Bolero MaXX Pik-Up കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും, പുതിയ ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണി വിപണിയിൽ
പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്തൊരു വാഹനമാണ് മഹീന്ദ്രയുടെ ബൊലേറോ (Mahindra Bolero). പാസഞ്ചർ സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്തി കുതിച്ചുപായുന്ന ഈ മൾട്ടി യൂട്ടിലിറ്റി വാഹനത്തിന് വാണിജ്യനിരയിലും ഒരു വകഭേദമുണ്ട്. പതിറ്റാണ്ടുകളായി നിരത്തിലോടുന്ന ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണിയുടെ (Bolero Maxx Pick-up) കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്.
ചെറു വാണിജ്യ വാഹന ശ്രേണിയിൽ മഹീന്ദ്രയുടെ തുറുപ്പുചീട്ടുകൂടിയായ ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണിയുടെ പുതിയ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. HD സീരീസ്, സിറ്റി സീരീസ് എന്നിങ്ങനെ രണ്ട് സീരീസുകളിൽ ലഭ്യമാകുന്ന മോഡലുകൾക്ക് 7.85 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്കും ഓപ്പറേറ്റർമാർക്കും അഭൂതപൂർവമായ മൂല്യം നൽകുന്ന മികച്ച സവിശേഷതകളും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നതിനാണ് പുത്തൻ പതിപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബൊലേറോ മാക്‌സ് പിക്കപ്പ് HD സീരീസുകൾ നാല് വേരിയന്റുകളിൽ സ്വന്തമാക്കാനാവും. അതിൽ 2.0 L, 1.7 L, 1.7, 1.3 എന്നിങ്ങനെ വ്യത്യസ്‌ത പതിപ്പുകളാണുള്ളത്. അതേസമയം സിറ്റി സീരീസിൽ 1.3, 1.4, 1.5, സിറ്റി സിഎൻജി വേരിയന്റുകളിലും വാങ്ങാനാവും. പുതിയ ശ്രേണിക്ക് 1.3 ടൺ മുതൽ 2 ടൺ വരെയുള്ള ഒന്നിലധികം പേലോഡ് കപ്പാസിറ്റികളുമുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണിയുടെ കാർഗോ ബെഡ് ഏരിയയ്ക്ക് 3050 mm വരെ നീളവുമുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പുതിയ ബൊലേറോ ഇപ്പോൾ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതും അതുവഴി കൂടുതൽ വൈവിധ്യമാർന്നതുമാണെന്ന കാര്യവും മഹീന്ദ്ര എടുത്തുപറയുന്നുണ്ട്. 70 bhp/200 Nm, 80 bhp/220 Nm torque എന്നിവയുടെ വ്യത്യസ്‌ത പവറും ടോർക്ക് ഔട്ട്‌പുട്ടുകളുമുള്ള ഡീസൽ, സിഎൻജി ഓപ്ഷനുകളുള്ള മഹീന്ദ്രയുടെ വിപുലമായ m2Di എഞ്ചിൻ നിരയാണ് വാഹനത്തിന് തുടിപ്പേകുന്നത്.

പുതിയ ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണി ഉയർന്ന പേലോഡ് കപ്പാസിറ്റി, മികച്ച മൈലേജ്, പെർഫോമൻസ്, മെച്ചപ്പെട്ട യാത്രാ സുഖം, സേഫ്റ്റി, ഉയർന്ന വിശ്വാസ്യത, കാര്യക്ഷത എന്നിവയാൽ സന്തുലിതമാണെന്ന് പറയാം. ഇതോടൊപ്പം വാഹനത്തിൽ iMAXX കണക്റ്റഡ് സൊല്യൂഷനുകൾ സജ്ജീകരിച്ചിരിക്കുന്നതും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. iMAXX ആപ്പ് ഉപയോഗിച്ച് വാഹനം ട്രാക്ക് ചെയ്യാൻ വരെ ഉടമകളെ ഈ ഫീച്ചർ അനുവദിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളിൽ ആപ്പ് ലഭ്യമാണ്.
