ഇനി ഷോറൂമുകൾ നിറയും; ബൊലേറോയ്ക്കും ഥാറിനും കിടിലൻ ഓഫറുകളുമായി മഹീന്ദ്ര
ഇന്ത്യയിലെ ജനപ്രിയ എസ്‌യുവി (SUV) ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra). രണ്ടാംതലമുറ ഥാറിന് ശേഷം അതായത് 2020-ന് ശേഷം കമ്പനി പുറത്തിറക്കുന്ന മോഡലുകൾക്കെല്ലാം പ്രത്യേക ഇമേജാണുള്ളത്. XUV700, സ്കോർപിയോ N പോലുള്ള പുതുതലമുറ വാഹനങ്ങൾക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണവും.
അതിനു മുമ്പുണ്ടായിരുന്ന XUV300, ബൊലേറോ പോലുള്ള മോഡലുകളുടെ വിജയത്തെ വിസ്‌മരിക്കാനുമാവില്ല. സേഫ്റ്റിയും ഫീച്ചറുകളും ഒരുപോലെ കോർത്തിണക്കിയാണ് ആളുകളുടെ മനസിനെ മഹീന്ദ്ര കീഴടക്കിയത്. ഇപ്പോഴിതാ വിൽപ്പന പിടിക്കാനായി ജൂലൈ മാസത്തിലും ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം തെരഞ്ഞെടുത്ത മോഡലുകൾക്ക് 73,000 രൂപ വരെയുള്ള വലിയ ഡിസ്‌കൗണ്ട് ഓഫറുകളാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

ജനപ്രിയമായ ഥാർ 4X4, XUV300, ബൊലേറോ, ബൊലേറോ നിയോ, മറാസോ എന്നീ മോഡലുകളിലാണ് ഇത്രയും വലിയ ഓഫറുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയിലെ മഹീന്ദ്ര ഡീലർഷിപ്പുകളിൽ ആളെക്കൂട്ടാനും ബ്രാൻഡിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ജൂലൈയിൽ മഹീന്ദ്ര മോഡലുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
ഥാർ എസ്‌യുവിയുടെ 4X4 വേരിയന്റുകൾക്ക് ജൂലൈ മാസം 30,000 രൂപ വരെയുള്ള ഓഫറാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ലൈഫ് സ്റ്റൈൽ എസ്‌യുവിയുടെ AX (O), LX പതിപ്പുകൾ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം. 13.87 ലക്ഷം രൂപ മുതൽ 16.57 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.

ബൊലേറോ നിയോയിൽ 50,000 രൂപ വരെയുള്ള ഓഫറുകളാണ് മഹീന്ദ്ര നൽകുന്നത്. എസ്‌യുവിയുടെ N4 വേരിയന്റിന് ഈ മാസം 22,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ മിഡ്-സ്പെക്ക് N8 വേരിയന്റിന് 31,000 രൂപയുടെ ആനുകൂല്യങ്ങൾ കിട്ടും. അതേസമയം ടോപ്പ്-സ്പെക്ക് N10 R, N10 (O) എന്നിവയ്ക്ക് 50,000 രൂപ വീതം ഡിസ്‌കൗണ്ടാണ് ഈ മാസത്തെ വാഗ്‌ദാനം. ബൊലേറോ നിയോയ്ക്ക് 9.63 ലക്ഷം മുതൽ 12.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികളിലൊന്നായ XUV300 മോഡൽ ഈ മാസം സ്വന്തമാക്കിയാൽ 55,000 രൂപ വരെ ലാഭിക്കാം. XUV300 T-GDi വേരിയന്റുകൾക്ക് 20,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ ഡീസൽ വേരിയന്റുകൾക്ക് 20,000 രൂപ മുതൽ 55,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. നിലവിൽ, വാഹനത്തിന് 8.42 ലക്ഷം മുതൽ 14.60 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

ജനപ്രിയ മൾട്ടി യൂട്ടിലിറ്റി വാഹനമായ മഹീന്ദ്ര ബൊലേറോയ്ക്ക് ഈ മാസം 60,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ബേസ് B4 വേരിയന്റിന് 37,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ എംയുവിയുടെ B6, B6 (O) വേരിയന്റുകൾക്ക് യഥാക്രമം 25,000 രൂപയും 60,000 രൂപയും ഓഫറായി ലഭിക്കും. ഇന്ത്യയിലെ മഹീന്ദ്ര ബൊലേറോയുടെ എക്സ്ഷോറൂം വില 9.78 ലക്ഷം മുതൽ 10.79 ലക്ഷം രൂപ വരെയാണ്.
മറാസോയ്ക്കാണ് ഈ മാസം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അധികം വിൽപ്പനയില്ലാതെ ഇഴയുന്ന എംപിവിക്ക് ജൂലൈയിൽ 73,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ടോപ്പ്-സ്പെക്ക് M6+ വേരിയന്റിന് 73,000 രൂപയും M4+ പതിപ്പിന് 36,000 രൂപ വരെയുമുള്ള ആനുകൂല്യങ്ങളുമാണ് നൽകുന്നത്. എംപിവിയുടെ ബേസ് M2 വേരിയന്റ് 58,000 രൂപ ഡിസ്‌കൗണ്ടോടെ ലഭ്യമാണ്.

മഹീന്ദ്ര മറാസോയുടെ വില 14.10 ലക്ഷം രൂപയിൽ തുടങ്ങി 16.46 ലക്ഷം രൂപ വരെയാണ് നിലവിൽ. ഇതിൽ നിന്നുമാണ് 73,000 രൂപ വരെ കുറച്ച് കമ്പനി നൽകുന്നത്. വാഹനങ്ങളുടെ സ്റ്റോക്കിന്റെ ലഭ്യതയെ ആശ്രയിച്ച് ഡിസ്‌കൗണ്ട് ഓഫറുകൾ ഓരോ നഗരത്തിലും വ്യത്യാസപ്പെടാം എന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഓഫറുകൾ അറിയാൻ നിങ്ങളുടെ അടുത്തുള്ള മഹീന്ദ്ര ഡീലർഷിപ്പുമായി ബന്ധപ്പെടാനും മറക്കേണ്ട.


Click it and Unblock the Notifications








