമാരായി കൈകോർക്കും.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വലിയ പ്രേക്ഷകരിലേക്ക് എത്താൻ ഐസിസി ലോകകപ്പ് സ്പോൺസർഷിപ്പ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ സഹായിക്കും. തങ്ങളുടെ എസ്‌യുവികളും വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിച്ച് യൂറോപ്യൻ വിപണികളിൽ തങ്ങളുടെ കാൽപ്പാടുകൾ വിപുലീകരിക്കാൻ മഹീന്ദ്രയ്ക്ക് ഉദ്ദേശമുള്ളതിനാൽ സ്പോൺസർഷിപ്പ് ഉപകാരപ്പെടും.
ലോകകപ്പ് ടിവിയിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും പ്രദർശിപ്പിക്കുമ്പോൾ മഹീന്ദ്ര ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രേക്ഷകർക്ക് അനുയോജ്യമായ ഒരു സവിശേഷമായ "ക്ലിക്ക് ടു ബുക്ക് ടെസ്റ്റ് ഡ്രൈവ്" ഫീച്ചർ അവതരിപ്പിക്കും. ഇത് ഇന്ത്യയുടെ പരസ്യ വ്യവസായത്തിലെ വലിയ നീക്കം തന്നെയാണ്. നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ കാർ നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എസ്‌യുവി മാത്രം വിൽപ്പനയ്ക്ക് എത്തിക്കുന്ന കമ്പനി 2020 മുതൽ പുറത്തിറക്കുന്ന മോഡലുകൾക്കെല്ലാം പ്രത്യേക ഇമേജാണുള്ളത്.

സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം കോർത്തിണക്കി പണിതിറക്കിയ ന്യൂ ജെൻ ഥാർ, XUV700, സ്കോർപിയോ N പോലുള്ള വണ്ടികളെല്ലാം വൻഹിറ്റാണ് അടിച്ചത്. ഇവയ്ക്ക് പുറമെ ബ്രാൻഡ് നിരയിൽ സ്കോർപിയോ ക്ലാസിക്, ബൊലോറോ, ബൊലേറോ നിയോ, XUV300 പോലുള്ള യൂട്ടിലിറ്റി വാഹനങ്ങളാണ് അണിനിരക്കുന്നത്. XUV400 എന്ന ഓൾ-ഇലക്‌ട്രിക് എസ്‌യുവിയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നിരയിലുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കാനാണ് കാർ നിർമാതാക്കളുടെ തീരുമാനം. 2023 ഓഗസ്റ്റിൽ വിൽപ്പനയിൽ 19 ശതമാനം വർധനവാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 59,049 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 70,350 വാഹനങ്ങളാണ് കമ്പനി നിരത്തുകളിലെത്തിച്ചത്. കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റ 70,000 യൂണിറ്റുകളിൽ 37,270 യൂണിറ്റുകളും എസ്‌യുവികളായിരുന്നു.

മഹീന്ദ്രയുടെ എസ്‌യുവികളുടെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ സുരക്ഷാ റേറ്റിംഗാണ്. ബ്രാൻഡിന്റെ ഭൂരിഭാഗം എസ്‌യുവികളും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ഗംഭീര സ്കോറുമായാണ് മടങ്ങിയെത്തിയത്. ക്രാഷ് ടെസ്റ്റിൽ സ്കോർപിയോ-N, XUV700 എന്നിവ 5-സ്റ്റാർ സേഫ്റ്റിയാണ് നേടിയിട്ടുള്ളത്. XUV700 ഏജൻസിയിൽ നിന്ന് സേഫർ ചോയ്‌സ് ടൈറ്റിലും സ്വന്തമാക്കിയിട്ടുണ്ട്.
2021-ൽ പുറത്തിറക്കിയ എസ്‌യുവി അവതരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഒരു എസ്‌യുവി അതിന്റെ വിഭാഗത്തിലെ ഏറ്റവും വേഗത്തിൽ നാഴികക്കല്ല് കൈവരിച്ച സമയങ്ങളിലൊന്നാണിത്. പ്രത്യേകിച്ച് വിലയും സെഗ്മെന്റും പരിഗണിക്കുമ്പോൾ XUV700 വലിയ ഹിറ്റാണെന്ന് നിസംശയം പറയാനാവും.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023, ഇന്ത്യയുടെ ഉത്സവ സീസണിനോട് അനുബന്ധിച്ച്, മഹീന്ദ്രയ്ക്ക് വിശാലമായ പ്രേക്ഷകരുമായി ഇടപഴകാനുള്ള സുവർണാവസരം നൽകും. ഒക്‌ടോബർ 14-ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ ഉൾപ്പെടെ 48 ആവേശകരമായ മത്സരങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യൻ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ: രോഹിത് ശര്‍മ (നായകൻ), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ഉപനായകൻ), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ ( രണ്ടാം വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്.


Click it and Unblock the Notifications








