ഹാരിയറിനേക്കാൾ വേഗം, ഒരു ലക്ഷം വീട്ടുമുറ്റങ്ങളിലെത്തി മഹീന്ദ്രയുടെ ഈ എസ്‌യുവി
പഴയ മഹീന്ദ്രയല്ല ഇപ്പോഴത്തെ മഹീന്ദ്ര എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പതിയ കമ്പനിയുടെ വാഹന ലൈനപ്പിലേക്ക് ഒന്നുനോക്കാൻ പറയണം. XUV300 മുതൽ XUV700 വരെ നീളുന്ന വമ്പൻ എസ്‌യുവി ശ്രേണി കണ്ടാൽ ആരും ഒന്നമ്പരുന്നു പോവും. 2020-ൽ മുതൽ രണ്ടാംതലമുറ ഥാർ പുറത്തിറങ്ങിയതു മുതൽ മഹീന്ദ്രയുടെ വാഹനങ്ങൾക്ക് ഒരു പ്രത്യേക ഇമേജ് തന്നെയാണ് ഇന്ത്യയിലുള്ളത്.
ഥാർ കൊണ്ടുവന്ന ഈ ഹൈപ്പ് XUV700 വേറെ തലത്തിലേക്ക് എത്തിച്ചുവെന്നു വേണം പറയാൻ. അവിടുന്ന് സ്കോർപിയോ N വന്ന് തരംഗം തീർത്ത് മഹീന്ദ്രയുടെ ബ്രാൻഡ് വാല്യുവും കൂട്ടി. ദേ ഇപ്പോൾ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് XUV7000 മഹീന്ദ്രയെ വാർത്തകളിൽ നിറക്കുകയാണ്. എസ്‌യുവിയുടെ 1 ലക്ഷം ഡെലിവറികൾ പൂർത്തിയാക്കിയതാണീ വാർത്ത.

2021 ഓഗസ്റ്റിൽ അവതരിപ്പിച്ച പ്രീമിയം മോഡൽ വെറും രണ്ട് വർഷത്തിന് താഴെ മാത്രം സമയമെടുത്താണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്കോർപിയോയ്ക്ക് ശേഷം ബ്രാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ എസ്‌യുവികളിലൊന്നായാണ് XUV700 ഇപ്പോൾ പേരെടുത്തിരിക്കുന്നത്. വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വിൽക്കാനായതും 5-സീറ്റർ 7-സീറ്റർ വേരിയന്റുകളിൽ വിപണിയിലെത്തിയതുമാണ് വാഹനത്തിന്റെ ഏറ്റവും വിജയകരമായ കാര്യങ്ങളിൽ ഒന്ന്.
XUV500 എസ്‌യുവിയുടെ പിൻഗാമിയായാണ് എത്തിയതെങ്കിലും മുൻഗാമിയെ അപേക്ഷിച്ച് പരിണാമിച്ച കിടിലൻ രൂപവും ആധുനിക ഇന്റീരിയറും ജനഹൃദയങ്ങൾ വേഗത്തിൽ കീഴടക്കാൻ കാരണമായി. മോണോകോക്ക് ഷാസിയിൽ ഒരുങ്ങിയിരിക്കുന്ന എസ്‌യുവിക്ക് നിലവിൽ 14.01 ലക്ഷം രൂപ മുതൽ 26.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഒരു പ്രീമിയം വാഹനത്തിൽ ലഭിക്കുന്ന എല്ലാത്തരം സാങ്കേതികവിദ്യകളും XUV700-യിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

കൂടാതെ പല ലക്ഷ്വറി കാറുകളിൽ പോലും കാണാത്ത ഫീച്ചറുകളും തങ്ങളുടെ എസ്‌യുവിയിൽ ഒരുക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രക്ക് സാധിച്ചു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ ഉള്ള 445 W സോണി 3D ഓഡിയോ, AI കഴിവുകൾ, അഡ്രിനോക്സ് സാങ്കേതികവിദ്യ, ഡ്രൈവ് മോഡുകൾ, ഡ്രൈവ് മോഡുകൾ എന്നിവയെല്ലാം എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളാണ്.
തീർന്നില്ല, ഇവയ്ക്കു പുറമെ ബൂസ്റ്റർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), ഓട്ടോ ഹോൾഡ് ഫംഗ്‌ഷൻ, ADAS ടെക്, ഫ്ലഷ്-ടൈപ്പ് സ്‌മാർട്ട് ഡോർ ഹാൻഡിലുകൾ എന്നിവയും അതിലേറെയും ഫീച്ചറുകളും മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഭാഗമാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4,695 mm നീളം, 1,890 mm വീതി, 1,755 mm ഉയരം, 2,750 mm വീൽബേസ്, 200 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ഇതിനുള്ളത്.

എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുടെയും കാര്യത്തിലും വാഹനം സമ്പന്നമാണെന്നതും വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആർഷിക്കാൻ കാരണമായിട്ടുണ്ട്. 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം മഹീന്ദ്രയുടെ ഈ പുലിക്കുട്ടിയെ സ്വന്തമാക്കാനാവും.
2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 200 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാനാവും. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായോ ജോടിയാക്കാനാവും. ഇനി ഡീസലിലേക്ക് നോക്കിയാൽ ഗിയർബോക്‌സ് അടിസ്ഥാനമാക്കി ട്യൂണിംഗിൽ മഹീന്ദ്ര വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്.

അതായത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുമ്പോൾ ഡീസൽ എഞ്ചിന് പരമാവധി 185 bhp കരുത്തിൽ 420 Nm torque വരെ നൽകാനാവും. അതേസമയം ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് വേരിയന്റാണ് സ്വന്തമാക്കുന്നതെങ്കിൽ ടോർക്ക് 450 Nm ആയി ഉയരുന്നുണ്ട്. എന്നാൽ XUV700 എസ്‌യുവിയുടെ ഏതെങ്കിലും ബേസ് വേരിയന്റാണ് വാങ്ങുന്നതെങ്കിൽ പവർ ഔട്ട്പുട്ട് കണക്കുകൾ 155 bhp, 360 Nm torque എന്നിങ്ങനെയായി മാറുന്നു.
എസ്‌യുവിയുടെ ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് മൈൽഡ് ഓഫ്-റോഡിംഗിനും വാഹനത്തെ പ്രാപ്‌തമാക്കുന്ന കാര്യമാണ്. ഇന്ത്യൻ വിപണിയിൽ എംജി ഹെക്‌ടർ, ഹെക്‌ടർ പ്ലസ്, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നീ മോഡലുകളാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ പ്രധാന എതിരാളികൾ. 5-സീറ്റർ വേരിയന്റുകൾക്ക് മിഡ്-സൈസ് സെഗ്മെന്റിലെ ക്രെറ്റ, സെൽറ്റോസ് പോലുള്ളവയിൽ നിന്നും മത്സരമുണ്ട്.


Click it and Unblock the Notifications








