1 ലക്ഷം കടന്ന് മഹീന്ദ്രയുടെ ഈ പിക്കപ്പ്, ഇക്കാര്യത്തിൽ എതിരാളികളില്ലാതെ കുതിപ്പ്
ഇന്ത്യൻ വിപണിയിൽ പാസഞ്ചർ കാർ വിപണിയിൽ എന്ന പോലെ തന്നെ, അല്ലെങ്കിൽ അതിലേറെ സജീവമാണ് വാണിജ്യ വാഹന രംഗത്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ലൈറ്റ് കൊമേഴ്‌സ്യൽ വണ്ടികൾ മുതൽ വലിയ ട്രക്കുകൾ വരെ കമ്പനി നിരയിൽ നിന്നും പുറത്തിറങ്ങുന്നുണ്ട്. ഇപ്പോഴിതാ ഈ സെഗ്മെന്റിലെ കമ്പനിയുടെ ഒരു ജനപ്രിയ മോഡൽ സുപ്രധാനമായൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണി ഒരു ലക്ഷം നിർമാണം പൂർത്തിയാക്കിയ നേട്ടമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആഘോഷിക്കുന്നത്. വെറും 16 മാസത്തിനുള്ളിലാണ് ചെറു വാണിജ്യ വാഹന ശ്രേണിയിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് ഈ സെഗ്മെന്റിലെ റെക്കോർഡ് നേട്ടമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. 2022 ഓഗസ്റ്റ് പത്തിനാണ് ബ്രാൻഡ് ഈ വാഹനത്തെ വിപണിയിലെത്തിക്കുന്നത്.

ഇതിനുശേഷം ഗംഭീര സ്വീകരണമാണ് ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിജയത്തെത്തുടർന്ന് മഹീന്ദ്ര 2023 ഏപ്രിലിൽ വിവിധ പേലോഡുകളും കാർഗോ ദൈർഘ്യവും പരിഗണിച്ച് 8 വ്യത്യസ്ത മോഡലുകളുടെ ഒരു ശ്രേണിയും പുറത്തിറക്കിയിരുന്നു. HD സീരീസ്, സിറ്റി സീരീസ് എന്നിങ്ങനെ രണ്ട് സീരീസുകളിൽ ലഭ്യമാകുന്ന മോഡലുകൾക്ക് 7.85 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
ഇത്രയും കുറഞ്ഞ കാലയളവിൽ ഒരു ലക്ഷം ഉൽപ്പാദന നാഴികക്കല്ല് കൈവരിക്കുന്നത് തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വ്യക്തമായ പ്രതിഫലനമാണെന്ന് ബൊലേറോ മാക്‌സ് പിക്കപ്പിന്റെ ഒരു ലക്ഷം യൂണിറ്റ് നിർമാണ നേട്ടത്തെ കുറിച്ച് സംസാരിച്ച മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ നല്ലിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

ഇത്രയും താങ്ങാനാവുന്ന വിലയിൽ കിട്ടുന്ന വാഹനങ്ങൾ ഉപഭോക്താക്കൾക്കും ഓപ്പറേറ്റർമാർക്കും അഭൂതപൂർവമായ മൂല്യം നൽകുന്ന മികച്ച സവിശേഷതകളും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണി ഈ വിഭാഗത്തിൽ നിരവധി പുതുമകളാണ് അവതരിപ്പിക്കുന്നത്. ഇക്കാരണങ്ങളെല്ലാം വണ്ടിക്ക് കൂടുതൽ ജനപിന്തുണ ലഭിക്കാൻ കാരണമായിട്ടുണ്ട്.
IMAXX ടെലിമാറ്റിക്‌സ് സൊല്യൂഷൻ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കോർണറിംഗ് ലാമ്പുകൾ, വിശാലമായ 10 അടി കാർഗോ സ്പേസ് (3050 mm), കരുത്തുറ്റ 7R16 ടയറുകൾ എന്നിവ പോലുള്ളവ ഈ വാണിജ്യ വാഹനത്തിന്റെ പ്രത്യേകതകളിൽ എടുത്തു പറയാനാവുന്നവയാണ്. കൂടാതെ, സിറ്റി, HD റേഞ്ച്, ഡീസൽ, സിഎൻജി വേരിയന്റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഓപ്ഷനുകളും പിക്കപ്പിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര ബൊലേറോ മാക്‌സ് പിക്കപ്പിന്റെ നൂതന iMAXX ടെലിമാറ്റിക്‌സ് സിസ്റ്റത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചാൽ, ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും വെഹിക്കിൾ ടെലിമാറ്റിക്‌സും ഓൺബോർഡ് വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സും വിന്യസിക്കാൻ ബിസിനസ് സ്ഥാപനങ്ങളെയോ വ്യക്തിഗത ഉടമകളെയോ ഇത് പ്രാപ്‌തമാക്കുന്നു. സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന 30-ലധികം സ്മാർട്ട് ഫീച്ചറുകളോടെയാണ് ഈ സിസ്റ്റം വരുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളിൽ ആപ്പ് ലഭ്യമാണ്. റൂട്ട് പ്ലാനിംഗ്, ഡെലിവറി ഷെഡ്യൂളിംഗ്, നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, ജിയോഫെൻസിംഗ്, ഫ്യൂവൽ ലോഗ് എന്നിവയും മറ്റും പോലുള്ള സവിശേഷതകൾ iMAXX സിസ്റ്റത്തിൽ ഉൾപ്പെടുന്നുവെന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുമുണ്ട്. ടേൺ-സേഫ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയ മറ്റ് സവിശേഷതകളോടെയാണ് പുതിയ മഹീന്ദ്ര ബൊലേറോ മാക്‌സ് പിക്കപ്പ് എത്തുന്നത്.
കൂടാതെ മഹീന്ദ്രയുടെ പറയുന്നത് അനുസരിച്ച് 5.5 മീറ്റർ ടേണിംഗ് റേഡിയസ് ഉള്ളതിനാൽ പുതിയ ബൊലേറോ മാക്സ് പിക്കപ്പുകൾ സിറ്റി സാഹചര്യങ്ങളിൽ ഓടിക്കാൻ വളരെ എളുപ്പമാണ്. പുതിയ ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണി ഉയർന്ന പേലോഡ് കപ്പാസിറ്റി, മികച്ച മൈലേജ്, പെർഫോമൻസ്, മെച്ചപ്പെട്ട യാത്രാ സുഖം, സേഫ്റ്റി, ഉയർന്ന വിശ്വാസ്യത, കാര്യക്ഷത എന്നിവയാൽ സന്തുലിതമാണെന്ന് പറയാം.


Click it and Unblock the Notifications