ജിംനിയുടെ കളികൾ ഓഗസ്റ്റ് 15 വരെ; 5-ഡോർ ഥാറിന്റെ വരവ് കുറിച്ച് മഹീന്ദ്ര
ഇന്ത്യയിലെ ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റിനെ ഇളക്കി മറിച്ചുകൊണ്ട് മാരുതി സുസുക്കിയുടെ ജിംനി വിപണിയിലെത്തിയെങ്കിലും ഈ വിഭാഗത്തിലെ രാജാവായി വിലസുന്നത് മഹീന്ദ്ര ഥാർ തന്നെയാണെന്നു വേണം പറയാൻ. ആ വലിയ വണ്ടിയെന്ന ഫീലും റോഡ് പ്രെസൻസും ഡീസൽ എഞ്ചിന്റെ സാന്നിധ്യം എന്നിവയെല്ലാം കൊണ്ട് ഥാർ എന്നും വേറിട്ടു തന്നെ നിൽക്കും.
എന്നാൽ പ്രായോഗികതയുടെ കാര്യത്തിലേക്ക് വന്നാൽ മഹീന്ദ്രക്ക് ഇക്കാര്യത്തിൽ അൽപം ക്ഷീണമാവും. ഥാറിന്റെ ഏറ്റവും വലിയ പോരായ്‌മ എന്തെന്നു ചോദിച്ചാൽ മറിച്ചൊരു ചിന്തയില്ലാതെ തന്നെ പലരും പറയും പിൻഡോറില്ലാത്തതും റിയർ സീറ്റിംഗിലെ പോരായ്‌മകളുമാണെന്ന്. എന്നാൽ ഇതിനെല്ലാം പരിഹാരം മഹീന്ദ്ര ആൻഡ് മഹീന്ദ്ര കണ്ടു കഴിഞ്ഞിട്ടുണ്ട്. ജിംനി വന്നതുപോലെ ഥാറിന്റെ 5-ഡോർ മോഡലും വരുന്നുണ്ടെന്ന കാര്യം ഏവരും ഇതിനോടകം അറിഞ്ഞുകാണുമല്ലോ. എന്നാൽ കൃത്യമായ അവതരണ തീയതിയൊന്നും ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നുമില്ല.

പക്ഷേ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം വലിച്ചുനീട്ടിയ ഥാറിനായി ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നതാണ്. ഈ വർഷത്തെ വാർഷിക സ്വാതന്ത്ര്യ ദിന പരിപാടിയിൽ ദീർഘകാലമായി കാത്തിരിക്കുന്ന ഥാർ 5-ഡോർ അനാച്ഛാദനം ചെയ്യും. ഓഗസ്റ്റ് 15-ന് മഹീന്ദ്ര ഒരു പുതിയ ഉൽപ്പന്നം വെളിപ്പെടുത്തുന്ന നാലാമത്തെ സംഭവമാണിത്. 2020-ൽ പുതിയ ഥാർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ 2021 സ്വാതന്ത്ര്യ ദിനം XUV700 എസ്‌യുവിയുടേതായിരുന്നു.
അതേസമയം കഴിഞ്ഞ വർഷം മഹീന്ദ്രയുടെ ബോൺ-ഇലക്ട്രിക് കൺസെപ്റ്റുകളെ യുകെയിൽ അനാവരണം ചെയ്തിരുന്നു. ഈ വർഷത്തെ പരിപാടി ദക്ഷിണാഫ്രിക്കയിൽ നടത്താനാണ് കമ്പനിയിപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഥാറിന്റെ ആഗോള വിപണികളിലൊന്നായി ദക്ഷിണാഫ്രിക്കയും പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതിനാലാണ് പരിപാടി അവിടെ നടത്താൻ തീരുമാനമായിരിക്കുന്നത്. 1996 മുതൽ കമ്പനി ഈ രാജ്യത്തെ സജീവ സാന്നിധ്യം കൂടിയാണ്.

