ഏഴോ എട്ടോ പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാം, മഹീന്ദ്രയുടെ ഫാമിലി എസ്‌യുവി സ്വന്തമാക്കാൻ കൂട്ടയിടി
സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നതിലേക്ക് എല്ലാ കമ്പനികളുടെയും ശ്രദ്ധമാറിയെങ്കിലും പണ്ട് മുതലേ ഇത്തരം മോഡലുകൾ മാത്രം പുറത്തിറക്കുന്ന ഒരു ബ്രാൻഡുണ്ട് നമുക്ക്. അതെ ഏവർക്കും അറിയാവുന്നതു പോലെ നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെയാണ് ഈ വണ്ടിക്കമ്പനി മുതലാളി. ബൊലേറോ മുതൽ ഇങ്ങ് സ്കോർപിയോ N വരെ നീളുന്ന ജനപ്രിയ നിരയാണ് മഹീന്ദ്രയ്ക്ക് ഇന്നുള്ളത്.
2020-ൽ പുതുതലമുറ ഥാർ ഇറങ്ങിയതു മുതൽ ഒരു പ്രീമിയം ഇമേജുള്ള ബ്രാൻഡായി മാറാനും മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, കിടുക്കാച്ചി ഡിസൈൻ, ഉഗ്രൻ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പോ എന്നിങ്ങനെ മൊത്തത്തിൽ കിടിലനായ എസ്‌യുവികൾ വേണമെങ്കിൽ നേരെ മഹീന്ദ്രയുടെ ഷോറൂമിലേക്ക് വെച്ചുപിടിച്ചോ. ഇതിൽ ഏറ്റവും ഡിമാന്റ് ലഭിക്കുന്നത് എസ്‌യുവികളുടെ ബിഗ് ഡാഡി എന്നറിയപ്പെടുന്ന സ്കോർപിയോയ്ക്കാണെന്നതാണ് മറ്റൊരു രസകരമായ കാര്യം.

N, ക്ലാസിക് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് മഹീന്ദ്ര സ്കോർപിയോ ഇപ്പോൾ വിപണിയിലെത്തുന്നത്. പുതുതലമുറയ്ക്കൊപ്പം നിലവിലുണ്ടായിരുന്ന ക്ലാസിക്കിനെ കൂടി പുതുക്കി കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചതോടെ ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായി മാറാൻ ഇവയ്ക്കായി. ഏഴോ എട്ടോ പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാം, മിടുക്കനായ പെർഫോമൻസ് പോലുള്ള ധാരാളം കാര്യങ്ങളാൽ സമ്പന്നമായതാണ് ഇവയുടെ ജനപ്രീതി കുതിച്ചുയരാൻ കാരണമായിരിക്കുന്നത്.
മഹീന്ദ്ര സ്‌കോർപിയോ എൻ കൂടുതൽ നവീകരിച്ച വൈബിലാണ് വരുന്നത്. അതേസമയം സ്‌കോർപിയോ ക്ലാസിക് സിഗ്നേച്ചർ ലുക്ക് വഹിക്കുന്നു. രണ്ട് എസ്‌യുവികൾക്കും ഓരോ മാസവും ഏകദേശം 17,000 ബുക്കിംഗ് ലഭിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് മഹീന്ദ്ര എസ്‌യുവികളിലെ ഏറ്റവും ഉയർന്ന ബുക്കിംഗാണെന്നും കമ്പനി വെളിപ്പെടുത്തുന്നു. അതേസമയം വാഹന നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ എസ്‌യുവി മഹീന്ദ്ര ഥാറാണ്.

ഇതിന് ഓരോ മാസവും ഏകദേശം 10,000 ബുക്കിംഗുകൾ ലഭിക്കുന്നുണ്ടെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഹാർഡ്-ടോപ്പ്, സോഫ്റ്റ്-ടോപ്പ് വേരിയന്റുകൾക്ക് പുറമെ, RWD, 4WD എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ ലഭ്യമാകുന്ന ലൈഫ് സ്റ്റൈൽ ഓഫ്-റോഡറിന് നിലവിൽ ഇന്ത്യയിലുടനീളം 76,000 ഓപ്പൺ ബുക്കിംഗ് ഉണ്ടെന്നും കമ്പനി പറയുന്നു. അങ്ങനെ ജനപ്രിയമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കൾ അതിവേഗം വളരുകയാണ്.
Z2, Z4, Z6, Z8, Z8L എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് സ്കോർപിയോ N ലഭ്യമാവുന്നത്. എസ്‌യുവിക്ക് 13.26 ലക്ഷം രൂപ മുതൽ 24.53 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്. മുൻഗാമിയെ അപേക്ഷിച്ച് അടിമുടി പരിഷ്ക്കാരങ്ങളുമായി എത്തിയ വാഹനം ഇപ്പോൾ ഏവരുടേയും പ്രിയ മോഡലുകളിൽ ഒന്നാണ്. ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞില്ല പ്രീമിയം ഫീൽ നൽകാനായി ഇലക്ട്രിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, സോണി മ്യൂസിക് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, അഡ്രിനോഎക്‌സ് കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവയും സ്‌കോർപിയോ N എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രാൻഡിന്റെ പുതിയ ശ്രേണിയിലുള്ള എഞ്ചിൻ ശ്രേണിയാണ് പുക്കൻ സ്കോർപിയോയിൽ പ്രവർത്തിക്കുന്നത്.
സ്കോർപിയോ N രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭിക്കും. ഇതിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഉൾപ്പെടുന്നത്. ആദ്യത്തേത് 198 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളാണ്. അതേസമയം ഡീസൽ മോഡലുകൾ 173 bhp പവറിൽ 400 Nm torque ആണ് നൽകുന്നത്.

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ 4Xplor സിസ്റ്റവും സ്കോർപിയോ N ഡീസൽ ടോപ്പ് എൻഡിൽ കമ്പനി ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വില കണക്കാക്കുമ്പോൾ ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, ജീപ്പ് കോമ്പസ് എന്നിവയാണ് സ്‌കോർപിയോയുടെ എതിരാളികൾ.


Click it and Unblock the Notifications








