ജിംനിക്ക് ചെക്ക്! ഥാറിന് പുതിയ ബേസ് 4X4 വേരിയന്റ് ഒരുക്കി മഹീന്ദ്ര
ഇന്ത്യൻ വിപണിയിൽ മാജിക് തീർത്ത വാഹനമാണ് മഹീന്ദ്രയുടെ ഥാർ. ഒന്നാം തലമുറയിൽ ഓഫ്-റോഡ് പ്രേമികളുടെ ഹരമായി മാറിയ മോഡൽ രണ്ടാംതലമുറ ആവർത്തനത്തിൽ ഒരുപടി കൂടി കടന്ന് ലൈഫ് സ്റ്റൈൽ എസ്‌യുവിയായി പിറവിടെയുത്തു. ഇതോടെ ഥാർ സ്വന്തമാക്കാൻ മഹീന്ദ്രയുടെ ഷോറൂമുകളിൽ ആളുകൾ ഇരച്ചെത്തുകയും ചെയ്‌തു.
നിലവിൽ RWD, 4X4 പതിപ്പുകളിൽ സ്വന്തമാക്കാനാവുന്ന മഹീന്ദ്ര ഥാറിന് മാരുതി സുസുക്കിയിൽ നിന്നും ഒരൊത്ത എതിരാളി എത്തുകയും ചെയ്‌തു. ജിംനിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്... വില പ്രഖ്യാപനവും വിൽപ്പനയും മാത്രം പൂർത്തിയാക്കാനിരിക്കെ ബുക്കിംഗ് വാരിക്കൂട്ടി തരംഗമാവുമ്പോൾ കൈകെട്ടി അടങ്ങിയിരിക്കാൻ മഹീന്ദ്ര തയാറല്ല. അതിന്റെ ഭാഗമായി ഥാർ 4X4 മോഡലിന് ഒരു എൻട്രി ലെവൽ വകഭേദം ഒരുക്കുകയാണ് കമ്പനി.

വില കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എസ്‌യുവിയുടെ റിയർ വീൽ ഡ്രൈവ് മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. സംഭവം ഹിറ്റായതോടെയാണ് മഹീന്ദ്ര 4X4 പതിപ്പിനെയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ജിംനിയുടെ വിലയുമായി മുട്ടിനിൽക്കാനുള്ള ശ്രമങ്ങളാണിത് എന്ന് എല്ലാത്തരത്തിലും വ്യക്തമാണ്. വരാനിരിക്കുന്ന ഈ എൻട്രി-ലെവൽ 4WD വേരിയന്റിന് AX AC എന്ന് പേരിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
AX(O) വേരിയന്റിൽ നിലവിൽ നൽകിയിരിക്കുന്ന ചില ഫീച്ചറുകൾ ഒഴിവാക്കിയാവും പുത്തൻ AX AC പതിപ്പിനെ പണികഴിപ്പിക്കുക. നേരത്തെ കമ്പനി ഥാർ നിരയിൽ അവതരിപ്പിച്ചിരുന്ന AX ട്രിമ്മിന് സമാനമായിരിക്കും വരാനിരിക്കുന്നത്. ക്രാഷ് ടെസ്റ്റുകൾക്ക് അനുകൂലമല്ലാത്ത സൈഡ് ഫേസിംഗ് സീറ്റുകൾ നൽകിയാണ് അന്ന് അതിനെ വിപണിയിൽ എത്തിച്ചിരുന്നത്. പിന്നീട് അത് നിർത്തലാക്കുകയും ചെയ്യും. പക്ഷേ ഇത്തവണ എസ്‌യുവിയുടെ പുതിയ AX AC ഫോർവേഡ് ഫേസിംഗ് സീറ്റുകളുള്ള നാല് സീറ്റർ വാഹനമായാവും എത്തുക.

മഹീന്ദ്ര ഥാർ AX AC 4x4 മോഡൽ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മാനുവൽ ഗിയർബോക്‌സ് മാത്രമായിരിക്കും ഇതിലുണ്ടാവുക. ഓട്ടോമാറ്റിക് അവതരിപ്പിച്ചാൽ ചെലവേറും എന്ന കാരണത്താൽ കമ്പനി ഇത് ഒഴിവാക്കും. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഥാർ RWD പതിപ്പുകൾക്ക് പ്രത്യേകമായി ഇത്തവണയും നിലകൊള്ളും.
ഇതിൽ ആദ്യത്തെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp പവറിൽ പരമാവധി 320 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം ഥാറിന്റെ എംഹോക്ക് ഡീസൽ എഞ്ചിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രീതിയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വരാനിരിക്കുന്ന എൻട്രി ലെവൽ വേരിയന്റിന് ഒഴികെ ഈ രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കും.

നിലവിൽ ഥാറിന്റെ വിപണിയിലെ ഏക എതിരാളി ഫോഴ്സ് ഗൂർഖയാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ മാരുതി ജിംനി വരുന്നതോടെ ചിത്രം മാറും. ഥാറിന്റെ ഡീസൽ വേരിയന്റുകൾക്ക് നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ പതിപ്പുകൾക്ക് 13.49 ലക്ഷം മുതൽ 15.82 ലക്ഷം രൂപ വരെയും എക്‌സ്ഷോറൂം വില മുടക്കേണ്ടതായുണ്ട്. ജിംനിക്കെതിരെ ഥാറിന്റെ വിൽപ്പന നിലനിർത്തുന്നതിൽ പുതിയ എൻട്രി 4x4 വേരിയന്റ് നിർണായകമാകും.
അഞ്ച് വാതിലുകളുള്ള ചെറുതും ഭാരം കുറഞ്ഞതും കൂടുതൽ പ്രായോഗികവുമായ ജിംനി ദൈനംദിന അടിസ്ഥാനത്തിൽ കൂടുതൽ ഉപയോഗയോഗ്യമായ ഓപ്ഷനായിരിക്കുമെന്നും കൂടുതൽ താങ്ങാനാകുന്നതായിരിക്കുമെന്നും ഉറപ്പാണ്. വേരിയന്റിനെ ആശ്രയിച്ച് ജിംനിയുടെ വില 9.50 ലക്ഷം മുതൽ 13.00 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് നിഗമനം. ആയതിനാൽ സെഗ്മെന്റിലെ മത്സരം കൂടുതൽ കനക്കുമെന്ന് ഉറപ്പാണ്. പുതിയ ജിംനിയെ പരിഗണിക്കുന്ന വരെ ഥാറിലേക്ക് എത്തിക്കാൻ പുതിയ ബേസ് 4x4 വേരിയന്റ് സഹായിക്കും.

മാത്രമല്ല, മാരുതി ജിംനിക്ക് ഥാറിന്റെ അത്രയും റോഡ് പ്രെസൻസ് ഇല്ലാത്തത് മഹീന്ദ്രയ്ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. കൂടാതെ മാരുതി എസ്‌യുവിക്ക് ബദലായി കൂടുതൽ പ്രായോഗികമായ 5-ഡോർ ഥാറിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിനെയും കാത്ത് ഏറെ ആരാധകരുണ്ട്. അടുത്തിടെ 1 ലക്ഷം യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലും വാഹനം പൂർത്തിയാക്കിയിരുന്നു.


Click it and Unblock the Notifications








