കിവികളുടെ നാട്ടിലും XUV700, എസ്‌യുവിയെ വിദേശ വിപണിയിലും എത്തിച്ച് മഹീന്ദ്ര
ഇന്ത്യയിലെ എസ്‌യുവി വിപണിയുടെ അസൂയാവഹമായ വളർച്ച കണ്ട് മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് XUV700. പിൻഗാമിയായിരുന്ന XUV500 എന്ന പുലിക്കുട്ടി പകരം വന്ന സിംഹകുട്ടിയായിരുന്നു ഇത്. വിൽപ്പന ആരംഭിച്ചപ്പോൾ ആളുകൾ മോഡലിനായി തിക്കും തിരക്കും കൂട്ടി വണ്ടി ഹിറ്റാക്കി മാറ്റി. കിടിലൻ ഡിസൈനും ADAS പോലുള്ള ഫീച്ചറുകളാൽ സമ്പന്നവുമായതാണ് XUV700 ജനപ്രിയമാവാൻ കാരണം.
ഇന്ത്യയിലെ വിജയഗാഥയ്ക്ക് ശേഷം പല വിദേശ വിപണികളിലേക്കും വാഹനത്തെ കയറ്റിയയച്ച മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോഴിതാ മെയ്‌ഡ് ഇൻ ഇന്ത്യ XUV700 എസ്‌യുവിയെ ന്യൂസിലൻഡിലും ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. AX5, AX7, AX7 L എന്നിങ്ങനെ മൂന്നുവേരിയന്റുകളിലായി പരിചയപ്പെടുത്തിയിരിക്കുന്ന മോഡലിന് 36,990 ഡോളർ മുതൽ 43,990 ഡോളർ വരെയാണ് മുടക്കേണ്ടത്. അതായത് ഏകദേശം 19 ലക്ഷം മുതൽ 22.60 ലക്ഷം രൂപ വരെയെന്ന് സാരം.

എവറസ്റ്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഡാസ്‌ലിംഗ് സിൽവർ, റെഡ് റേജ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാഹനം തെരഞ്ഞെടുക്കാനാവുന്നത്. കൂടാതെ അഞ്ച് സീറ്റുകളും ഏഴ് സീറ്റുകളുമുള്ള കോൺഫിഗറേഷനുകളും മോഡൽ ലഭ്യമാണ്. ആഗോളതലത്തിൽ ബ്രാൻഡിന്റെ മുൻനിര മോഡലാണ് മഹീന്ദ്ര XUV700. ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലാണ് എസ്‌യുവി ഇതിനകം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
വിതരണ ശൃംഖലയുടെ പരിമിതികൾ കാരണമാണ് മഹീന്ദ്ര XUV700 മോഡലിനെ കിവീസിന്റെ നാട്ടിൽ അവതരിപ്പിക്കാൻ ഇത്രയും വൈകിയത്. ഇന്ത്യയിലെ തന്നെ ഉയർന്ന കാത്തിരിപ്പ് കാലയളവ് കണക്കിലെടുക്കുമ്പോൾ ഈ കാലതാമസം അത്ര ആശ്ചര്യകരമല്ലെന്നു വേണം കരുതാൻ. ന്യൂസിലാൻഡ് വിപണിയിൽ മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുന്നത് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് 200 bhp കരുത്തിൽ 380 Nm torque വരെ നൽകും.

ഗിയർബോക്‌സ് ഓപ്ഷനിലേക്ക് നോക്കിയാൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് ന്യൂസിലൻഡിൽ മഹീന്ദ്ര XUV700 അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേതു പോലെ തന്നെ AX5 വേരിയന്റ് അഞ്ച് സീറ്റർ മോഡലുകളായി തന്നെ തുടരുമ്പോൾ ബാക്കിയുള്ള AX7, AX7 L എന്നിവ ഏഴ് സീറ്റർ ഓഫറുകളായാണ് വിപണിയിൽ കാലുകുത്തിയിരിക്കുന്നത്. ഫീച്ചറുകൾ കുത്തിനിറച്ചിരിക്കുന്നതിനൊപ്പം ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ലഭിച്ച 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗിന്റെ അകമ്പടിയും എസ്‌യുവിക്കുണ്ട്.
ADAS, 360-ഡിഗ്രി ക്യാമറ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 18-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, വയർലെസ് ചാർജിംഗ്, ഒരു പനോരമിക് സൺറൂഫ്, ഡിജിറ്റൽ കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി രണ്ട് 10.25 ഇഞ്ച് സ്ക്രീനുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് വാഹനത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

മറ്റ് സവിശേഷതകളഇൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഏഴ് എയർബാഗുകൾ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, 12 സ്പീക്കറുകളുള്ള 3D സൗണ്ട് സിസ്റ്റം, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ്, റോൾ സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവയും XUV700 എസ്‌യുവിയുടെ ഭാഗമാണ്.
മഹീന്ദ്ര XUV700 എസ്‌യുവിയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റത്തിൽ (ADAS) ഫീച്ചറുകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കണ്ടെത്തുന്ന ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, എമർജൻസി ബ്രേക്കിംഗ് ഫംഗ്ഷൻ, ഹൈ-ബീം അസിസ്റ്റും ട്രാഫിക് സൈൻ റെക്കഗ്നിഷൻ പോലുള്ള സവിശേഷതകളാണ് ലഭിക്കുന്നത്.

ഒരു ബൊലേറോ അല്ലെങ്കിൽ ഒരു സ്കോർപിയോ മാത്രം എടുത്തു പറയാനുണ്ടായിരുന്ന നമ്മുടെ സ്വന്തം ഇന്ത്യൻ ബ്രാൻഡ് ഇന്ന് നിരത്തിലെത്തിക്കുന്ന എല്ലാ മോഡലുകളും വൻ ഹിറ്റാണ്. ഥാറിന്റെ രണ്ടാം തലമുറ ആവർത്തനം മുതൽ തുടങ്ങിയ വാഹനങ്ങളുടെ വരവ് കമ്പനിയുടെ പ്രതിഛായ തന്നെ മാറ്റിമറിച്ചുവെന്നു വേണം പറയാൻ. XUV700, XUV400, സ്കോർപിയോ N, ബൊലേറോ നിയോ പോലുള്ള വാഹനങ്ങൾക്ക് വിപണിയിൽ നിന്നും മികച്ച സ്വീകാര്യതയാണുണ്ടായിരിക്കുന്നത്.


Click it and Unblock the Notifications