വെഹിക്കിൾ ട്രാക്കിംഗ്, റൂട്ട് പ്ലാനിംഗ്, ചെലവ് മാനേജ്മെന്റ്, ജിയോ ഫെൻസിംഗ്, ഹെൽത്ത് മോണിറ്ററിംഗ് മുതലായവ ഉൾപ്പെടെ 50-ലധികം സവിശേഷതകൾ ആപ്പിൽ ലഭ്യമാണെന്നാണ് കമ്പനി പറയുന്നത്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 20,000 കിലോമീറ്റർ സർവീസ് ഇന്റർവെൽ, വിശാലമായ വീൽ ട്രാക്ക്, വിശാലമായ കാർഗോ എന്നിവയാണ് പുതിയ മാക്‌സ് പിക്കപ്പ് ശ്രേണിയിൽ ലഭ്യമായ മറ്റ് ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ. ഇനി വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ നോക്കാം...
ബൊലേറോ മാക്‌സ് പിക്കപ്പ് HD 2.0L: ഈ വേരിയന്റിന് 3050 mm സെഗ്‌മെന്റ് ഫസ്റ്റ് കാർഗോ ബെഡ് സ്പേസുണ്ട്. 2 ടൺ പേലോഡ് ശേഷിയും എൻട്രി ലെവൽ ലെറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ സെഗ്‌മെന്റിലെ ആപ്ലിക്കേഷനുകളും ഉപയോഗവും നിറവേറ്റുന്ന ഒരു പുതിയ 2-ടൺ പ്രൊപ്പോസിഷൻ, സെഗ്‌മെന്റിലെ ഏറ്റവും വലിപ്പമേറിയ 7R16 സൈസ് ടയറുകൾ എന്നിവയെല്ലാമാണ് ഈ പതിപ്പിന്റെ പ്രത്യേകത.

ബൊലേറോ മാക്‌സ് പിക്കപ്പ് HD 1.7L, 1.7, 1.3: ഈ വകഭേദങ്ങൾ ഇൻട്രാസിറ്റി ഉപയോഗങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. മാത്രമല്ല 1.7 ടണ്ണും 1.3 ടണ്ണും പേലോഡ് കപ്പാസിറ്റിയുള്ള രണ്ട് മോഡസുകൾക്കും ഒരേ 3050 mm നീളമുള്ള കാർഗോ സ്പേസാണ് ലഭിക്കുക എന്നതും സ്വീകാര്യമായ നടപടിയാണ്.
ബൊലേറോ മാക്‌സ് പിക്കപ്പ് സിറ്റി 1.5, 1.4: ചെറിയ, കൂടുതൽ ഇന്ധനക്ഷമതയുള്ള പിക്കപ്പ് ട്രക്കുകൾ ആവശ്യമുള്ള ഫ്ലീറ്റ് ഉടമകൾക്കും വാണിജ്യ വാഹനങ്ങൾ വാങ്ങുന്നവർക്കും പിക്ക്-അപ്പ് ബൊലേറോ MaXX-ന്റെ സിറ്റി സീരീസ് അനുയോജ്യമാണ്. സിറ്റി 1.5, 1.4 എന്നിവയ്ക്ക് 1.5, 1.4 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. കിടക്കയുടെ നീളം 2640 എംഎം ആണ്, ഈ വേരിയന്റുകൾക്ക് 17.2 കിമീ/ലി എന്ന ശ്രദ്ധേയമായ മൈലേജ് ഉണ്ട്, മഹീന്ദ്ര അവകാശപ്പെടുന്നത് പോലെ.
ബൊലേറോ മാക്‌സ് പിക്കപ്പ് 1.3: ചെറിയ സിറ്റി 1.3 പതിപ്പിൽ 2500 മില്ലീമീറ്റർ നീളമുള്ള കാർഗോ ബെഡ് നീളമാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഇതിന് 1.3 ടൺ വരെ പേലോഡ് വഹിക്കാനാകും. 1.5, 1.4 വേരിയന്റുകളെപ്പോലെ 1.3 മോഡലും ലിറ്ററിന് 17.2 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.
ബൊലേറോ മാക്‌സ് പിക്കപ്പ് സിറ്റി സിഎൻജി: പരിസ്ഥിതി സൗഹൃദമായ ബൊലേറോ പിക്കപ്പ് വകഭേദത്തിന് 1.2 ടൺ വരെ പേലോഡ് ശേഷി വഹിക്കാൻ കഴിയും. കൂടാതെ 2500 mm നീളമുള്ള കാർഗോ ബെഡ് നീളം ചെറുകിട ബിസിനസ് ഡെലിവറികൾക്കും ലോജിസ്റ്റിക്‌സിനും അനുയോജ്യമായ രീതിയിലാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








