അരലക്ഷം രൂപ കൂടുതൽ കരുതിക്കോ... ഥാർ RWD വേരിയന്റിന് വില കൂട്ടി മഹീന്ദ്ര
ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള മോഡലുകളാണ് ഓഫ് റോഡ് എസ്‌യുവികൾ. ഈ സെഗ്മെന്റിനെ ഭരിക്കുന്നതാവട്ടെ മഹീന്ദ്ര ഥാർ എന്ന അതികായകനും. ഫോഴ്‌സ് ഗൂർഖ നേരിട്ട് മല്ലിടാൻ രംഗത്തുണ്ടെങ്കിലും ഒത്ത എതിരാളിയായി മാറാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ മാരുതി സുസുക്കി 5-ഡോർ ജിംനി പുറത്തിറക്കുന്നതോടെ കഥയാകെ മാറും.
ഇതിന്റെ മുന്നൊരുക്കമെന്നോണം മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2023 ജനുവരിയിൽ റിയർ-വീൽ ഡ്രൈവ് ഥാറിനെ പുറത്തിറക്കിയിരുന്നു. താങ്ങാനാവുന്ന വിലയും AX (O) ഡീസൽ മാനുവൽ, LX ഡീസൽ മാനുവൽ, LX പെട്രോൾ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിൽ അവതരിപ്പിച്ചതിനാലും ഏവരുടേയും ശ്രദ്ധയാകർഷിക്കാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം ഉയർന്ന ഡിമാൻഡാണ് ഇതിന് കാണുന്നത്. പെട്ടന്ന് നോക്കിയാൽ ചെറിയ പതിപ്പാണെന്ന കാര്യം തോന്നുകയുമില്ലാത്തതിനാൽ അതും ഒരു പ്ലസ് പോയിന്റാണ്.

1.5 ലിറ്റർ ഡീസൽ RWD വേരിയന്റിനാണ് ആവശ്യക്കാർ ഏറെയും. ഥാറിന്റെ 4WD ഡീസൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 4 ലക്ഷം രൂപയിലധികം ലാഭിക്കാനും സാധിക്കും. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ പ്രാരംഭ വിലകൾ ബാധകമാകൂ എന്ന് ലോഞ്ച് സമയത്ത് മഹീന്ദ്ര സൂചിപ്പിച്ചു. ഇപ്പോൾ ബുക്കിംഗ് ഈ സംഖ്യയ്ക്ക് മുകളിലായതോടെ കമ്പനിയിപ്പോൾ ഥാർ RWD പതിപ്പിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്.
50,000 രൂപയുടെ വില വർധനവാണ് ഇപ്പോൾ എസ്‌യുവിയുടെ RWD മോഡലിന് സംഭവിച്ചിരിക്കുന്നത്. എന്നാൽ ബേസ് വേരിയന്റിന്റെ വിലയിൽ തൊടാതെയാണ് മഹീന്ദ്ര പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യം കൈയ്യടിക്കാതെ വയ്യ. AX (O) ഡീസൽ മാനുവലിനെ 9.99 ലക്ഷം രൂപയിൽ തന്നെ നിലനിർത്തി രണ്ടാമത്തെ LX ഡീസൽ മാനുവലിനാണ് അരലക്ഷം രൂപ ഉയർത്തിയത്. 10.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഈ വകഭേദത്തിന് 11.49 ലക്ഷം രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില.

ഥാർ റിയർ വീൽ ഡ്രൈവ് മോഡലിന്റെ ടോപ്പ് വേരിയന്റിനും വില വർധനവില്ല. 13.49 ലക്ഷം മുടക്കിയാൽ എസ്‌യുവി വീട്ടിലെത്തിക്കാം. ഹാർഡ്‌ടോപ്പ് കോൺഫിഗറേഷനിൽ മാത്രമാണ് മഹീന്ദ്ര ഥാർ RWD വിൽക്കുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്ന മോഡലിന് നാല് മീറ്ററിൽ താഴെ നീളം വരുന്ന നികുതി ആനുകൂല്യങ്ങൾ കിട്ടുന്നതോടെ 6 ലക്ഷം രൂപയുടെ വിലക്കുറവ് ഓൺ-റോഡ് വിലയിൽ കിട്ടുമെന്നത് ഏവരേയും ആകർഷിച്ചു.
മറാസോയിലും XUV300 കോംപാക്‌ട് യൂട്ടിലിറ്റി വാഹനത്തിലും കണ്ടുപരിചിതമായ 1.5 ലിറ്റർ ഫോർ സിലിണ്ടർ D117 ഡീസൽ എഞ്ചിനാണ് ഥാറിന്റെ റിയർ വീൽ ഡ്രൈവ് മോഡലിന് തുടിപ്പേകിയിരുന്നത്. ഇത് പരമാവധി 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോകസുമായാണ് ഈ വേരിയന്റ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം പെട്രോൾ വേണ്ടവർക്കായി 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചും RWD വാങ്ങാം.

ഇത് 150 bhp പവറിൽ 320 Nm torque വരെയാണ് നൽകുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമേ ഇതും വീട്ടിലെത്തിക്കാനാവൂ. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോൺസ് എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ റിയർ വീൽ ഡ്രൈവ് വേരിയന്റ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. കൂടാതെ 4WD വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് വലിയ മാറ്റങ്ങളൊന്നും ലഭിക്കുന്നുമില്ല.
മഹീന്ദ്ര ഥാർ RWD വേരിയന്റിന്റെ സവിശേഷതകളിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡിആർഎൽ, ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, 4×4 സെലക്ടറിന് പകരം ഒരു കബി ഹോൾ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് എസ്‌യുവിയിൽ ഉൾപ്പെടുന്നത്.

പഴയ തലമുറ ആവർത്തനത്തിൽ നിന്നും ആളുകളെ വാഹനത്തിലേക്ക് ഏറ്റവും അടുപ്പിച്ച കാര്യം അതിന്റെ ലൈഫ്-സ്റ്റൈൽ എസ്‌യുവി രൂപവും ഭാവവുമായിരുന്നു. കൂടുതൽ പ്രായോഗികമായ വാഹനം ജനഹൃദയങ്ങളിൽ കുടിയേറിപ്പാർക്കുകയും ചെയ്‌തു. മഹീന്ദ്രയുടെ മുഖംമാറിയ മോഡലുകൾ വിപണിയിൽ അണിനിരന്നതും ഈ വാഹനത്തിന്റെ വരവോടു കൂടിയാണ്. പിന്നീട് XUV700, സ്കോർപിയോ N തുടങ്ങിയ കിടിലൻ എസ്‌യുവികളാണ് കമ്പനിയുടെ നിരയിൽ അണിനിരന്ന് ചരിത്രം കുറിച്ചത്.


Click it and Unblock the Notifications