ഇതൊക്കെ നിസാരം! സിംസൺ മരുഭൂമി പുട്ടുപോലെ മറികടന്ന് സ്കോർപിയോ N
എസ്‌യുവികളുടെ ബിഗ് ഡാഡി എന്നറിയപ്പെടുന്ന വാഹനമേതെന്ന് ഇപ്പോൾ ഏതൊരു വാഹന പ്രേമിക്കും അറിയാവുന്ന കാര്യമാണ്. രണ്ടാംതലമുറ സ്കോർപിയോയുടെ വരവോടെ മഹീന്ദ്ര ഈ വിശേഷണം ഏവരുടേയും മനസിൽ കോറിയിടുകയായിരുന്നു. ശരിക്കും സ്പോർട്ട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഇന്ന് അതിശക്തരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിലും തങ്ങളുടെ അരക്കെട്ടുറപ്പിച്ച് മുന്നേറുകയാണ് കമ്പനി.
2020 മുതൽ ഇറക്കുന്ന പുത്തൻ എസ്‌യുവികൾ കാരണം മഹീന്ദ്രയുടെ ബ്രാൻഡ് വാല്യൂ ലോകോത്തരമായെന്നു വേണം പറയാൻ. സേഫ്റ്റിയോടൊപ്പം എന്തിനുംപോന്ന വാഹനങ്ങളായി മഹീന്ദ്രയുടേത്. ഇപ്പോഴിതാ പുതിയൊരു ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ് കമ്പനിയുടെ സ്വന്തം സ്കോർപിയോ N. എങ്ങനെയെന്നല്ലേ ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ ഓസ്ട്രേലിയയിലെ സിംസൺ മരുഭൂമി ഏറ്റവും വേഗത്തിൽ മറികടക്കുന്ന പ്രൊഡക്ഷൻ വാഹനമെന്ന ബഹുമതിയാണ് നമ്മുടെ സ്വന്തം സ്കോർപിയോ നേടിയെടുത്തിരിക്കുന്നത്.

സ്കോർപിയോ N എസ്‌യുവി അടുത്തിടെ ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം കൈവരിക്കുന്നത്. ആയതിനാൽ വാഹനത്തിന് ഇതൊരു മൈലേജാവുമെന്നാണ് ഇന്ത്യൻ ബ്രാൻഡിന്റെ പ്രതീക്ഷ. ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ.
എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്. (ടോട്ടൽ ഡ്രൈവർ) ബെൻ റോബിൻസണും (4WD ഇൻഡസ്ട്രീസ്) ചേർന്നാണ് സ്കോർപിയോ N എസ്‌യുവിയുടെ ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ഡ്രൈവ് ചെയ്തത്. വെറും 13 മണിക്കൂർ കൊണ്ടാണ് സിംസൺ മരുഭൂമിയുടെ 385 കിലോമീറ്റർ ദൂരം വാഹനം മറികടന്നത്.

അപ്രാപ്യമെന്ന് പലരു കരുതുന്ന ഈ പര്യവേഷണത്തിലുടനീളം മികച്ച പ്രകടനമാണ് മഹീന്ദ്രയുടെ എസ്‌യുവി കാഴ്ച്ചവെച്ചത്. 1100 മണൽക്കൂനകൾ കീഴടക്കിയതിനു പുറമെ, 50 ഡിഗ്രി സെൽഷ്യസ് താപനിലയെയും സ്കോർപിയോ N അതിജീവിച്ചു. മോഡലിന്റെ ഓഫ്-റോഡ് പ്രകടനത്തിന്റെ തെളിവായി ഈ ചരിത്ര നേട്ടം നിലകൊള്ളുമെന്നാണ് വിശ്വാസം. ഓസ്‌ട്രേലിയയിൽ, Z8, Z8L വേരിയന്റുകളിലാണ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്.
ഇന്ത്യയിലേതു പോലെ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ സ്കോർപിയോ N ഓസ്ട്രേലിയയിൽ ലഭ്യമല്ല. പകരം 173 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് എസ്‌യുവി അവിടെ വാങ്ങാനാവുക. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് എസ്‌യുവി വരുന്നത്. ഇതിൽ 4-വീൽ ഡ്രൈവ് സംവിധാനവും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നു.

മാനുവൽ ട്രാൻസ്‌മിഷന് വിദേശ വിപണികളിൽ കാര്യമായ സ്ഥാനമില്ലാത്തതിനാലാണ് ഓസ്ട്രേലിയയിലും ഇത് ലഭ്യമല്ലാത്തത്. അടുത്തിടെ ഇന്ത്യയിൽ ഒരു വർഷം പൂർത്തിയാക്കിയ സ്കോർപിയോ N ഇന്നും ജനപ്രിയനായി മുന്നേറുകയാണ്. വിപണിയിലെത്തി ബുക്കിംഗ് ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോഴേക്കും ഒരു ലക്ഷം ബുക്കിംഗുകളും തേടി വാഹനത്തിന് സ്വന്തമാക്കാനായിരുന്നു. നിലവിൽ 13.05 ലക്ഷം മുതൽ 24.51 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ സവിശേഷതകളാണ് സ്കോർപിയോ N എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. 9 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ലും സ്കോർപിയോ സീരീസ് കഴിഞ്ഞ ദിവസം മറികടന്നിരുന്നു. ക്ലാസിക്, N എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത മോഡലുകളായാണ് ഇന്ത്യയിൽ സ്കോർപിയോ വാങ്ങാനാവുക.


Click it and Unblock the Notifications