നിലവിൽ XUV300, XUV700, സ്കോർപിയോ N എന്നിവയാണ് ദക്ഷിണാഫ്രിക്കയിൽ ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ള വാഹനങ്ങൾ. ഇനി 5-ഡോർ ഥാറിന്റെ മറ്റ് വിശേഷങ്ങളിലേക്ക് കടന്നാൽ തീർത്തും യുക്തിസഹമായ തീരുമാനമാണിതെന്ന് ഏവർക്കുമറിയാം. ജിംനിയുടെ വരവ് മാത്രമല്ല മഹീന്ദ്രയെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഒരു ഫാമിലി എസ്‌യുവിയായി ഈ ഐക്കണിക് വാഹനത്തെ വിപുലീകരിക്കാനുള്ള ശ്രമം മഹീന്ദ്ര നേരത്തെ ആരംഭിച്ചിരുന്നു.
എന്നാൽ ജിംനിയുടെ വരവ് സംഭവങ്ങൾക്ക് വേഗത കൂട്ടിയെന്നു മാത്രം. നിലവിൽ രണ്ട് പേർക്ക് മാത്രം സുഖകരമായി യാത്ര ചെയ്യാനാവുന്ന വാഹനം ഇനി മുതൽ 5 പേർക്കായി ഒരുങ്ങും. ഇപ്പോൾ പിൻസീറ്റിലുള്ള ബുദ്ധിമുട്ട് പിൻഡോറുകൾ വരുന്നതിനൊപ്പം പരിഹരിക്കപ്പെടുകയും ചെയ്യും. ഇതോടൊപ്പം എസ്‌യുവിയുടെ വലിപ്പവും വർധിക്കും. 5-ഡോർ ജിംനിയുടെ 3,985 mm നീളത്തേക്കാൾ കൂടുതലായിരിക്കും ഥാറിന്റെ വിപുലീകൃത പതിപ്പിനുണ്ടാവുക എന്നതും ഒരു നേട്ടമായി മഹീന്ദ്ര പരസ്യം ചെയ്യും.

എസ്‌യുവി അടിസ്ഥാനപരമായി നിലവിലെ ഥാറിന്റെ അതേ ഡിസൈൻ തന്നെയായിരിക്കും മുന്നോട്ടുകൊണ്ടുപോവുക. ചിലപ്പോൾ ജീപ്പ് റാങ്ലർ പോലെയൊക്കെ തോന്നിയാലും അതിശയിക്കാനൊന്നുമില്ല. സമീപകാലത്തെ ഹിറ്റ് മോഡലുകളില്‍ ഒന്നായ സ്‌കോര്‍പിയോ N എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് 5 ഡോര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്‌കോര്‍പിയോ N എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്നതിനാല്‍ വരാനിരിക്കുന്ന മഹീന്ദ്ര ഥാര്‍ 5-ഡോര്‍ എസ്‌യുവി 3-ഡോര്‍ പതിപ്പിനേക്കാള്‍ കൂടുതല്‍ വിശാലവും സുരക്ഷിതവുമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ക്രാഷ് ടെസ്റ്റിൽ ഉൾപ്പടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കമ്പനിക്കാവും. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമായിരിക്കും 5-ഡോർ ഥാറിൽ ഇടംപിടിക്കുക. പവർ ഔട്ട്പുട്ട് കണക്കുകളും 3-ഡോർ വേരിയന്റിന് സമാനമായിരിക്കും. ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും പുത്തൻ മഹീന്ദ്ര ഥാർ 5-ഡോർ പതിപ്പ് എത്തുക.
4WD, 2WD കോൺഫിഗറേഷനുകൾ ഫൈവ് ഡോർ ഥാർ ലഭ്യമാകുമെന്ന് വിവരം. ലോ-റേഷ്യോ ട്രാന്‍സ്ഫര്‍ കേസ്, മെക്കാനിക്കലി ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവയും എസ്‌യുവിയുടെ ഭാഗമായേക്കും. വിലയുടെ കാര്യത്തിലേക്ക് വന്നാൽ നിലവിൽ ജിംനിക്ക് താഴെയാണ് 3-ഡോർ മോഡലിന്റെ വിലയെങ്കിലും 5-ഡോർ ഥാർ എത്തുന്നതോടെ ജിംനിക്ക് മുകളിൽ വില പോവാൻ സാധ്യതയുണ്ട്. കൂടുതൽ ഫീച്ചറുകൾ കൂടി നൽകുന്ന കാര്യം കണക്കിലെടുക്കുമ്പോൾ ഈ ഊഹം ശരിയാവാനാണ് സാധ്യത. ജിംനിക്ക് പുറമെ വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖയുടെ 5-ഡോർ പതിപ്പും മഹീന്ദ്രക്ക് വെല്ലുവിളി ഉയർത്തും.


Click it and Unblock the Notifications