ഇനി ലക്ഷപ്രഭു... ഥാറിന്റെ 1 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മഹീന്ദ്ര മുതലാളി
Mahindra Thar (മഹീന്ദ്ര ഥാർ) ഇന്ത്യയിൽ തീർത്ത ഓളം മറ്റ് വാഹനങ്ങൾക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ഈ വിലയിൽ ഇതുപോലെ വേറൊന്ന് ഇല്ലെന്നു തന്നെ വേണം പറയാൻ. ആരെയും ആകര്‍ഷിക്കുന്ന പരുക്കന്‍ രൂപം, ഏത് കുന്നും മലയും താണ്ടാനാകുന്ന മികച്ച ഓഫ് റോഡിംഗ് ശേഷി എന്നിവയെല്ലാമാണ് ഥാറിനെ ഹിറ്റാക്കിയത്.
അതോടൊപ്പം മഹീന്ദ്ര എന്ന ബ്രാൻഡിന്റെ വിശ്വാസീയതയും കൂടിയാവുന്നതോടെ ഥാർ കൊമ്പനാവുന്നു. ഇതുവരെ ഫോഴ്‌സ് ഗൂർഖയോട് മാത്രം മുട്ടിനിന്ന എസ്‌യുവിക്ക് മാരുതി ജിംനിയുടെ രൂപത്തിൽ അടുത്തിടെ പുതിയൊരു എതിരാളിയെത്തുകയുമുണ്ടായി. എന്നാൽ സെഗ്മെന്റിലെ താരപരിവേഷം ഥാറിനെ വിട്ടൊഴിയില്ലെന്നാണ് ഇതുവരെയുള്ള സൂചന. ശരിക്കും രണ്ടാംതലമുറ ആവർത്തനത്തിലേക്ക് കൃത്യമായ സമയത്ത് മാറിയതാണ് വാഹനത്തിനെ ഇത്രയേറെ വിജയത്തിലേക്ക് നയിച്ചത്. പക്കാ ഓഫ് റോഡറിൽ നിന്നും ലൈഫ് സ്റ്റൈൽ വാഹനമായി രൂപംകൊണ്ടത് വിജയത്തിന് മേമ്പൊടിയേകുകയും ചെയ്‌തു.

ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മഹീന്ദ്ര ഥാർ. 1 ലക്ഷം യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലാണ് എസ്‌യുവി മറികടന്നിരിക്കുന്നത്. വിപണിയിലെത്തി രണ്ടര വർഷത്തിനുള്ളിലാണ് ഏറ്റവും പുതിയ തലമുറ മോഡൽ ഈ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്. പെട്രോൾ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പുതിയ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ, കൂടുതൽ പ്രായോഗികമായ ഇന്റീരിയർ എന്നിങ്ങനെ വിവിധതരത്തിലുള്ള പരിഷ്ക്കാരത്തിലൂടെയാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാംതലമുറ ആവർത്തനം വിപണിയിലേക്ക് കടന്നുവന്നത്.
മുമ്പുണ്ടായിരുന്ന മുഖം പൂർണമായും ഉടച്ചുവാർത്ത് 2020 ഒക്ടോബറിലാണ് എസ്‌യുവി അവതരിപ്പിക്കുന്നത്. കാഴ്ച്ചയിലെ ഗാഭീര്യത പെർഫോമൻസിലും സേഫ്റ്റിയിലും കാട്ടിയപ്പോൾ പുത്തൻ മോഡലിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിർമാണത്തിലുണ്ടായ തടസങ്ങളും സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമവും എല്ലാമാണ് ഈ നേട്ടം ഇത്രയും വൈകാൻ കാരണമായത്. ഇപ്പോഴും ഉയർന്ന ഡിമാന്റുള്ള മഹീന്ദ്ര ഥാറിന് 18 മാസത്തോളമാണ് വെയിറ്റിംഗ് പിരീഡ് പറയുന്നത്.

1 ലക്ഷം യൂണിറ്റുകളുടെ നിർമാണം പൂർത്തിയാക്കിയ ഈ നേട്ടം ഥാറിന്റെ ജനപ്രീതിയും രാജ്യത്ത് എസ്‌യുവികളുടെ വർധിച്ചുവരുന്ന ഡിമാൻഡും എടുത്തുകാണിക്കുന്നുവെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. സിറ്റി, ഹൈവേ ഡ്രൈവിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ എസ്‌യുവിയെ ഒരുക്കിയെടുത്ത കമ്പനി എന്തായാലും കൈയടി അർഹിക്കുന്നുണ്ട്.
മഹീന്ദ്ര ഥാർ ഇപ്പോൾ 4x4, RWD വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. ഇത് ഉപഭോക്താക്കൾക്ക് വിശാലമായ ഓപ്ഷനുകൾ നൽകുന്നു. ഓഫ്-റോഡിംഗ് സാഹസികത ആഗ്രഹിക്കുന്നവർക്കായി ഥാറിന്റെ 4x4 വേരിയന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകൾ എല്ലാം ഏത് കുന്നും മലയും താണ്ടാൻ വാഹനത്തെ സഹായിക്കുന്നുണ്ട്.

വ്യതിരിക്തമായ രൂപകൽപനയും സുഖപ്രദമായ ദൈനംദിന യാത്രാ വാഹനവും ഹൈവേ ഉപയോഗവും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായതാണ് ഥാറിന്റെ RWD വകഭേദം. അധികം പണം മുടക്കാതെ ഈ വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും നിസംശയം ഇവനെ തെരഞ്ഞെടുക്കാം. എസ്‌യുവിയുടെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റുകൾക്ക് XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് ലഭ്യമാവുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.
ഇതിനു പുറമെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ അതേ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. അതേസമയം ഥാർ 4X4 പതിപ്പിന്റെ നിരയിലേക്ക് നോക്കിയാൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് ലഭിക്കുന്നത്. ഇതിലെ ഓയിൽ ബർണർ 130 bhp പവറിൽ പരമാവധി 300 Nm torque നൽകും. പെട്രോൾ എഞ്ചിൻ 150 bhp,320 Nm torque എന്നിങ്ങനെയുള്ള പവർ കണക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഥാർ എസ്‌യുവിയുടെ RWD വേരിയന്റുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 11.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം മറുവശത്ത് 4X4 മോഡലുകൾക്ക് 13.59 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും. ഥാറിന്റെ 4WD ഡീസൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 4 ലക്ഷം രൂപയിലധികം ലാഭിക്കാനും സാധിക്കുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓൺ റോഡ് വിലയിൽ ഏതാണ്ട് 6 ലക്ഷം രൂപയും പോക്കറ്റിൽ കിടക്കും.


Click it and Unblock the Notifications








