മോഹവിലയും 35 കി.മീ മൈലേജും, ചെറുകിട വ്യവസങ്ങൾക്ക് കരുത്തേകാൻ മഹീന്ദ്ര ജീത്തോ സ്‌ട്രോങ്ങ്
വാണിജ്യ വാഹന രംഗത്തെ അധിപൻമാരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ചെറിയ ഓട്ടോറിക്ഷകൾ മുതൽ അങ്ങ് വലിയ ട്രക്കുകൾ വരെ നിർമിക്കുന്ന ബ്രാൻഡ് ഓരോ വർഷവും നേടിയെടുക്കുന്നത് വൻവിറ്റുവരവാണ്. ഇപ്പോഴിതാ സാധാരണക്കാർക്കായി ഒരി കിടിലൻ മോഡലുമായി രംഗത്തെത്തിയിരിക്കുയാണ് മഹീന്ദ്ര. ബ്രാൻഡിന്റെ ജീത്തോ ശ്രേണിയിലേക്ക് പുത്തൻ ജീത്തോ സ്ട്രോങ്ങ് എന്ന വേരിയന്റിനെയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഇതുവരെ 2 ലക്ഷത്തിലധികം ഉപഭോക്താക്കളെ ജീത്തോ നേടിയെടുത്തിട്ടുണ്ട്. മുമ്പ് വിപണിയിലുണ്ടായിരുന്ന ജീത്തോ പ്ലസിന് പകരക്കാരനായാണ് മഹീന്ദ്ര ജീത്തോ സ്ട്രോങ്ങ് എത്തുന്നത്. പ്ലസ് വേരിയന്റിനേക്കാൾ 100 കിലോഗ്രാം അധിക പേലോഡ് കപ്പാസിറ്റി ഇത് വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. വാണിജ്യ വാഹനം വിഭാഗത്തിലേക്ക് 2019 നവംബറിൽ പുറത്തിറക്കിയ ജീറ്റോ പ്ലസ് ഡീസൽ, സിഎൻജി മോഡലുകളിൽ ലഭ്യമായിരുന്നു.

ജീത്തോ സ്‌ട്രോങ്ങ് അതിന്റെ പരിഷ്‌ക്കരിച്ച മോഡലിൽ മികച്ച ഫീച്ചറുകൾക്കൊപ്പം മികച്ച ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നുവെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. കൂടാതെ സെഗ്‌മെന്റിൽ മികച്ച മൈലേജ്, ഉയർന്ന പേലോഡ് കപ്പാസിറ്റി, കൂടുതൽ ഫീച്ചറുകൾ എന്നിവ വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്നുമാണ് കമ്പനി പറയുന്നത്. ഇങ്ങനെ നോക്കുമ്പോൾ മുൻഗാമിയേക്കാൾ ഏറെ മുന്നിലാണ് പുത്തൻ മോഡൽ.
ലാസ്റ്റ് മൈൽ കാർഗോ ഡെലിവറിക്ക് ഏറ്റവും അനുയോജ്യമായ ജീത്തോ സ്ട്രോങ്ങിന്റെ ഡീസൽ പതിപ്പിന് 5.50 ലക്ഷം രൂപയും സിഎൻജി മോഡലുകൾക്ക് 5.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇനി വാഹനത്തിന്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ മികച്ച ഡ്രൈവർ സൗകര്യങ്ങളും എല്ലാ സുപ്രധാന വിവരങ്ങളും ഒറ്റനോട്ടത്തിൽ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ഡിജിറ്റൽ ക്ലസ്റ്ററും ഉപയോഗിച്ച് ജീത്തോ സ്ട്രോംഗ് പുതുക്കാനും കമ്പനിക്കായിട്ടുണ്ട്.

ഡീസലിൽ 815 കിലോഗ്രാമും സിഎൻജിയിൽ 750 കിലോഗ്രാമും ഉയർന്ന പേലോഡ് കപ്പാസിറ്റിയുമുണ്ട്. ജീത്തോ പ്ലസ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 100 കിലോഗ്രാമിന്റെ പേലോഡ് വർധനവ് ഉടകൾക്ക് അനുഗ്രഹമാവും. മെച്ചപ്പെടുത്തിയ പേലോഡ് കപ്പാസിറ്റി കൂടാതെ മഹീന്ദ്ര ജീത്തോ സ്ട്രോങ്ങ് സെഗ്‌മെന്റിലെ ഏറ്റവും മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്. സിഎൻജിയിൽ 35 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമ്പോൾ ഡീസലിൽ 32 കി.മീ. വരെ ഓടാനാവും.
മെച്ചപ്പെട്ട സസ്‌പെൻഷനോടൊപ്പം മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നതിനായി ഇലക്ട്രിക് വാക്വം പമ്പ്-അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റവും മഹീന്ദ്ര ജീത്തോ സ്ട്രോങ്ങിന് ലഭിക്കുന്നുണ്ട്. സബ് 2-ടൺ കാർഗോ സെഗ്മെന്റിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചർ ഇടംപിടിക്കുന്നത്. അങ്ങനെ ലാസ്റ്റ്-മൈൽ ഡെലിവറി സേവനങ്ങൾക്ക് വളരയെധികം കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ വാഹനത്തിനാവുമെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഉയർന്ന പേലോഡ് കപ്പാസിറ്റി കാരണം കൂടുതൽ ചരക്ക് അല്ലെങ്കിൽ സാധനങ്ങൾ വഹിക്കാൻ ഇത് ഉപയോക്താവിനെ അനുവദിക്കുന്നു.ജീത്തോ സ്ട്രോങ്ങിനൊപ്പം കമ്പനി ഒരു അധിക വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് വാഹനത്തിനൊപ്പം 7 വർഷത്തെ അല്ലെങ്കിൽ 72,000 കിലോമീറ്റർ വാറണ്ടിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഡ്രൈവർക്ക് 10 ലക്ഷം രൂപയുടെ ആക്‌സിഡന്റൽ ഇൻഷുറൻസ് വാഗ്‌ദാനം ചെയ്‌ത് ഉടമസ്ഥാവകാശ അനുഭവവും കമ്പനി പ്രദാനം ചെയ്യുന്നുണ്ട്.
മികച്ച മൈലേജുമായി ചരക്ക് ഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ജീത്തോ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ പ്രതികരണങ്ങളും അവരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും നിരന്തരം ശ്രദ്ധിക്കുന്നതിന്റെ ഫലമായാണ് പുതിയ ജീത്തോ സ്ട്രോങ്ങ് രൂപമെടുത്തിരിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുമൻ മിശ്ര പറഞ്ഞു.
നിരന്തരമായ മുന്നേറ്റത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യമാണ് ജീത്തോ സ്ട്രോങ്ങ്. സമാനതകളില്ലാത്ത വാഹനത്തിന്റെ പേലോഡ് കപ്പാസിറ്റി, മികച്ച മൈലേജ്, ഒപ്പം ആകർഷകമായ വിലനിർണയം എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ സെഗ്‌മെന്റിൽ ആകർഷകമായ ഓപ്ഷനായി മോഡൽ മാറുന്നു. ലാസ്റ്റ് മൈൽ കാർഗോ ഡെലിവറി മാത്രമല്ല, ഞങ്ങളുടെ ഡ്രൈവർ പങ്കാളികളുടെ ജീവിതത്തെയും പരിവർത്തനം ചെയ്യാൻ ജീത്തോ സ്ട്രോങ്ങിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








