മഹീന്ദ്ര വണ്ടികളിൽ ഇതാദ്യം, സ്കോർപിയോ നേടിയെടുത്തത വിലമതിക്കാനാവാത്ത നേട്ടം
മഹീന്ദ്രക്ക് മുഖം സമ്മാനിച്ച വാഹനം ഏതെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ സ്കോർപിയോ എന്ന് ഉത്തരം പറയാനാവും. പല തരത്തിൽ പല ഭാവത്തോടെ നിരത്തിൽ തിമിർത്താടുന്ന ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഒരു കാലത്ത് എസ്‌യുവികളുടെ അവസാന വാക്കായിരുന്നു. ഇന്ന് രണ്ട് തലമുറ ആവർത്തനങ്ങളിൽ വിപണി കൈടക്കി വാഴുകയാണ് ഈ ഇതിഹാസം.
ബിഗ് ഡാഡി ഓഫ് എസ്‌യുവിസ് എന്നാണ് സ്കോർപിയോയുടെ വിശേഷണം തന്നെ. സാധാരണക്കാർ മുതൽ സൈന്യത്തിൽ വരെ മികവ് തെളിയിച്ച സ്കോർപിയോ ഇന്ത്യൻ വിപണിയിൽ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഐക്കണിക് എസ്‌യുവിയുടെ 9 ലക്ഷം യൂണിറ്റുകൾ രാജ്യത്തിനായി നിർമിച്ച് നൽകിയെന്ന നാഴികക്കല്ലാണ് മഹീന്ദ്ര ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. 2002-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സ്കോർപിയോ നിരവധി ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് കടന്നുപോയത്.

എങ്കിലും കൃത്യം ഒരു വർഷം മുമ്പ് 2022 ജൂണിൽ പുറത്തിറക്കിയ എസ്‌യുവിയുടെ ഏറ്റവും പുതിയ അവതാരമായ N മോഡലാണ് ഈ നേട്ടത്തിലേക്ക് ഇത്ര വേഗത്തിലെത്തിച്ചതെന്നു വേണം പറയാൻ. നിലവിൽ, സ്കോർപിയോ N, സ്കോർപിയോ ക്ലാസിക് പതിപ്പുകളിൽ മഹീന്ദ്രയുടെ ഐക്കോണിക് മോഡൽ ഇന്ത്യയിൽ വാങ്ങാനാവും. 2020-ൽ പുത്തൻ ഥാർ പുറത്തിറക്കിയതിനു ശേഷം മഹീന്ദ്ര അടുത്ത കാലത്തായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളെല്ലാം ഒന്ന് ഒന്നിന് മെച്ചമാണ്.
ഇതുതന്നെയാണ് സ്കോർപിയോയിലും കാണാനാവുക. നിലവിൽ കാർ നിർമ്മാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് മഹീന്ദ്ര സ്കോർപിയോ. പുതിയ തലമുറയിലെ N മോഡലും, ക്ലാസിക്കിനും ബൊലേറോയെക്കാൾ വിൽപ്പന ലഭിക്കുന്നത് മഹീന്ദ്രക്ക് മൈലേജാണ്. മെയ് മാസത്തിൽ രണ്ട് എസ്‌യുവികളുടെയും 9,318 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. മറ്റ് വാഹനങ്ങള്‍ക്ക് സമാനമായ രീതിയില്‍ ബുക്കിംഗ് ലഭിക്കുന്നതിനാൽ കമ്പനിയിപ്പോൾ നിർമാണം വർധിപ്പിച്ചിട്ടുമുണ്ട്.

സ്‌കോര്‍പിയോയുടെ രണ്ട് മോഡലുകള്‍ക്കുമായി പ്രതിമാസം ശരാശരി 16,500 ബുക്കിംഗുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പുത്തൻ സ്കോർപിയോ N വേരിയന്റിന്റെ വരവാണ് രാശിതെളിയിച്ചത്. സിഗ്നേച്ചർ ഡബിൾ ബാരൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പൊക്കമുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ എന്നിവയെല്ലാം എസ്‌യുവിക്ക് സ്‌പോർട്ടിയർ ലുക്കാണ് സമ്മാനിച്ചത്.
പഴയ മോഡലിനേക്കാൾ കൂടുതൽ മികവാർന്ന നിർമാണ നിലവാരവും ഫീച്ചറുകളുടെ ആറാട്ടും സുരക്ഷാ സംവിധാനങ്ങളും യാത്രാ സുഖവുമെല്ലാം സ്കോർപിയോ N പതിപ്പിന് കൂടുതലാണ്. സ്കോർപിയോ ക്ലാസിക് പതിപ്പിനേക്കാൾ വലുതാണ് പുതിയ മഹീന്ദ്ര N എസ്‌യുവി. മോഡലിന് 206 mm നീളവും 97 mm വീതിയും മുൻ തലമുറ മോഡലിനേക്കാൾ 70 mm കൂടുതൽ വീൽബേസും ഉണ്ട്. 18 ഇഞ്ച്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.

എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് സ്‌കോർപിയോ ക്ലാസിക് എസ്‌യുവി വിപണിയിൽ എത്തുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 2.2 ലിറ്റർ യൂണിറ്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നൽകാനാവും. ഈ വേരിയന്റിന് ഓട്ടോമാറ്റിക് ഓപ്ഷൻ മഹീന്ദ്ര ലഭ്യമാക്കിയിട്ടില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
അതേസമയം സ്കോർപിയോ N മോഡലിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. ഇതിൽ ഡീസലിന് 172 bhp പവറിൽ 370 Nm torque പുറത്തെടുക്കാനാവുമ്പോൾ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വേരിയന്റിൽ ടോർക്ക് ഔട്ട്പുട്ട് 400 Nm ആയി ഉയരും. എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങൾ 130 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്.

സ്കോർപിയോ N എസ്‌യുവിയിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ 370 Nm torque സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി എഞ്ചിൻ ഓപ്ഷൻ സ്വന്തമാക്കാം. വിലയുടെ കാര്യത്തിലേക്ക് നോക്കായാലും ക്ലാസിക് പതിപ്പും N മോഡലും തമ്മിൽ കാര്യമായ വ്യത്യാസം വരുന്നില്ല.
സ്കോർപിയോ ക്ലാസിക്കിന് 12.64 ലക്ഷം രൂപ മുതൽ 16.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം മഹീന്ദ്ര സ്കോർപിയോ N മോഡലിന് 13.05 ലക്ഷം മുതൽ 24.51 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകേണ്ടി വരും. സെഗ്മെന്റിലെ ഏതു മോഡലിനേക്കാളും ഉയർന്ന വിൽപ്പനയാണ് ഈ രണ്ട് എസ്‌യുവികളും കൈവരിക്കുന്നത്.


Click it and Unblock the Notifications








