മഹീന്ദ്ര ഷോറൂമുകളിലെ തിരക്കിനി കുറയും, ജനപ്രിയ എസ്‌യുവിയുടെ വില കൂട്ടി; പുതിയ വില കണ്ട് ഞെട്ടരുത്
രാജ്യത്ത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം നിർമിക്കുന്ന ജനപ്രിയ ബ്രാൻഡാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2020-ൽ രണ്ടാം തലമുറ ഥാർ പുറത്തിറങ്ങിയതു മുതൽ കമ്പനിയുടെ ഷോറൂമുകളിൽ വൻതിരക്കാണ്. പിന്നാലെ XUV700, പുതിയ സ്കോർപിയോ N എന്നിവ കൂടി അണിനിരന്നതോടെ മഹീന്ദ്രയ്ക്ക് ശുക്രൻ തെളിഞ്ഞു. വണ്ടി വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ രാജ്യത്ത് വിൽപ്പനയുടെ കാര്യത്തിൽ പല വമ്പൻമാരേയും മുട്ടുകുത്തിക്കാനും ഇന്ത്യൻ ബ്രാൻഡിനായി.
എന്നാൽ മഹീന്ദ്ര മോഡലുകൾക്കുള്ള വലിയ ബുക്കിംഗ് പിരീഡാണ് ആളുകളെ നിരാശരാക്കിയ ഒരു കാര്യം. എന്നിരുന്നാലും അൽപം കാത്തിരുന്നാലും സ്വപ്‌ന വാഹനം വീട്ടിലെത്തിക്കാമല്ലോയെന്ന സന്തോഷത്തിലായിരുന്നു ആളുകൾ. പക്ഷേ ഇപ്പോഴിതാ ജനപ്രിയ സ്കോർപിയോ N എസ്‌യുവിയുടെ വില കുത്തനെ ഉയർത്തി വണ്ടിഭ്രാന്തൻമാരെ ഞെട്ടിച്ചിരിക്കുകയാണ് മഹീന്ദ്ര. ഈ വർഷം പുത്തൻ സ്കോർപിയോയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ വർധനവാണിത്. നേരത്തെ ജനുവരി, ഏപ്രിൽ മാസങ്ങളിൽ കാർ നിർമാതാക്കൾ വില വർധിപ്പിച്ചിരുന്നു.

ഉത്സവ സീസണിന് തൊട്ടുമുമ്പായി വില കൂട്ടാൻ കമ്പനിയെടുത്ത തീരുമാനം വരും ദിവസങ്ങളിൽ വലിയ തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ പുതിയ വില പട്ടിക പ്രകാരം സ്കോർപിയോ N എസ്‌യുവിയുടെ വില 21,000 രൂപ മുതൽ 81,000 രൂപ വരെ കൂടിയിട്ടുണ്ട്. Z2, Z4, Z6, Z8, Z8L എന്നിവ ഉൾപ്പെടുന്ന അഞ്ച് വേരിയന്റുകളിലാണ് വാഹനം ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വണ്ടി വാഗ്ദാനം ചെയ്യുന്നത് തുടരും. മാനുവൽ ട്രാൻസ്മിഷനോട് കൂടിയ എൻട്രി ലെവൽ Z2 പെട്രോൾ വേരിയന്റിന് ഇപ്പോൾ 13.26 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം മാനുവൽ ട്രാൻസ്മിഷനോട് കൂടിയ എൻട്രി ലെവൽ Z2 ഡീസൽ വേരിയന്റിന് ഇപ്പോൾ 13.76 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

സ്കോർപിയോ N നിരയിലെ ഏറ്റവും ചെലവേറിയ ഓട്ടോമാറ്റിക് ടോപ്പ് എൻഡ് Z8L 4WD ഡീസൽ വേരിയന്റിന് വില 2,000 രൂപ വർധിപ്പിച്ച് 24.53 ലക്ഷം രൂപയാക്കി. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ടോപ്പ് എൻഡ് പെട്രോൾ വേരിയന്റായ Z8L ആറ് സീറ്ററിന് ഇപ്പോൾ 21.78 ലക്ഷം രൂപയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില.
7 സീറ്റർ മാനുവൽ ട്രാൻസ്മിഷനുമുള്ള Z4E ഡീസൽ 4WD വേരിയന്റിനാണ് ഏറ്റവും വലിയ വില വർധനയായ 81,000 രൂപയുടെ പരിഷ്ക്കാരം ലഭിച്ചിരിക്കുന്നത്. ഇതിന് ഇപ്പോൾ 18.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. ഡാസ്‌ലിങ് സിൽവർ, ഡീപ് ഫോറസ്റ്റ്, ഗ്രാൻഡ് കാന്യോൺ, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, റോയൽ ഗോൾഡ് എന്നിങ്ങനെ ഏഴ് നിറങ്ങളിൽ സ്കോർപിയോ N ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

വില വർധനവിന് പുറമെ വണ്ടിയിൽ കാര്യമായ ഒരു പരിഷ്ക്കാരവും ബ്രാൻഡ് കൊണ്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. പുതുതലമുറ സ്കോർപിയോ N എസ്‌യുവിക്ക് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ഇതിലെ പെട്രോൾ മോഡലിന് 197 bhp കരുത്തിൽ പരമാവധി 380 Nm torque വരെ നൽകാനാവും.
6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഗിയർബോക്‌സ് ഓപ്ഷനുകളിലുള്ളത്. അതേസമയം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം വരുന്നഡീസൽ എഞ്ചിന് 173 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. N മോഡലിനെ കൂടാതെ പഴയ ക്ലാസിക് മോഡലും സ്കോർപിയോ ലൈനപ്പിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോഴത്തെ വിവരം അനുസരിച്ച് ഇതിന് വില പരിഷ്ക്കരണവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. സ്കോർപിയോ ക്ലാസിക്കിന് 12.99 ലക്ഷം രൂപ മുതൽ 16.14 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. S, S9 സീറ്റർ, S11 എന്നീ വേരിയന്റുകളാണ് വില വർധനവിന്റെ ഭാഗമായിരിക്കുന്നത്. നേരത്തെ 12.99 ലക്ഷം രൂപയിൽ ലഭ്യമായിരുന്ന സ്കോർപിയോ ക്ലാസിക്കിന് 26,000 രൂപ വർധിപ്പിച്ച് പ്രാരംഭ വില 13.25 ലക്ഷം രൂപ വരെയാക്കി.
അതേസമയം എസ്‌യുവിയുടെ S 9 സീറ്ററിനും S11 പതിപ്പിനും 24,000 രൂപയുടെ വർധന ലഭിച്ച് പുതിയ വില യഥാക്രമം 13.50 ലക്ഷം, 17.05 ലക്ഷം എന്നിങ്ങനെയായി മാറി. സ്‌കോർപിയോ ശ്രേണി മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ്. ശരാശരി 9,000 യൂണിറ്റിലധികം ഈ എസ്‌യുവികളാണ് ഓരോമാസവും കമ്പനി നിരത്തിലെത്തിക്കുന്നത്.


Click it and Unblock the Notifications