ഇനി ഓടിക്കാൻ കൂടുതൽ എളുപ്പമാവും, പുതിയ XUV300 എസ്‌യുവിയിൽ കൊണ്ടുവരുന്ന മാറ്റം അറിഞ്ഞോ?
രാജ്യത്തെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് XUV300. ആധുനിക എതിരാളികൾക്കിടയിൽ സേഫ്റ്റിയും വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും അണിനിരത്തിയാണ് മോഡൽ പിടിച്ചു നിൽക്കുന്നത്. വിൽപ്പനയുടെ കാര്യത്തിൽ കനമായി ഒന്നും അവകാശപ്പെടാനില്ലെങ്കിലും മോശമാക്കാതെ കാര്യങ്ങൾ കൊണ്ടുപോവുന്നുണ്ട്.
മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വില അൽപം കൂടുതല്ലല്ലേ എന്ന പരാതി പലരും ഉന്നയിക്കുന്നുണ്ടെങ്കിലും ഈ വിലയ്ക്ക് ഇതൊരു മുതലുതന്നെയാണ് എന്നുവേണം പറയാൻ. ടാറ്റ നെക്സോണും മാരുതി ബ്രെസയുമെല്ലാം കാലത്തിനൊത്ത മാറ്റങ്ങൾ കൊണ്ടുവന്ന് ഒരുപടി മുന്നിൽ നിൽക്കുകയാണിപ്പോൾ. എന്നാൽ അധികം വൈകാതെ ഒരു മുഖംമിനിക്കലിന് വിധേയമാകാൻ പോവുകയാണ് XUV300 എസ്‌യുവിയും.

അതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടത്തിലാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ. പൊളിച്ചെഴുതിയ എക്സ്റ്റീരിയർ ഡിസൈനായിരിക്കും ഏറെ ചർച്ചയാവാൻ പോവുന്നതെങ്കിലും വാഹനത്തിന് മെക്കാനിക്കലായി വരുന്ന മാറ്റങ്ങളിലാണ് ഏവരുടേയും കണ്ണ്. അതിൽ പുതിയൊരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് XUV300 എസ്‌യുവിയിലേക്ക് കടന്നുവരുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓടിക്കാൻ കൂടുതൽ എളുപ്പമാക്കുന്നതിനായി വാഹനത്തിലേക്ക് ഒരു ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മഹീന്ദ്ര അവതരിപ്പിക്കുക.
പുതിയ ട്രാൻസ്മിഷൻ നിലവിലുള്ള എഎംടിയെക്കാൾ വളരെ സുഗമമായിരിക്കാനും ഡ്രൈവ് അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല ഡ്രൈവിംഗ് ഫീൽ ഉയർത്താനും പുത്തൻ ഗിയർബോക്‌സിനാവും. ഐസിനിൽ നിന്നുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഉപയോഗിച്ച് XUV300 അവതരിപ്പിക്കുമ്പോൾ മഹീന്ദ്രക്ക് അതൊരു മൈലേജാവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. എന്നാൽ എഞ്ചിൻ ഓപ്ഷനിലൊന്നും പരിഷ്ക്കാരം വന്നേക്കില്ലെന്നതും മനസിൽ കുറിച്ചിട്ടോണം.

110 bhp നൽകുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ, 131 bhp, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ, 117 bhp 1.5 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്ന അതേ എഞ്ചിൻ ഓപ്ഷനുകളിൽ XUV300 ഫെയ്‌സ‌്ഫ്‌ലിറ്റ് മഹീന്ദ്ര തുടർന്നും മുന്നോട്ടുകൊണ്ടുപോവും. പക്ഷേ പുതിയ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഏത് എഞ്ചിൻ ഓപ്ഷനൊപ്പമാവും ജോടിയാക്കുക എന്ന വിവരം കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
മാരുതിയുടെ ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, XL6, ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകളിലും ഐസിനിൽ നിന്നുള്ള ഇതേ ടോർക്ക് കൺവെർട്ടറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനാൽ കാര്യക്ഷമതയുടെ കാര്യത്തിലൊന്നും സംശയം വേണ്ട. ഐസിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾ സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് എന്നിവയാണ്.

ഇനി XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ മറ്റ് മാറ്റങ്ങളിലേക്ക് വന്നാൽ ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാൽ സമ്പന്നമായിരിക്കും ഈ കോംപാക്‌ട് എസ്‌യുവി. മിഡ്-ലൈഫ് അപ്‌ഡേറ്റിലൂടെ വാഹനത്തിലേക്ക് ഒരു പനോരമിക് സൺറൂഫ് കൊണ്ടുവരുമെന്ന് മഹീന്ദ്ര ഇതിനോടകം സൂചന നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് സബ്-4 മീറ്റർ വിഭാഗത്തിലേക്ക് ഈ കിടിലൻ ഫീച്ചർ കടന്നുവരുന്നത്. കൂടാതെ ഹ്യുണ്ടായി വെന്യുവിന് ശേഷം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്‌ദാനം ചെയ്യുന്ന രണ്ടാമത്തെ മോഡലായും മഹീന്ദ്ര XUV300 മാറും.
ഇനി ഡിസൈനിലേക്ക് നോക്കിയാൽ പുതിയ XUV300 ഫെയ്‌സ്‌ലിഫ്റ്റ് XUV700 പ്രീമീയം എസ്‌യുവിയിൽ നിന്ന് ഡിസൈനും സ്റ്റൈലിംഗും കടമെടുത്തേക്കും. ടൂ-പാർട്ട് ഫ്രണ്ട് ഗ്രിൽ, XUV700-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ സെൻട്രൽ എയർ ഇൻടേക്ക്, പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകൾ, പുതുക്കിയ ടെയിൽഗേറ്റും പിൻ ബമ്പറും, പുതിയ ടെയിൽലാമ്പുകളും, പുനഃസ്ഥാപിച്ച നമ്പർ പ്ലേറ്റും ലുക്ക് അടിപൊളിയാക്കും.

ഇന്റീരിയറിൽ പൊളിച്ചെഴുത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതിയ മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾക്കായി പരിഷ്‌ക്കരിച്ചതും നീളം കുറഞ്ഞതുമായ ഗിയർ സെലക്ടർ അവതരിപ്പിക്കും. സെൻട്രൽ എസി വെന്റുകൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. അതേസമയം മൊത്തത്തിലുള്ള ഡാഷ്‌ബോർഡ് ഡിസൈൻ മാറ്റമില്ലാതെ തുടരും. എന്നിരുന്നാലും, ഡാഷ്‌ബോർഡിന് ഒരു പുതിയ ഫിനിഷ് ലഭിച്ചേക്കും.
ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വയർലെസ് ഫോൺ ചാർജർ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ ഇടംപിടിക്കും. അടുത്ത വർഷം ആദ്യ പകുതിയിൽ വണ്ടി കളംപിടിക്കാനെത്തും. മഹീന്ദ്രയുടെ പുത്തൻ വാഹനങ്ങൾക്ക് ലഭിച്ച സ്വീകാര്യത ഇതിനും ലഭിച്ചാൽ സെഗ്മെന്റ് XUV300 തൂക്കുമെന്നുറപ്പാണ്.


Click it and Unblock the Notifications








