ആൾട്ടോ K10 ടാക്‌സിയുമാക്കാം, കുറഞ്ഞ വിലയിൽ ടൂർ H1 വേരിയന്റുമായി മാരുതി
സാധാരണക്കാരുടെ ജനപ്രിയ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. ജനങ്ങളുടെ പൾസറിഞ്ഞ് വണ്ടിയിറക്കുന്ന മാരുതിയുടെ തന്ത്രങ്ങളൊന്നും ഇതുവരെ ഒരു കമ്പനിക്കും മനസിലാക്കാനോ പിന്തുടരാനോ സാധിച്ചിട്ടില്ലെന്നതാണ് സത്യം. താങ്ങാനാവുന്ന വില, മികച്ച ഡിസൈൻ, കുറഞ്ഞ മെയിന്റനെൻസ്, വലിയ മോഡൽ നിര എന്നീ ഘടകങ്ങളൊക്കെയാണ് മാരുതിയുടെ വിജയം.
അടുത്തിടെ വിപണിയിലെത്തി ചെറുകാർ വിഭാഗത്തിൽ വിപ്ലവം തീർത്ത ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ പുതിയൊരു ടാക്‌സി വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്. ജിംനി എസ്‌യുവിയുടെ വില പ്രഖ്യാപനത്തിന് പിന്നാലെ എൻട്രി ലെവൽ മോഡലിന്റെ ടൂർ H1 വേരിയന്റുമായാണ് കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ഒരു ടാക്‌സി കാർ വാങ്ങിയോടിക്കാൻ താത്പര്യമുള്ളവർക്ക് അനുയോജ്യമായ വാഹനമാണ് ഈ കൊച്ചുവണ്ടി.

ബെംഗളൂരു പോലുള്ള വലിയ മെട്രോ നഗരങ്ങളിൽ ഊബർ, ഓല, ക്യാബുകളായി ആൾട്ടോ ടൂർ H1 വേരിയന്റിന് തിളങ്ങാനാവുമെന്ന് ഉറപ്പ്. വാണിജ്യ വിഭാഗത്തിനായുള്ള മാരുതിയുടെ ടൂർ ശ്രേണി വിപുലീകരിക്കാനും പുത്തൻ കാറിലൂടെ കമ്പനിക്കായി. ഇപ്പോൾ ഹാച്ച്ബാക്ക്, സെഡാൻ, എംപിവി എന്നീ വ്യത്യസ്‌ത ബോഡി ശൈലിയും മാരുതി ടൂർ നിര സ്വന്തമാക്കാം. ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എൻട്രിലെവൽ വാണിജ്യ ഹാച്ചാബാക്ക് കാറായാണ് കമ്പനി പുതിയ കാറിനെ വിപണനം ചെയ്യുന്നതും.
കാണുന്നതു പോലെ തന്നെ കഴിഞ്ഞ വർഷം അവതരിപ്പിച്ച പുതുതലമുറ ആൾട്ടോ K10 അടിസ്ഥാനമാക്കിയാണ് പുതിയ ടൂർ H1 മോഡലും ഒരുങ്ങിയിരിക്കുന്നത്. മെറ്റാലിക് സിൽക്കി സിൽവർ, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, ആർട്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ കുഞ്ഞൻ കാർ വിപണിയിൽ എത്തുന്നത്. രണ്ട് വേരിയന്റുകളിൽ എത്തുന്നത്. അതിൽ ആദ്യത്തെ ടൂർ H1 1.0 ലിറ്റർ 5-സ്പീഡ് മാനുവൽ വേരിയന്റിന് 4,80,500 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം രണ്ടാമത്തെ ടൂർ H1 സിഎൻജി 1.0 ലിറ്റർ 5-സ്പീഡ് മാനുവൽ വേരിയന്റിന് 5,70,500 രൂപയാണ് എക്സ്ഷോറൂം വിലയാണ് മുടക്കേണ്ടി വരുന്നത്. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം പെട്രോൾ എഞ്ചിൻ പതിപ്പിന് 66.6 bhp കരുത്തിൽ ഏതാണ്ട് 89 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം സിഎൻജി ഇന്ധനത്തിൽ ഓടുമ്പോൾ കാറിന് 56.6 bhp പവറിൽ 82.1 Nm torque ആണ് വികസിപ്പിക്കാനാവുക.
ആൾട്ടോ K10 ടൂർ H1 വേരിയന്റിന് പെട്രോളിൽ ന് 24.60 കിലോമീറ്ററും സിഎൻജി പതിപ്പിന് കിലോയ്ക്ക് 34.46 കിലോമീറ്ററുമാണ് മൈലേജ് ലഭിക്കുന്നത്. ഇത്രയും മൈലേജ് നൽകുന്ന മറ്റൊരു കൊമേഴ്‌സ്യൽ ഹാച്ച്ബാക്ക് ഇന്ത്യയിലില്ലെന്നാണ് മാരുതി പറയുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും ആള് വേറെ ലെവലാണ്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പ്രീ-ടെൻഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ എന്നിവയാണ് പ്രധാന ഹൈലൈറ്റ്.

ഇതുകൂടാതെ ഫ്രണ്ട് ആൻഡ് റിയർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവയാണ് ആൾട്ടോ K10 ടൂർ H1 മോഡലിൽ ലഭ്യമായ മറ്റ് സേഫ്റ്റി ഫീച്ചറുകൾ. ടോപ് സ്പീഡ് മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തുന്ന ഒരു സ്പീഡ് ഗവർണറിൻ്റെ കാര്യവും എടുത്തു പറയേണ്ട ഒന്നാണ്.
പുതിയ മാരുതി സുസുക്കി ടൂർ H1 പുതിയ ആൾട്ടോ K10 അടിസ്ഥാനമാക്കിയുള്ളതിനാൽ അതേ ഡിസൈനും ക്യാബിനുമാണ് ഒരുക്കിയിരിക്കുന്നത്. പക്ഷേ ടാക്‌സി വേരിയന്റാണെന്ന് അറിയാനായി ബ്ലാക്ക് ബമ്പർ, ORVM-കൾ, ഡോർ ഹാൻഡിലുകൾ എന്നിവയുടെ രൂപത്തിൽ ചില കോസ്റ്റ് കട്ടിംഗ് കാറിന് ലഭിച്ചിട്ടുണ്ടെന്ന് പറയാം. ഇത് ഡിസൈനിലും പ്രകടമാവുന്നു. വീൽ കവറുകളില്ലാതെ സ്റ്റീൽ വീലിലാണ് വാണിജ്യ ആവശ്യത്തിനായുള്ള ഹാച്ച്ബാക്ക് നിരത്തിലെത്തുന്നത്.


Click it and Unblock the Notifications








