ടാറ്റയ്ക്ക് മുന്നേ മഹീന്ദ്ര, XUV700 ഇലക്‌ട്രിക് എസ്‌യുവി റെഡി! കാണാൻ എന്തൊരു സുമുഗൻ
ഇലക്‌ട്രിക് വാഹന വിപണിയിൽ അനുദിനം മത്സരം മുറുകുകയാണ്. പുത്തൻ ബ്രാൻഡുകൾ ഉൾപ്പടെ രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ വരെ വൈദ്യുത വാഹന നിർമാണ രംഗത്തേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ടാറ്റ മോട്ടോർസ് കൈയാളുന്ന വിഭാഗമാണിതെങ്കിലും മഹീന്ദ്രയുൾപ്പെടെയുള്ള കമ്പനികൾ സജീവമായി ഇവി രംഗത്തുണ്ട്. നെക്സോണിന് വെല്ലുവിളിയായി XUV400 പുറത്തിറക്കിയ മഹീന്ദ്ര ഇപ്പോൾ മറ്റൊരു മോഡലിന്റെ പണിപ്പുരയിലാണ്.
വമ്പൻ ഹിറ്റായ XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പാണ് മഹീന്ദ്രയുടെ ആയുധപ്പുരയിലെ അടുത്ത വൈദ്യുത വാഹനം. XUV.e8 അതിന്റെ കൺസെപ്റ്റ് രൂപത്തിൽ കഴിഞ്ഞ വർഷം കമ്പനി പ്രദർശിപ്പിച്ചിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ XUV.e, BE എന്നീ സബ് ബ്രാൻഡുകളിൽ നിന്ന് പുറത്തിറക്കുന്ന ആദ്യത്തെ ഗ്രൗണ്ട്-അപ്പ് ഇലക്ട്രിക് എസ്‌യുവിയാണിത്. ഇന്റേണൽ കമ്പഷൻ എഞ്ചിനുള്ള XUV700-യ്ക്ക് അനുസൃതമായാവും ഇവ പണിതിറക്കുക.

പക്ഷേ, ഒരു പുതിയ ഇലക്ട്രിക്-നിർദ്ദിഷ്ട ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലായിരിക്കും ഇലക്ട്രിക് XUV700 എസ്‌യുവി ഒരുങ്ങുക. ഇതിന്റെയെല്ലാം സൂചന നൽകുന്ന പുതിയ ഡിസൈൻ പേറ്റന്റ് ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 2024 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന XUV.e8 ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ-റെഡി മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇത് പറഞ്ഞുവെക്കുന്നുണ്ട്.
മൊത്തത്തിലുള്ള രൂപഘടന നിലവിലെ XUV700 എസ്‌യുവിക്ക് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എന്നാൽ ഡിസൈനിൽ ചെറിയ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും മഹീന്ദ്ര തയാറായിട്ടുണ്ട്. മുൻവശത്താണ് പരിഷ്ക്കാരങ്ങളിൽ അധികവും കാണാനാവുക. XUV.e8 ഇവിയുടെ ബമ്പറിലേക്ക് നീളുന്ന പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാറാണ് മുന്നിലെ പ്രധാന ആകർഷണം.

കൂടാതെ ഇവികൾക്ക് സമാനമായി മുൻവശത്ത് ക്ലോസ്‌ഡ് ഗ്രില്ലാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. കൂടാതെ ത്രികോണാകൃതിയിലുള്ള ഡിസൈനുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഒരു ഫ്രഷ്‌നെസ് നൽകുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ XUV700 എസ്‌യുവിയിൽ നിന്നുള്ള ഫ്ലഷ് ഡോർ ഹാൻഡിലുകളും സമാനമായ ORVM-കളും വിൻഡോ ലൈനുകളും ഇലക്ട്രിക് പതിപ്പ് നിലനിർത്തുന്നുണ്ട്. അതേസമയം ഇവി നിർദ്ദിഷ്ട എയറോ-എഫിഷ്യന്റ് വീലുകൾ ഒരു പുതിയ കൂട്ടിച്ചേർക്കലാണ്.
പിൻവശക്കാഴ്ച്ചകൾ പേറ്റന്റ് ചിത്രങ്ങളിലൂടെ വ്യക്തമാവുന്നില്ലെങ്കിലും ഇവിടവും XUV700 എസ്‌യുവിക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കാം. ഇനിയൊരു മാറ്റം കൊണ്ടുവരാൻ മഹീന്ദ്ര തീരുമാനിച്ചാൽ ടെയിൽ ലാമ്പുകളിൽ ചില പരിഷ്ക്കാരങ്ങൾ മഹീന്ദ്ര നടപ്പിലാക്കിയേക്കാം. XUV.e8 ഇവിയുടെ ബോഡിയിലുടനീളം കോപ്പർ ട്രീറ്റ്‌മെന്റ് അതിന്റെ ഇവി ഐഡന്റിറ്റിയെ എടുത്തു കാണിക്കും. ഇത് മഹീന്ദ്രയുടെ സിഗ്നേച്ചർ സംഭവമായതിനാൽ ഒഴിവാക്കാനാവില്ല.

മുകളിൽ സൂചിപ്പിച്ചതുപോലെ XUV700 ഇലക്ട്രിക് മോഡൽ മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് INGLO സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, വലിപ്പത്തിന്റെ കാര്യത്തിൽ ഇത് പെട്രോൾ, ഡീസൽ XUV700 എസ്‌യുവിയേക്കാൾ സമ്പന്നവുമായിരിക്കും. ഇത് മൂന്നാംനിരയിൽ കൂടുതൽ ഇടം കണ്ടെത്താൻ ബ്രാൻഡിനെ സഹായിക്കുന്ന കാര്യമാണ്. ഏകദേശം 80kWh ശേഷിയുള്ള ബാറ്ററി പായ്ക്കുമായാവും ഇവിയുടെ വരവ് എന്നാണ് സൂചന.
ഇത് 230 bhp മുതൽ 350 bhp വരെ കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഓൾ വീൽ ഡ്രൈവ് സംവിധാനവും XUV700 ഇലക്ട്രിക്കിന് ലഭിച്ചേക്കും. സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പിലൂടെ വാഹനത്തിന് ഏകദേശം 450 കിലോമീറ്റർ വരെ റേഞ്ച് ലഭിച്ചേക്കുമെന്നാണ് വിവരം. 175 കിലോവാട്ട് വരെ വേഗതയുള്ള ചാർജിംഗ് ശേഷി പിന്തുണയ്ക്കാനും ഇതിന് കഴിയും.
XUV.e8 ഇലക്ട്രിക്കിന് (XUV700 ഇവി) ഏകദേശം 35 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. വിപണിയിലെത്തുമ്പോൾ ഹ്യുണ്ടായി കോന ഇലക്ട്രിക്, എംജി ZS ഇവി, BYD അറ്റോ 3 പോലുള്ളവയോടാവും മഹീന്ദ്ര മത്സരിക്കുക. നിലവിൽ പെട്രോൾ, ഡീസൽ മോഡലുകളിൽ ലഭ്യമായ മോഡലിന് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് വൈദ്യുത വാഹനത്തിനും മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications