ADAS സ്കോർപിയോയിലേക്കും, ഇനിയെന്ത് വേണെമെന്ന് മഹീന്ദ്ര
ബൊലേറോയ്ക്ക് ശേഷം എന്ത് എന്ന ചോദ്യവുമായി നിന്ന മഹീന്ദ്ര നിരയിലേക്ക് 2002-ൽ പിറവിയെടുത്ത ഇതിഹാസമാണ് സ്കോർപിയോ. മഹീന്ദ്രയുടെ ഷോറൂമുകൾക്ക് അഡ്രസുണ്ടാക്കി കൊടുത്തതും ഈ തട്ടുപൊളിപ്പൻ എസ്‌യുവി തന്നെ. ഏതാണ്ട് 20 വർഷത്തോളം ആദ്യതലമുറയെ മിനുക്കിയെടുത്ത് നിരത്തിലോടിച്ച കമ്പനി കഴിഞ്ഞ വർഷം സ്കോർപിയോ N എന്ന രണ്ടാംതലമുറക്ക് ജന്മം കൊടുത്തു.
പുത്തൻ ഥാറും, XUV700 എസ്‌യുവിയുമെല്ലാം ഉണ്ടാക്കിയെടുത്ത ഓളം വേറെ ലെവലിലെത്തിക്കാനും സ്കോർപിയോ N പതിപ്പിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി. ഒന്നാംതലമുറ ആവർത്തനവുമായി ഒരു സാമ്യതയുമില്ലാതെ ഉടച്ചുവാർത്തെത്തിയ ഈ വാഹനം ഇന്ന് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അടുത്തിടെ കമ്പനി പുറത്തുവിട്ട വിവരം അനുസരിച്ച് 1.19 ലക്ഷം യൂണിറ്റുകളാണ് ബ്രാൻഡ് ഇനിയും വിതരണം ചെയ്യാനുള്ളത്.

അതിനിടയ്ക്ക് വിദേശ വിപണികളിലേക്കുള്ള സ്കോർപിയോയുടെ കയറ്റുമതിയും മഹീന്ദ്ര തുടങ്ങിയിരുന്നു. മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി. അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ. എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.
ഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. 2023 ഏപ്രിൽ മുതൽ വിൽപ്പനയ്‌ക്ക് സാക്ഷ്യപ്പെടുത്തുന്ന എല്ലാ കാറുകൾക്കും ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഈ നിയമത്തെ മറികടക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.

നിലവിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളുമായാണ് സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. 2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനായി മഹീന്ദ്രയ്ക്ക് ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് സ്‌കോർപിയോ N പതിപ്പിനെ പുനരവതരിപ്പിക്കേണ്ടി വരും.
ഇതിന്റെ ഭാഗമായി മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്ക് റഡാർ അധിഷ്ഠിത സുരക്ഷാ ഫീച്ചറുകൾ ലഭിക്കുമെന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. കാർ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനാൽ ഇന്ത്യൻ മോഡലിനും ADAS ലഭിക്കാൻ സാധ്യതയുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. XUV700 മോഡലിൽ സാങ്കേതികവിദ്യ ഇതിനകം ഉപയോഗിച്ചിരിക്കുന്നതിനാൽ ADAS ചേർക്കുന്നത് കമ്പനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല.

XUV700 എസ്‌യുവിയുടെ ADAS സ്യൂട്ടിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. സ്കോർപിയോ N വേർഷനിലും സമാനമായ സുരക്ഷാ ഫീച്ചറുകൾ മഹീന്ദ്ര കൊണ്ടുവരാനാണ് പ്ലാനിടുന്നത്. എന്തായാലും ഇതിനോടകം തന്നെ GNCAP സുരക്ഷാ റേറ്റിംഗിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യാതെ തന്നെ സ്കോർപിയോ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.
ADAS ഫീച്ചർ കൂടിയെത്തുന്നതോടെ സ്കോർപിയോ N വേറെ ലെവലാവും. കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും പുതുതലമുറ ഭാവം കൈവന്നതോടെ ഈ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് എത്തുകയാണിപ്പോൾ. ഇതിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളതാവട്ടെ സ്കോർപിയോ എസ്‌യുവികൾക്കാണ് താനും. കിടിലൻ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, സേഫ്റ്റി, കണക്റ്റിവിറ്റി ഫീച്ചറുകൾ പോലുള്ള എല്ലാ സൌകര്യങ്ങളും വാഹനത്തിലുണ്ട്. 13.05 ലക്ഷം രൂപ മുതൽ 24.51 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ സ്കോർപിയോ N എസ്‌യുവിക്ക് ഇന്ത്യയിൽ ലഭിക്കും. Z2, Z4, Z6, Z8, Z8 L എന്നി വേരിയന്റ് തലങ്ങളിലാണ് പുതുതലമുറ സ്കോർപിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ മോഡലിന് ഡീസൽ-ഓട്ടോമാറ്റിക് കോമ്പിനേഷൻ മാത്രമാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്.
സ്കോർപിയോ N എസ്‌യുവിയുടെ പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 173 bhp കരുത്തിൽ 400 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications