മഹീന്ദ്രയുടെ എസ്‌യുവി ഉടമയാണോ? സൗജന്യ മെഗാ സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കമ്പനി
സമീപകാലത്ത് പുത്തൻ എസ്‌യുവി മോഡലുകളിലൂടെ വിസ്‌മയം തീർത്ത വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV400 മുതൽ ഇങ്ങ് സ്കോർപിയോ N വരെ വിപണിയിലെത്തിയപ്പോൾ കണ്ണുതള്ളിയവരാണ് നമ്മൾ. നിലവിൽ വിപണിയിൽ വൻ ലാഭം കൊയ്യുന്ന കമ്പനി ഉപഭോക്താക്കളെ ബ്രാൻഡിൽ തന്നെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങളും ഇതോടൊപ്പം തുടർന്നു പോരുന്നുണ്ട്.
അതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളായ മഹീന്ദ്ര ഇപ്പോൾ തങ്ങളുടെ മുഴുവൻ ശ്രേണിയിലുള്ള എസ്‌യുവികൾക്കായും രാജ്യവ്യാപകമായ മെഗാ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26 വരെ രാജ്യത്തെ 600-ലധികം അംഗീകൃത സർവീസ് സെന്ററുകളിൽ എം-പ്ലസ് എന്ന പേരിൽ മഹീന്ദ്ര സർവീസ് ക്യാമ്പ് സംഘടിപ്പിക്കും.

ഓരോ വാഹനത്തിലും ഉപഭോക്താക്കൾക്ക് 75 പോയിന്റ് ചെക്ക് ലഭിക്കുമെന്നും 5,000-ലധികം സൗജന്യ സേവനങ്ങൾ ഓഫർ ചെയ്യുമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. കൂടാതെ സ്‌പെയർ പാർട്‌സ്, ലേബർ സർവീസുകൾ, ആക്‌സസറികൾ എന്നിവയിൽ ഡിസ്‌കൗണ്ടുകളുടെ ഒരു വലിയ ശ്രേണിയും ഉണ്ടായിരിക്കും എന്നതാണ് ഹൈലൈറ്റ്. ഇവയെല്ലാം നൽകി നിലവിലെ ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്താനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മഹീന്ദ്രയുടെ കോൺടാക്റ്റ്‌ലെസ് സേവനത്തിലൂടെ വാഹന ഉടമകൾക്ക് ഡിജിറ്റൽ റിപ്പയർ ഓർഡറുകളും ഇൻവോയ്‌സുകളും പേപ്പർലെസ് സേവന സൗകര്യവും ബ്രാൻഡ് നൽകും.
ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വാഹന രേഖകൾ സംഭരിക്കുന്നതിനും ഉപയോഗിക്കാം. മഹീന്ദ്രയുടെ 'വിത്ത് യു ഹമേഷാ' ആപ്പ് ഡിജിലോക്കറുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് അവരുടെ മുഴുവൻ വെഹിക്കിൾ ഹിസ്റ്ററിയും എസ്‌യുവിയുമായി ബന്ധപ്പെട്ട രേഖകളും ആക്‌സസ് ചെയ്യാൻ കഴിയും. ഇതുകൂടാതെ ഈ ആപ്ലിക്കേഷൻ ഈസി സർവീസ് ബുക്കിംഗ്, സർവീസ് സ്റ്റേജ് ട്രാക്കിംഗ്, ഓൺലൈൻ പേയ്‌മെന്റുകൾ, SOS അഭ്യർഥനകൾ, മറ്റ് സൗകര്യപ്രദമായ സവിശേഷതകൾ എന്നിവ നൽകുമെന്നും പറയപ്പെടുന്നു.

കൂടാതെ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ എല്ലാ വർക്ക്‌ഷോപ്പുകളും ക്വിക്ക് സർവീസ് നടത്തുന്നതിനായി ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ടെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ ഇവിടെ പീരിയോഡിക് മെയിന്റനെൻസും ചെറിയ അറ്റകുറ്റപ്പണികളും 90 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി നൽകുമെന്നാണ് വാഗ്‌ദാനം. ഉപഭോക്താക്കൾക്ക് മെഗാ ക്യാമ്പിൽ മുൻകൂർ അപ്പോയിന്റ്മെന്റോടെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. മഹീന്ദ്രയുടെ വിത്ത് യു ഹമേഷയുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലോ ആപ്പ് വഴിയോ ഒരാൾക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും സൗജന്യ പിക്ക്-അപ്പ്, ഡ്രോപ്പ് സൗകര്യങ്ങൾ നേടാനും കഴിയും.
പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റിലെ ശക്തമായ സാന്നിധ്യമായി മഹീന്ദ്രയ്ക്ക് മാറാനായിട്ടുണ്ട്. ഇപ്പോൾ ടാറ്റ മോട്ടോർസ് ആധിപത്യം പുലർത്തുന്ന ഇലക്ട്രിക് വാഹന മേഖലയിൽ വലിയൊരു അടയാളം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ബ്രാൻഡ്. അതിനായി XUV400 അടുത്തിടെ പുറത്തിറക്കിയപ്പോൾ കമ്പനി അതിന്റെ രണ്ട് കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവികളും അടുത്തിടെ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. XUV300, രണ്ടാംതലമുറ ഥാർ, സ്കോർപിയോ N, XUV700, ബൊലേറോ നിയോ, ബൊലേറോ എന്നിവയെല്ലാം വിപണിയിൽ വൻ ഹിറ്റാണ്.

മഹീന്ദ്ര എസ്‌യുവി മോഡലുകൾക്ക് ശക്തമായ ഡിമാൻഡ് ഉള്ളതിൽ അവയിൽ ഓരോന്നിനും ഗണ്യമായ കാത്തിരിപ്പ് കാലയളവുണ്ടെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് നിരാശയുണർത്തുന്ന കാര്യമാണ്. ഥാർ, XUV700 എന്നിവയ്ക്ക് ചില വകഭേദങ്ങൾക്കായി ഏകദേശം 16 മാസം വരെ നീളുന്ന ബുക്കിംഗ് പിരീഡാണുള്ളത്. ഥാറിന്റെ റിയർ-വീൽ ഡ്രൈവ് പതിപ്പും അടുത്തിടെ നിരത്തിലേക്ക് എത്തിയിരുന്നു. 10 ലക്ഷത്തിൽ താഴെയുള്ള വിപണിയിൽ ഈ പ്രത്യേക മോഡലിന്റെ ആവശ്യവും തുടർന്നുള്ള കാത്തിരിപ്പ് കാലയളവും ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി 5 ഡോര്‍ ജിംനി കൂടി അവതരിച്ചതോടെ ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ വന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഥാറിന് മത്സരം മുറുകുന്നതിനാൽ പുതിയ റിയർ വീൽ ഡ്രൈവിന്റെ വരവ് സെഗ്മെന്റിൽ മഹീന്ദ്രയ്ക്ക് മൈലേജാവും. 9.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഥാര്‍ RWD അവതരിക്കപ്പെട്ടിരിക്കുന്നത്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








